കാഠ്മണ്ഡു: നേപ്പാളിലെ താനാഹുന്‍ ജില്ലയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 41 ആയി. മഹാരാഷ്ട്ര ടൂറിസം മന്ത്രി ഗിരീഷ് മഹാജനാണ് മരണവിവരം സ്ഥിരീകരിച്ചത്. അപകടത്തില്‍പ്പെട്ടവരുടെ കൃത്യമായ കണക്ക് ഇനിയും വ്യക്തമല്ലെന്നും കൂടുതല്‍ യാത്രക്കാരും മഹാരാഷ്ട്രയിലെ ജല്‍കാവ് ജില്ലയില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. 24 മൃതദേഹങ്ങള്‍ നാസിക്കിലേക്ക് കൊണ്ടുപോകുന്നതിനായി ഇന്ത്യന്‍ വ്യോമസേന പ്രത്യേക വിമാനം സജ്ജീകരിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.
നേപ്പാളിലെ തനാഹുന്‍ ജില്ലയിലെ ഐന പഹാരയില്‍ വെള്ളിയാഴ്ച രാവിലെ 11.30- ഓടെയായിരുന്നു അപകടം. ഡ്രൈവറും സഹഡ്രൈവറും ഉള്‍പ്പെടെ ബസ്സില്‍ 43 പേരാണുണ്ടായിരുന്നത്. ദേശീയപാതയില്‍നിന്ന് നിയന്ത്രണംവിട്ട ബസ്, 150 അടി താഴ്ചയിലുള്ള കുത്തിയൊഴുകുന്ന മര്‍സ്യാങ്ദി നദിയില്‍ പതിക്കുകയായിരുന്നു. ഗൊരഖ്പുരിലെ കേശര്‍ബനി ട്രാവല്‍സിന്റെ മൂന്നു ബസുകളിലായുള്ള യാത്രാസംഘത്തില്‍ 104 പേരുണ്ടായിരുന്നു. അതിലൊരു ബസാണ് അപകടത്തില്‍പ്പെട്ടത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നേപ്പാള്‍ ഭരണകൂടവുമായും ഡല്‍ഹി എംബസിയുമായും സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് മന്ത്രി മഹാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്ദേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായും മറ്റ് കേന്ദ്ര ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ സഹകരണം അമിത് ഷാ മുഖ്യമന്ത്രി ഷിന്ദേയ്ക്ക് ഉറപ്പുനല്‍കി.