ന്യൂയോർക്ക: സ്‌പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്കിനെതിരെ വീണ്ടും ലൈംഗികാരോപണം.കമ്പനിയിലെ ഒരു ഇന്റേൺ ഉൾപ്പടെ ജീവനക്കാരികളുമായി ഇലോൺ മസ്‌ക് ലൈംഗികബന്ധത്തിൽ ഏർപെട്ടിരുന്നു എന്നും മറ്റൊരു ജീവനക്കാരിയോട് തന്റെ കുട്ടികളെ പ്രസവിക്കാൻ മസ്‌ക് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പരാതി.കമ്പനിയിലെ എട്ട് വനിതാ ജീവനക്കാർ മസ്‌കിനെതിരെ യുഎസ് കോടതയിൽ പരാതി നൽകിയിരിക്കുകയാണ്.ഇത്തരം ദുഃസ്സഹമായ പെരുമാറ്റത്തിലൂടെ മസ്‌ക് തന്റെ കമ്പനി വനിതകൾക്ക് ജോലി ചെയ്യാൻ പറ്റാത്ത ഇടമാക്കി മാറ്റിയെന്നാണ് പരാതിയിൽ പറയുന്നത്.
മസ്‌കിനെതിരെ ഇതാദ്യമായല്ല ഗുരുതര ആരോപണങ്ങൾ ഉയരുന്നത്.ഇതിമുമ്പ് കമ്പനിയുടെ ബോർഡ് അംഗങ്ങളുമായി പ്രവർത്തിക്കുമ്പോൾ എൽ.എസ്.ഡി, കൊക്കെയ്ൻ, മഷ്‌റൂം, കെറ്റമൈൻ എന്നിവ ഉപയോഗിക്കാറുണ്ടെന്ന് മസ്‌കിനെതിരെ ആരോപണം ഉയർന്നിരുന്നു.മസ്‌കിന്റെ തൊഴിലിടത്തിൽ സ്ത്രീകൾക്ക് ജോലി ചെയ്യാൻ പറ്റുന്ന അന്തരീക്ഷമായിരുന്നില്ലെന്നാണ് പ്രധാന ആരോപണം.തൊഴിലിടത്തിൽ സെക്‌സിസ്റ്റ് സംസ്‌കാരം കൊണ്ടുവരാനാണ് മസ്‌ക് ഉദ്ദേശിച്ചത്. ലൈംഗിക ധ്വനിയുള്ള പരാമർശങ്ങളും മറ്റ് കാര്യങ്ങളും വനിത ജീവനക്കാർ സഹിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നതാണ് പതിവ്.
2016ൽ താനുമായി ലൈംഗിക ബന്ധം പുലർത്തിയാൽ പകരം ഒരു കുതിരയെ സമ്മാനമായി നൽകാമെന്ന് മസ്‌ക് വാഗ്ദാനം ചെയ്തതായി സ്‌പേസ് എക്‌സ് ഫ്‌ളൈറ്റ് അറ്റന്റന്റ് ആരോപിച്ചിരുന്നു. നിരവധി തവണ മസ്‌കിന്റെ കുഞ്ഞുങ്ങളെ പ്രസവിക്കാൻ തന്നോട് ആവശ്യപ്പെട്ടതായി കാണിച്ച് 2013ൽ സ്‌പേസ് എക്‌സിലെ മറ്റൊരു വനിത ജീവനക്കാരിയും പരാതിപ്പെട്ടിരുന്നു. പിന്നീടവർ കമ്പനിയിൽ നിന്ന് രാജിവക്കുകയായിരുന്നു. അതെസമയം നിലവിൽ 10 കുട്ടികളെങ്കിലുമുണ്ട് മസ്‌കിന്. ലോകം ജനസംഖ്യ പ്രതിസന്ധി നേരിടുന്നതിന് പരിഹാരമായാണ് താൻ മുന്നോട്ട് വന്നിരിക്കുന്നത് എന്നാണ് മസ്‌കിന്റെ ന്യായീകരണം.
രാത്രികാലങ്ങളിൽ മസ്‌കിന്റെ വീട്ടിലുറങ്ങാൻ നിരവധി തവണ ക്ഷണം ലഭിച്ച കാര്യം മറ്റൊരു വനിത ജീവനക്കാരിയും വെളിപ്പെടുത്തി.അതിന്റെ ടെക്സ്റ്റ് മെസേജുകളും അവർ പുറത്തുവിട്ടിരുന്നു. എന്നാൽ സന്ദേശങ്ങൾക്ക് പിറ്റേ ദിവസം യുവതി മറുപടി നൽകുകയും ചെയ്തു. താൻ ഉറങ്ങിപ്പോയതിനാൽ മസ്‌കിന്റെ സന്ദേശം കണ്ടില്ലെന്നുമായിരുന്നു അവരുടെ മറുപടി. അതേസമയം ഈ ആരോപണങ്ങളെല്ലാം അവാസ്തവമാണെന്നായിരുന്നു സ്‌പേസ് എക്‌സിന്റെയും മസ്‌കിന്റെയും അഭിഭാഷകരുടെ വാദം. തങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മനുഷ്യനാണ് ഇലോൺ മസ്‌കെന്നും അഭിഭാഷകർ പറയുന്നു.