ട്രംപിന്റെ സമാധാന ദൂതനായി ഇലോൺ മസ്ക് ; രണ്ടാമൂഴത്തിൽ ബിസിനസുകാരന്റെ കൂര്‍മ ബുദ്ധി പ്രയോഗിച്ച് ട്രംപ്

ഹമാസിനും അവര്‍ക്കൊപ്പം നില്‍ക്കുന്ന ഹിസ്ബുള്ളയ്ക്കും ഇറാനുമെതിരെ എന്തുനിലപാട് സ്വീകരിക്കും? അമേരിക്കയില്‍ ട്രംപ് അധികാരം ഉറപ്പിച്ചതിനു പിന്നാലെ ലോകം ചര്‍ച്ച ചെയുന്നത് ഇതാണ്.കര്‍ശന നിലപാടുമായി മുന്നോട്ടുപോകുമെന്നായിരുന്നു വിലയിരുത്തല്‍.

author-image
Rajesh T L
New Update
peace

ഹമാസിനും അവര്‍ക്കൊപ്പം നില്‍ക്കുന്ന ഹിസ്ബുള്ളയ്ക്കും ഇറാനുമെതിരെ എന്തുനിലപാട് സ്വീകരിക്കും? അമേരിക്കയില്‍ ട്രംപ് അധികാരം ഉറപ്പിച്ചതിനു പിന്നാലെ ലോകം ചര്‍ച്ച  ചെയുന്നത്  ഇതാണ്. കര്‍ശന നിലപാടുമായി മുന്നോട്ടുപോകുമെന്നായിരുന്നു വിലയിരുത്തല്‍.എന്നാല്‍,ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ചുകൊണ്ട് ട്രംപ് നിലപാട് മാറ്റുകയാണ് ചെയ്തത്.

രാഷ്ട്രീയക്കാരനിലുപരി,ട്രംപിലെ ബിസിനസുകാരന്റെ കൂര്‍മ ബുദ്ധിയാണ് രണ്ടാമൂഴത്തില്‍ ട്രംപിനെ മുന്നോട്ട് നയിക്കുന്നതെന്ന് ഏറെക്കുറെ വ്യക്തമായി കഴിഞ്ഞു.ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താന്‍ ഏറ്റവുമധികം പണം ചെലവിട്ടതും പ്രവര്‍ത്തിച്ചതും എക്സ് സി.ഇ.ഒ ഇലോണ്‍ മസ്‌കാണ്. ലോകം മൊത്തം വ്യാപിച്ച് കിടക്കുന്ന നിരവധി ബിസിനസ്സ് സാമ്രാജ്യങ്ങളുടെ ഉടമയാണ് മസ്‌ക്. അതു പോലെ തന്നെ, ഡൊണാള്‍ഡ് ട്രംപും ലോകത്തെ അറിയപ്പെടുന്ന ഒന്നാം നമ്പര്‍ ബിസിനസ്സുകാരനാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും, ഇലോണ്‍ മസ്‌കിനെ പോലെ, പശ്ചിമേഷ്യയില്‍ വലിയ ബിസിനസ്സ് സ്ഥാപനങ്ങളുണ്ട്.

ഒരു യുദ്ധം പൊട്ടിപുറപ്പെട്ടാല്‍ അത് അമേരിക്കയ്ക്ക് മാത്രമല്ല വ്യക്തിപരമായി തങ്ങള്‍ക്കും വലിയ നഷ്ടമുണ്ടാക്കുമെന്ന് തിരിച്ചറിയുന്ന ട്രംപും മസ്‌കും യുക്രെയ്ന്‍ റഷ്യ-യുദ്ധം മാത്രമല്ല ഇറാനും അവരുടെ ഗ്രൂപ്പുകളുമായുള്ള ഇസ്രയേലിന്റെ സംഘര്‍ഷവും അവസാനിപ്പിക്കാനുള്ള നീക്കമാണിപ്പോള്‍ നടത്തുന്നത്.

ഇതിന്റെ ഭാഗമായാണ് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി, ആദ്യഘഘട്ട സംഭാഷണം നടന്നിരിക്കുന്നത്. ഈ ചര്‍ച്ചയില്‍ ട്രംപിന് പുറമെ മസ്‌കും പങ്കെടുത്തിട്ടുണ്ട്. താന്‍ അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍, റഷ്യ - യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുമെന്നതാണ്, ട്രംപിന്റെ പ്രഖ്യാപനം.യുക്രെയ്ന് ആയുധങ്ങളും പണവും നല്‍കുന്നത് നിര്‍ത്തണമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ആവശ്യപ്പെട്ട ട്രംപിന്റെ പുതിയ നീക്കം, വലിയ തിരിച്ചടിയാണ് ഉക്രെയ്ന് ഉണ്ടാക്കിയിരിക്കുന്നത്.

അങ്ങനെ സംഭവിച്ചാല്‍ അതോടെ ഉക്രെയ്ന് ഒരു നിമിഷം പോലും പിടിച്ചു നില്‍ക്കാന്‍ കഴിയില്ലന്നു മാത്രമല്ല, അമേരിക്ക എതിരായാല്‍, ജൂതനായ സെലന്‍സ്‌കിക്ക്, ഇസ്രയേലിന് പോലും അഭയം നല്‍കാന്‍ പറ്റാത്ത സാഹചര്യവും ഉണ്ടാകും. 

ഉക്രെയ്‌ന്റെ തന്ത്രപ്രധാനമായ സ്ഥലങ്ങള്‍, റഷ്യ പിടിച്ചെടുത്തിരിക്കുന്നു. റഷ്യ, പുതിയ ആണവ മിസൈല്‍ പരീക്ഷണം കൂടി നടത്തിയതോടെ, ഉക്രെയ്‌നിലേക്ക് ആയുധങ്ങള്‍ അയച്ചിരുന്ന മറ്റ് നാറ്റോ രാജ്യങ്ങളും വലിയ ആശങ്കയിലാണ്. അമേരിക്ക, ഉക്രെയ്‌നുള്ള സഹായം നിര്‍ത്തിയാല്‍ ആ നിമിഷം, മറ്റ് സഖ്യ രാജ്യങ്ങളും, ഉക്രെയ്‌നെ കൈവിടും.

കലിതുള്ളി നില്‍ക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ കൈ പിടിക്കാന്‍ ട്രംപ് ശ്രമിക്കുമ്പോള്‍, പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍, ട്രംപിന്റെ വലംകൈ ആയ ഇലോണ്‍ മസ്‌കും ഇപ്പോള്‍ രംഗത്തിറങ്ങി കഴിഞ്ഞിട്ടുണ്ട്.

ന്യൂയോര്‍ക്ക് ടൈംസ് പറയുന്നതനുസരിച്ച്, നവംബര്‍ 10 നാണ് കൂടിക്കാഴ്ച നടന്നിരിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള ''സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള'' ശ്രമമായാണ് ഈ കൂടിക്കാഴ്ചയെന്നാണ്, മസ്‌കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. ചര്‍ച്ചയെ 'പോസിറ്റീവായി നീക്കുമെന്നാണ്, ഇറാനിയന്‍ വൃത്തങ്ങള്‍ പ്രതികരിച്ചതെന്നും, ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തന്റെ ആദ്യ ഭരണകാലത്താണ്, ട്രംപ് 2015 ലെ ഇറാന്‍ ആണവ കരാര്‍ വലിച്ചുകീറുകയും, ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നത്. 2020 ജനുവരിയില്‍, ഇറാഖില്‍ ഒരു ഡ്രോണ്‍ ആക്രമണത്തിനും അദ്ദേഹം ഉത്തരവിട്ടു. ഈ ആക്രമണത്തിലൂടെയാണ്, ഇറാന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ ആയിരുന്ന ഖാസിം സുലൈമാനിയെ വധിച്ചത്. മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ, ഇറാന്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഈ പ്രതികാരം.

ഖാസിം സുലൈമാനിയെ അമേരിക്ക കൊലപ്പെടുത്തിയതോടെ ഇറാന്‍- അമേരിക്ക ബന്ധം കൂടുതല്‍ വഷളായി. ട്രംപ് ഉള്‍പ്പെടെ, ഖാസിം സുലൈമാനിയെ വധിക്കാന്‍ പ്രതൃക്ഷമായും പരോക്ഷമായും ഇടപെട്ട എല്ലാ ഉദ്യോഗസ്ഥരെയും, വധിക്കാന്‍ ഇറാന്‍ ചാവേറുകളെ ഇറക്കിയതായി സി.ഐ.എ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ്, ട്രംപിന് നേരെ, നിരവധി വധശ്രമങ്ങള്‍ ഉണ്ടായത്.

ട്രംപിന്റെ ആദ്യ ഭരണകാലത്തെ ഇറാനല്ല, ഇപ്പോള്‍ ഉള്ളതെന്ന നല്ല ബോധ്യം, ട്രംപിനും മസ്‌കിനും ഉണ്ട്. റഷ്യ, ഉത്തര കൊറിയ, ഇറാന്‍ സഖ്യം, സാമ്പത്തിക മേഖലയില്‍ മാത്രമല്ല, സൈനിക മേഖലയിലും വളരെ ശക്തമായി രൂപപ്പെട്ടത് അടുത്തയിടെയാണ്. ചൈനയും, ഇറാനുമായി ഏറ്റവും ശക്തമായ ബന്ധമാണ് നിലനിര്‍ത്തി പോരുന്നത്. ഇതിനു പുറമെ, 57  അറബ്  ഇസ്ലാമിക് രാജ്യങ്ങളും, ഇറാന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനും സൗദിയും എന്നും പരസ്പരം പോരടിക്കണമെന്ന, അമേരിക്കന്‍ അജണ്ട പൊളിച്ച് കൊടുത്തത് ചൈനയാണ്. സൗദി സൈനിക മേധാവി ഇറാനില്‍ എത്തി കൂടിക്കാഴ്ച നടത്തിയതും, അമേരിക്കയെ ശരിക്കും അമ്പരപ്പിച്ചിട്ടുണ്ട്.

അധികാരമേല്‍ക്കാന്‍ പോകുന്ന ട്രംപ് നിരവധി വാഗ്ദ്ധാനങ്ങളാണ്  മുന്നോട്ട് വച്ചിരിക്കുന്നത്. അതില്‍ പ്രധാനമായും പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന യുദ്ധങ്ങളെ അവസാനിപ്പിക്കാനുള്ള നീക്കമാണ്.കാരണം അദ്ദേഹം തിരഞ്ഞെടുപ്പിനെ  മുൻപ് മുന്നോട്ടു  വെച്ച' പ്രധാന ആശയമാണ് താന്‍ അധികാരത്തില്‍ വന്നാല്‍ യുദ്ധങ്ങള്‍ അവസാനിപ്പിക്കും എന്നത്. അത് നൂറ് ശതമാനം പാലിക്കുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.അതില്‍ കൂട്ടാളിയായി ട്രംപിന്റെ ഉറ്റ സുഹൃത്ത് ഇലോണ്‍ മസ്‌കിനെ  സമാധാന ദൂതനായി പലയിടത്തും അയച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.

യുഎസ് ക്യാബിനെറ്റിലേക്കും ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്കിനെ നിയോഗിച്ചതും വലിയ വാര്‍ത്തയായിരുന്നു. ട്രംപ് ക്യാബിനെറ്റിലെ സുപ്രധാന ചുമതല ഇലോണ്‍ മസ്‌കിന് നല്‍കുകയും  ചെയ്തു. ഇനി അടുത്ത നാല് വര്‍ഷം ഗവ.എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റ് മസ്‌ക് നയിക്കും.രണ്ടാമൂഴത്തില്‍ ട്രംപിന്റെ തുറുപ്പു ചീട്ട് മസ്‌ക് ആയിരിക്കുമെന്ന് വ്യക്തമാണ്.

donald trump elonmusk