ടോക്കിയോ: മനുഷ്യ ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ നാൽപത്തെട്ടു മണിക്കൂറിനുള്ളിൽ ജീവഹാനിക്ക് ഇടയാക്കുന്ന അപൂർവ ബാക്ടീരിയ ജപ്പാനിൽ പടരുന്നതായി റിപ്പോർട്ട്. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനു പിന്നാലെയാണ് പുതിയ ബാക്ടീരിയയുടെ വ്യാപനമെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.
ഈ ബാക്ടീരിയകൾ കാരണമുണ്ടാകുന്ന സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക് സിൻഡ്രോം (എസ്ടിഎസ്എസ്) എന്ന രോഗം കഴിഞ്ഞ വർഷം 941 പേരെയാണ് ജപ്പാനിൽ ബാധിച്ചതെങ്കിൽ ഈ വർഷം ജൂൺ രണ്ടിനകം 977 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്‌ഷ്യസ് ഡിസീസസിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഈ പശ്ചാത്തലം തുടർന്നാൽ ഈ വർഷം 2500 കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുമെന്നാണ് വിലയിരുത്തൽ. 30 ശതമാനം മരണനിരക്കാണ് ഈ രോഗത്തിനു കണക്കാക്കുന്നത്.