വാഷിംഗ്ടൺ: ജോ ബൈഡൻ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റെന്ന് മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ്. രാജ്യത്തെ തകർക്കുന്നതിന് വേണ്ട എല്ലാക്കാര്യങ്ങളും അദ്ദേഹം ചെയ്തു. രാജ്യസുരക്ഷയിൽ ഉൾപ്പെടെ വിട്ടുവീഴ്ച ഉണ്ടായി. ഊർജ്ജ മേഖലയിലും, അന്താരാഷ്‌ട്ര തലത്തിലെ ബന്ധങ്ങളിലും, തെക്കൻ അതിർത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്തു. ബൈഡന്റെ ശാരീരിക-മാനസിക ആരോഗ്യത്തെക്കുറിച്ച് അദ്ദേഹത്തിന് ചുറ്റമുള്ളവരെല്ലാം നമ്മോട് കള്ളം പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.
അഴിമതിക്കാരായ ഡെമോക്രാറ്റുകൾ ബൈഡനെ പാതിവഴിയിൽ വലിച്ചെറിഞ്ഞുവെന്നും അദ്ദേഹം പരിഹാസിച്ചു.പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്ന ബൈഡന്റെ പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെയാണ് ട്രംപിന്റെ പരിഹാസം.തന്നോടൊപ്പം നടന്ന ആദ്യഘട്ട സംവാദത്തിൽ തന്നെ ബൈഡന് അടിപതറിയതായും ട്രംപ് പറഞ്ഞു.
അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്ക് കമല ഹാരിസിന്റെ പേര് നിർദേശിച്ച ബൈഡന്റെ നീക്കത്തേയും ട്രംപ് പരിഹസിച്ചു.കമല ഹാരിസ് ഒരിക്കലും സ്ഥാനാർത്ഥി ആയിരിക്കില്ലെന്നും, അവരെ പരാജയപ്പെടുത്താൻ വളരെ എളുപ്പമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ തന്നെ ബൈഡന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചുള്ള എതിർപ്പ് രൂക്ഷമായിരുന്നു. മുൻ പ്രസിഡന്റ് ബരാക് ഒബാമ, മുൻ സ്പീക്കർ നാൻസി പെലോസി, സെനറ്റ് നേതാവ് ചക് ഷുമർ എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ബൈഡനെ വീണ്ടും സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിനെതിരെ നിലപാട് എടുത്തു,
അടുത്ത മാസം ഷിക്കാഗോയിൽ നടക്കുന്ന ഡെമോക്രാറ്റ് നാഷണൽ കൺവെൻഷനിലാണ് പാർട്ടി സ്ഥാനാർത്ഥിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. നിലവിൽ കമല ഹാരിസിനാണ് മുൻതൂക്കമുള്ളത്. സെനറ്റർ മാർക് കെല്ലി, കെന്റക്കി ഗവർണറായ ആൻഡി ബിഷർ, നോർത്ത് കരോലിന ഗവർണറായ റോയ് കൂപ്പർ എന്നിവരുടെ പേരുകളും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.