കെയ്റോ: ഇസ്രയേൽ-ഹമാസ് യുദ്ധം തുടരവേ ഗാസയിൽ 2 ദിവസത്തെ വെടിനിർത്തൽ എന്ന നിർദേശം മുന്നോട്ട് വച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി. ബന്ദികളെ വിട്ടയയ്ക്കുന്നതും പൂർണ വെടിനിർത്തലിന് വഴിയൊരുക്കുന്നതുമായ നിർദേശമാണ് അൽസീസി മുന്നോട്ടുവച്ചത്. ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളിലാണ് അൽസീസി സർക്കാർ.
‘‘2 ദിവസത്തെ വെടിനിർത്തൽ നിർദേശമാണു മുന്നോട്ട് വച്ചിരിക്കുന്നത്. ഹമാസിന്റെ പക്കലുള്ള 4 ഇസ്രായേലി ബന്ദികളെ പലസ്തീൻ തടവുകാർക്ക് പകരമായി കൈമാറും. തുടർന്ന്, പൂർണ വെടിനിർത്തലും ഗാസയിലേക്ക് സഹായവും ലക്ഷ്യമിട്ട് 10 ദിവസത്തിനുള്ളിൽ കൂടുതൽ ചർച്ചകൾ നടത്തും’’– കെയ്റോയിൽ അൾജീരിയൻ പ്രസിഡന്റ് അബ്ദെല്‍മദ്ജിദ് ടെബൗണിനോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അൽസീസി പറഞ്ഞു. താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നു 10 ദിവസത്തിനുള്ളിൽ സ്ഥിരമായ വെടിനിർത്തൽ കരാറിലെത്തുന്നതിനായി ചർച്ചകൾ പുനഃരാരംഭിക്കണമെന്നും അൽസീസി വ്യക്തമാക്കി.
അൽസീസിയുടെ നിർദേശത്തോട് ഇസ്രയേലോ ഹമാസോ പ്രതികരിച്ചിട്ടില്ല. എന്നാൽ നിർദേശങ്ങൾ ഹമാസ് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു പലസ്തീനീയൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പ്രതികരിച്ചു. എന്നാൽ ഏത് കരാറും യുദ്ധം അവസാനിപ്പിക്കുകയും ഇസ്രയേൽ സൈന്യത്തെ ഗാസയിൽനിന്ന് പുറത്താക്കുകയും ചെയ്യുന്നതായിരിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.