ഇറാനെതിരെ വീണ്ടും അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തി തുര്‍ക്കി. ഇസ്രയേല്‍, ഇറാനെ ആക്രമിച്ചതിനു പിന്നാലെയാണ് നാറ്റോ രാജ്യമായ തുര്‍ക്കി രൂക്ഷമായ പ്രതികരണം നടത്തിയത്. പശ്ചിമേഷ്യയില്‍ ഇസ്രയേലിന്റെ ഭീകരത അവസാനിപ്പിക്കേണ്ടത് ചരിത്രപരമായ ദൗത്യമാണെന്നാണ് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയത്.
ലോക സമാധാനത്തിനും സുരക്ഷയ്ക്കും അത് ആവശ്യമാണെന്നും തുര്‍ക്കി തുറന്നടിച്ചു. പതിവുപോലെ നെതന്യാഹുവിനെതിരെ അതിരൂക്ഷമായ പ്രതികരണമാണ് തുര്‍ക്കി പ്രസിഡന്റ് എര്‍ദഗോന്‍ നടത്തിയിരിക്കുന്നത്. ഈ ആക്രമണങ്ങളിലൂടെ ഇസ്രയേലിന് ഒരു നേട്ടവും ഉണ്ടാവില്ലെന്നാണ് എര്‍ദഗോന്‍ തുറന്നടിച്ചത്.
നേരത്തെ അറബ് രാജ്യങ്ങളുടെ കുട്ടായ്മ വേണമെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദഗോന്‍ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇസ്രയേലിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. നെതന്യാഹുവിനെയും സംഘത്തെയും കൊലയാളികള്‍ എന്നാണ് എര്‍ദഗോന്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവേ വിശേഷിപ്പിച്ചത്.
മറ്റു അറബ് രാജ്യങ്ങളേക്കാള്‍ വിഷയത്തില്‍ തീവ്ര നിലപാട് സ്വീകരിക്കുന്ന തുര്‍ക്കി യുദ്ധത്തിന്റെ ഭാഗമാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇസ്രയേലിന്റെ ആക്രമണം അവസാനിപ്പിക്കണം എന്നു തന്നെയാണ് തുര്‍ക്കി ആവശ്യപ്പെടുന്നത്. അത് ചരിത്രപരമാകുമെന്നും തുര്‍ക്കി കൂട്ടിച്ചേര്‍ക്കുന്നു.
ഇറാനു പിന്തുണയുമായി റഷ്യന്‍ പ്രസിഡന്റ് പുടിന്‍ നിലയുറപ്പിച്ചതിനു പിന്നാലെ എര്‍ദഗോനും ഇറാന്റെ പിന്നില്‍ പിന്തുണയുമായി നില്‍ക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. തുര്‍ക്കി ഇസ്രയേലിനെ ആക്രമിച്ചാലും അത്ഭുതപ്പെടേണ്ടതില്ലെന്നും വിലയിരുത്തലുണ്ട്.
അതിനിടെ, ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങളുടെ സഖ്യം രൂപീകരിച്ചിരിക്കുകയാണ്. സഖ്യത്തെ നയിക്കുന്നത് സൗദി അറേബ്യയാണ്. ഇസ്രയേല്‍, ഇറാനില്‍ ശനിയാഴ്ച പുലര്‍ച്ച നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് അറബ് രാജ്യങ്ങള്‍ ഒന്നിച്ചത്. രാജ്യങ്ങള്‍ ഇറാനു ശക്തമായ പിന്തുണയുമായി നിലയുറപ്പിച്ചിരിക്കുകയാണ്. സൗദി, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രയേല്‍ അതിക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. മേഖലയില്‍ സമാധാനം നിലനിര്‍ത്തണമെന്നും രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
സൗദി ഇസ്രയേലിന്റെ ആക്രമണത്തെ ശക്തമായി അപലപിച്ചു. ഇറാന്റെ പരാമാധികാരത്തിനു നേരെയുണ്ടായ കടന്നുകയറ്റമായാണ് ഇസ്രയേല്‍ ആക്രമണത്തെ സൗദി വിശേഷിപ്പിച്ചത്. ആക്രമണത്തില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും സംയമനം പാലിക്കണമെന്നും സൗദി ആവശ്യപ്പെട്ടു. ആക്രമണത്തില്‍ അതിശക്തമായ ആശങ്ക യുഎഇ രേഖപ്പെടുത്തി. ആക്രമണം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് മലേഷ്യ ആവശ്യപ്പെട്ടത്. ഇസ്രയേലിന്റെ പ്രവൃത്തികള്‍ പശ്ചിമേഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതിര്‍ത്തി സംഘര്‍ഷത്തിലേക്ക് ഇത് നയിക്കുമെന്നും മലേഷ്യ വ്യക്തമാക്കി.
സംഘര്‍ഷങ്ങളുടെ കാരണം കണ്ടെത്തി പരിഹരിക്കണമെന്നാണ് ഒമാന്‍ ലോക രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടത്. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ച്, സമാധാനം പുനസ്ഥാപിക്കാന്‍ ഇടപെടണമെന്ന് പാകിസ്ഥാന്‍ യുഎന്‍ സുരക്ഷാ സമിതിയോട് ആവശ്യപ്പെട്ടു. സിറിയ, ഇറാഖ്, ജോര്‍ജാന്‍, കുവൈറ്റ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും ഇസ്രയേലിന്റെ ആക്രമണത്തെ അപലപിച്ചു.
ഇസ്രയേല്‍ ആക്രമണത്തിന് തക്കതായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. തിരിച്ചടിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്നീം റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിന്റെ ഏത് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആക്രമണമുണ്ടായാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇസ്രായേലി സൈന്യം ഇറാന് മുന്നറിയിപ്പ് നല്‍കി. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ പരിമിതമായ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്നാണ് ഇറാന്‍ പറയുന്നത്. തങ്ങളുടെ രാജ്യത്തിനെതിരായ ഏത് നടപടിക്കും തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ നേരത്തെ ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഒക്ടോബര്‍ 1 ന് ഇസ്രായേലിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് മറുപടിയായാണ് ശനിയാഴ്ച ആക്രമണം ഉണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് തെഹ്റാന് സമീപം നിരവധി സ്ഫോടനങ്ങളുണ്ടായത്. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തായി ഇറാനിയന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു.
തെഹ്‌റാന്‍ കൂടാതെ, സമീപ നഗരമായ കറാജിലെ താമസക്കാരും സ്‌ഫോടനങ്ങള്‍ കേട്ടതായി മാധ്യമങ്ങളോട് പറഞ്ഞു. ഇമാം ഖൊമേനി ഇന്റര്‍നാഷണല്‍ വിമാനത്താവളം, മെഹ്‌റാബാദ് എയര്‍പോര്‍ട്ട്, തെഹ്‌റാന്റെ തെക്ക് ഭാഗത്തുള്ള എണ്ണ ശുദ്ധീകരണശാല തുടങ്ങിയ നിര്‍ണായക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ പോകുന്നുവെന്നാണ് ഇറാന്‍ അധികൃതര്‍ അറിയിച്ചത്.
സ്വയം പ്രതിരോധത്തിന്റെ ഭാഗമാണ് ആക്രമണമെന്നായിരുന്നു ഇസ്രായേലിന്റെ ന്യായീകരണം. ഐഡിഎഫ് വക്താവ് ഡാനിയേല്‍ ഹഗാരി ഇസ്രായേലി പൗരന്മാരോട് ജാഗ്രതയോടെ തുടരാന്‍ നിര്‍ദ്ദേശം നല്‍കി.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മറ്റ് ഉദ്യോഗസ്ഥരും ആക്രമണത്തിന് ശേഷമുള്ള സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി.