ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മരിച്ച ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈയുടെയും വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ല ഹിയാന്റെയും മറ്റു സഹയാത്രികരുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെടുത്തു. മൃതദേഹങ്ങള്‍ കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ തബ്രിസ് നഗരത്തിലേക്ക് കൊണ്ടുപോയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖബറടക്കം നാളെ നടക്കും.
മൃതേദഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ആയത്തുല്ല അലി ഖുമേനി നേതാക്കള്‍ കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്ത് അഞ്ച് ദിവസത്തേക്ക് ദുഃഖാചരണവും അദ്ദേഹം പ്രഖ്യാപിച്ചു. കോപ്റ്ററിലുണ്ടായിരുന്ന എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും അവസാനിപ്പിച്ചതായി ഇസ്ലാമിക് റിപ്പബ്ലിക് റെഡ് ക്രെസന്റ് സൊസൈറ്റിയും അറിയിച്ചു.
മൃതദേഹങ്ങള്‍ തബ്രിസില്‍ എത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തും. തുടര്‍ന്ന് നാളെ അവിടെ വെച്ച് ഔദ്യോഗിക സംസ്‌കാര നടപടികള്‍ പൂര്‍ത്തീയാക്കും. പിന്നീട് രാജ്യ തലസ്ഥാനമായ ടെഹ്‌റാനിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വെക്കും. വിവിധ രാഷ്ട്ര നേതാക്കള്‍ ഉള്‍പ്പെടെ പ്രമുഖര്‍ റെയ്‌സിക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ഇവിടെ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ടെഹ്‌റാനില്‍ നിന്ന് മൃതദേഹങ്ങള്‍ പിന്നീട് റെയ്‌സിയുടെ ജന്മനാടായ മഷ്ഹദ് നഗരത്തിലേക്ക് മാറ്റിയേക്കുമെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. റെയ്‌സിയുടെ ജനിച്ചു വളര്‍ന്നതും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചതും ഈ നഗരത്തിലാണ്. ഇതിന് പുറമെ ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട മതകേന്ദ്രം കൂടിയാണ് മഷ്ഹദ് നഗരം. ഇവിടെയായിരിക്കും മൃതദേഹം ഖബറടക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.