ഭയന്നത് തന്നെ സംഭവിച്ചു. ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളായി. കാനഡയില്‍ ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ്‌സിങ് നിജ്ജാറിന്റെ വധത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായത്. കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് വര്‍മയ്ക്കും മറ്റ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന കാനഡയുടെ ആരോപണങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. ഔപചാരികവും അല്ലാത്തതുമായ ചര്‍ച്ചകളിലൂടെ ബന്ധം കൂടുതല്‍ മോശമാകാതിരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രദ്ധിച്ചുവരികയായിരുന്നു.
ഏറ്റവും ഒടുവില്‍ കനേഡിയന്‍ നേതൃത്വം നടത്തിയ പരാമര്‍ശങ്ങളാണ് പ്രശ്‌നം വീണ്ടും തീവ്രമാക്കിയത്. കാനഡയുടെ നിലപാട് ഇന്ത്യയ്ക്ക് തീര്‍ത്തും സ്വീകാര്യമല്ലാത്തതായിരുന്നു. അതുകൊണ്ടാണ്, ഇന്ത്യന്‍ വിദേശമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന ശക്തമായ ഭാഷയിലായതും. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പ്രസ്താവനയില്‍ പേരെടുത്തു വിമര്‍ശിക്കുന്നു. സാധാരണ വിദേശഭരണകൂടങ്ങളുടെ നടപടികളെയും തീരുമാനങ്ങളെയും വിമര്‍ശിക്കുമ്പോഴും ഭരണാധികാരികളെ പേരെടുത്തു പറയാറില്ല.
വിഷയത്തില്‍ ഇന്ത്യ ഉറച്ച നിലപാടുമായി മുന്നോട്ടുപോകുകയാണ് എന്ന സൂചന നല്‍കുന്നതായിരുന്നു ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ്. ഒക്ടോബര്‍ പത്തൊമ്പതിനകം നയതന്ത്ര ഉദ്യോഗസ്ഥരായ ആറു പേരും രാജ്യം വിടണമെന്നാണ് ഉത്തരവ്.
കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് വര്‍മയ്ക്ക് നേരെ നിജ്ജര്‍ വധത്തിന്റെ പേരില്‍ കാനഡ ആരോപണമുയര്‍ത്തിയതാണ് ശക്തമായ പ്രതികരണത്തിന് ഇന്ത്യയെ പ്രേരിപ്പിച്ചത്. കുടിയേറ്റനയത്തെ അനുകൂലിക്കുന്നവരാണ് ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി. സിഖുകാരുടെ പിന്തുണ പാര്‍ട്ടിക്ക് ആവശ്യമാണ്. പ്രത്യേകിച്ചും ജഗ്മിത് സിങ് നയിക്കുന്ന, 24 അംഗങ്ങളുള്ള ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി സെപ്റ്റംബര്‍ ആദ്യം പിന്തുണ പിന്‍വലിച്ചിരിക്കുകയും തുടര്‍ന്ന് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തില്‍.
ബന്ധങ്ങള്‍ വഷളാകുന്നതോടെ ഇന്ത്യയില്‍ പൊതുവേ പരക്കുന്ന ആശങ്ക കുടിയേറ്റം, വിസ, യാത്രാ സൗകര്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചാണ്. കഴിഞ്ഞ വര്‍ഷം നാല്‍പതോളം ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും മടക്കിവിളിച്ചപ്പോള്‍ വീസ നടപടികള്‍ മന്ദഗതിയിലായിരുന്നു. വീസ അനുവദിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുമോയെന്ന ആശങ്കയുമുണ്ട്.
നിലവില്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം കുടിയേറുന്ന രാജ്യങ്ങളില്‍ ഒന്നാണ് കാനഡ. അതിനാല്‍, ഈ പ്രശ്നങ്ങള്‍ക്ക് വേഗം തന്നെ ഒരു പരിഹാരം കാണേണ്ടതുണ്ട്. ഇന്ത്യയുടെ പതിനെട്ടാമത്തെ വലിയ വിദേശ നിക്ഷേപ രാജ്യം കാനഡയാണ്. 3306 മില്യണ്‍ ഡോളറാണ് നിക്ഷേപമായി കഴിഞ്ഞ ഇരുപത്തി മൂന്നു കൊല്ലത്തില്‍ കാനഡയില്‍ നിന്ന് ലഭിച്ചത്.
കഴിഞ്ഞ കൊല്ലം ഇന്ത്യയുടെ ഒന്‍പതാമത്തെ വലിയ കച്ചവട പങ്കാളിയാണ് കാനഡ. അറുനൂറോളം കനേഡിയന്‍ കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏകദേശം ആയിരത്തോളം കനേഡിയന്‍ കമ്പനികള്‍ക്ക് ഇന്ത്യന്‍ കമ്പോളത്തില്‍ ബിസിനസ്സ് ഉണ്ട്. ഇന്ത്യയില്‍ നിന്ന് മരുന്നുകള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍ തുണികള്‍ എന്നിവ കാനഡയിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ അവിടെ നിന്ന് ടിംബര്‍, പേപ്പര്‍, മൈനിങ് പ്രൊഡക്ടുകള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നു.
നിലവിലെ പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഈ വ്യാപാര ബന്ധത്തെ ബാധിക്കില്ലെന്നാണ് ഇന്ത്യ കണക്ക് കൂട്ടുന്നത്. ബന്ധം വഷളാകുന്നത് കാനഡയ്ക്കും ഗുണകരമല്ല. ഇപ്പോള്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കാനഡയിലുള്ള ഇന്ത്യക്കാരോടും അങ്ങോട്ട് യാത്ര ചെയ്യുന്നവരോടും ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കാനഡയിലേക്ക് ഏറ്റവും അധികം വിദ്യാര്‍ത്ഥികളെ എത്തിക്കുന്ന രാജ്യമാണ് ഇന്ത്യ. വിദേശ രാജ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 18 ലക്ഷം ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ഏകദേശം 28 ലക്ഷം ഇന്ത്യക്കാര്‍ ഇപ്പോള്‍ കാനഡയില്‍ താമസിക്കുന്നുണ്ട്.
അതിനിടെ, കുടിയേറ്റ നയങ്ങളില്‍ കാനഡ നടപ്പാക്കിയ മാറ്റം നിരവധി വിദേശവിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 70000-ഓളം വിദേശ വിദ്യാര്‍ഥികളാണ് കാനഡയില്‍ നിന്ന് പുറത്താക്കപ്പെടല്‍ ഭീഷണി നേരിടുന്നത്.
കനേഡിയന്‍ സര്‍ക്കാര്‍ സ്റ്റഡി പെര്‍മിറ്റ് പരിമിതപ്പെടുത്തിയതും സ്ഥിരതാമസത്തിനുള്ള അനുമതി വെട്ടിക്കുറച്ചതുമാണ് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായത്. അതിനൊപ്പമാണ് പുതിയ പ്രതിസന്ധി കൂടി വന്നിരിക്കുന്നത്.