ലാസ് വേഗസ് (യുഎസ്): പ്രശസ്ത അമേരിക്കൻ ഫുട്ബാൾ താരവും ഹോളിവുഡ് നടനുമായിരുന്ന ഒ.ജെ.സിംപ്‌സൺ (76) അന്തരിച്ചു.അർബുദബാധയെ തുടർന്ന് ലാസ് വേഗസിൽ വച്ചായിരുന്നു അന്ത്യം. ഇരുപതാംനൂറ്റാണ്ട് കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ കൊലക്കുറ്റ വിചാരണ നേരിട്ട വ്യക്തി കൂടിയാണ് ഒ.ജെ.സിംപ്‌സൺ.ഭാര്യ നിക്കോൾ ബ്രൗൺ സിംപ്‌സണെയും അവരുടെ സുഹൃത്ത് റോൺ ഗോൾഡ്മാനെയും കുത്തിക്കൊലപ്പെടുത്തിയെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരായി ചുമത്തിയിരുന്നത്.
രാജ്യത്തെ തന്നെ പിടിച്ചുകുലുക്കിയ വിചാരണയ്‌ക്കൊടുവിൽ 1995ൽ സിംപ്‌സണെ കുറ്റവിമുക്തനായി. തുടർന്ന് 2007ൽ ലാസ് വേഗസിലെ പാലസ് സ്റ്റേഷൻ ഹോട്ടലിലും കസീനോയിലും നടത്തിയ ആക്രമണത്തിന്റെ പേരിൽ 2018ൽ വീണ്ടും ശിക്ഷിക്കപ്പെട്ടു. തോക്കുചൂണ്ടി കവർച്ച നടത്തിയെന്നായിരുന്നു കേസ്. 2017ൽ ജയിൽമോചിതനായി. സിംപ്‌സൺ ഭാര്യയുടെ കൊലപാതകത്തെക്കുറിച്ചു പറഞ്ഞത് ഇപ്രകാരം: ''ഞാൻ ഈ കുറ്റം ചെയ്തുവെന്നുതന്നെ വയ്ക്കുക. അങ്ങനെയാണെങ്കിൽ അതിനു കാരണം ഞാൻ അവളെ അത്രമേൽ സ്‌നേഹിച്ചുപോയി എന്നതാണല്ലോ’’ എന്നാണ്.