വാഷിംഗ്ടണ്‍: പുറംലോകവുമായി സംവദിക്കാനും ബന്ധം സ്ഥാപിക്കാനും നിലനിര്‍ത്താനും ഇന്ന് മനുഷ്യകുലം സമൂഹമാദ്ധ്യമങ്ങളെ വ്യാപകമായി ഉപയോഗിക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളും സൗജന്യമായി ഉപയോഗിക്കാനുള്ള സാഹചര്യം ഉള്ളത് കൊണ്ട് തന്നെ പലരും യഥേഷ്ടം വിഹരിക്കുന്നുണ്ട്.
എന്നാല്‍ ഇനിമുതല്‍ ലൈക്കടിക്കുമ്പോഴും ഷെയര്‍ ചെയ്യുമ്പോഴുമൊക്കെ പണം നല്‍കേണ്ടി വരുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്.സമൂഹ മാദ്ധ്യമ പ്ലാറ്റ്ഫോമായ എക്സില്‍ സേവനങ്ങള്‍ക്ക് പണം ഈടാക്കാനുള്ള പദ്ധതിയുമായി ഇലോണ്‍ മസ്‌ക് മുന്നോട്ടുപോകുന്നുവെന്നാണ് പറയുന്നത്. പുതിയതായി അക്കൗണ്ട് തുടങ്ങുന്നവരില്‍ നിന്ന് പണം ഈടാക്കാന്‍ കമ്പനി ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇലോണ്‍ മസ്‌ക് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ബോട്ടുകളും വ്യാജ അക്കൗണ്ടുകള്‍ തടയുന്നതിനും അതുവഴി എക്സിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനുമാണ് പണം ഈടാക്കുന്നത്. ചെറിയ രീതിയില്‍ പണം ഈടാക്കിത്തുടങ്ങിയാല്‍ വ്യാജന്മാര്‍ പിന്നെ ഈ വഴിക്ക് വരില്ലെന്നാണ് മസ്‌ക് കണക്കുകൂട്ടുന്നത്. എക്സില്‍ പോസ്റ്റ് ചെയ്യുന്നതിനും ലൈക്ക്, റിപ്ലൈ എന്നിവയ്ക്കുമായിരിക്കും പണം കൊടുക്കേണ്ടിവരിക.
അതേസമയം പുതിയ അക്കൗണ്ടുകളില്‍ നിന്ന് മറ്റു പ്രൊഫൈലുകള്‍ തിരയുന്നതിനോ മറ്റുള്ളവരെ ഫോളോ ചെയ്യുന്നതിനോ അവരുടെ പോസ്റ്റ് വായിക്കുന്നതിനോ പണം കൊടുക്കേണ്ടതില്ല. എന്നുമുതല്‍ പുതിയ സംവിധാനം തുടങ്ങാനാകുമെന്നതിനെക്കുറിച്ചും എത്ര പണം ഈടാക്കാം എന്നത് സംബന്ധിച്ചൊന്നും മസ്‌ക് വ്യക്തമാക്കുന്നില്ല.
അതേസമയം ന്യൂസിലാന്‍ഡ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങില്‍ പരിക്ഷണാടിസ്ഥാനത്തില്‍ ഇത്തരത്തില്‍ പണം ഈടാക്കുന്നുണ്ട്. ഇങ്ങനെ പണം ഈടാക്കിയിട്ടും വ്യാജന്മാരെ എത്രകണ്ട് തുരത്താനായി എന്നത് സംബന്ധിച്ചൊന്നും വ്യക്തമായ റിപ്പോര്‍ട്ടുകളില്ല. ന്യൂസിലന്‍ഡില്‍ 1.75 ഡോളറാണ് ഈടാക്കിയിരുന്നത്. യുഎസില്‍ ഇത് അവതരിപ്പിക്കപ്പെട്ടാല്‍ 1 യുഎസ് ഡോളര്‍ ആയിരിക്കും നിരക്ക് എന്നാണ് കരുതുന്നത്. അതേസമയം വ്യാജ അക്കൗണ്ടുകളെ കണ്ടെത്തി തുരത്താന്‍ ഈ മാസം ആദ്യം എക്സിന്റെ കീഴില്‍ വന്‍ ദൗത്യം അരങ്ങേറിയിരുന്നു. ഇതിന്റെ ഫലമായി പല ആളുകള്‍ക്കും ഫോളോവേഴ്സിന്റെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. ഇങ്ങനെ കുറഞ്ഞതൊക്കെ വ്യാജ അക്കൗണ്ടുകളായിരുന്നു.
ഈ തന്ത്രത്തില്‍ മസ്‌കിന് വിജയിക്കാനായാല്‍ ഫേസ്ബുക്കും സമാന ആശയം നടപ്പാക്കുമെന്നാണ് വിവരം. നിലവില്‍ വളരെ ഈസിയായി ഉപയോഗിക്കാമെന്നതിനാല്‍ ഫേസ്ബുക്കിന് ഉപയോക്താക്കള്‍ കൂടുതലാണ്. പണം ഈടാക്കിത്തുടങ്ങിയാല്‍ നിരധി പേരെ ഇതില്‍ നിന്ന് പിന്തിരിയാന്‍ കാരണമാക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.