ടോക്യോ: ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. 67 കാരനായ കിഷിദ സെപ്റ്റംബറിൽ സ്ഥാനമൊഴിയുമെന്നാണ് അറിയിച്ചത്. ഭരണകക്ഷി നേതൃത്വം ഒഴിയുന്നുവെന്നും, പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനും കിഷിദ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതൃത്വത്തോട് അഭ്യർത്ഥിച്ചു.
നിരന്തര അഴിമതി ആരോപണങ്ങളും, വിവാദങ്ങളും മൂലം ജനപ്രീതി ഇടിഞ്ഞത് കണക്കിലെടുത്താണ് കിഷിദോ സ്ഥാനമൊഴിഞ്ഞത്. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതൃപദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫുമിയോ കിഷിദ 2021 ലാണ് ജപ്പാൻ പ്രധാനമന്ത്രിയാകുന്നത്. ഈ സെപ്റ്റംബറിൽ കിഷിദ പ്രധാനമന്ത്രി പദത്തിൽ മൂന്നു വർഷം തികയുകയാണ്.
ഈ സാഹചര്യത്തിലാണ് ഇനി ഭരണനേതൃത്വത്തിലേക്കില്ലെന്നും, പുതിയ പ്രധാനമന്ത്രിയെ നിശ്ചയിക്കാനും പാർട്ടിയോട് ആവശ്യപ്പെട്ടത്. മാറ്റങ്ങൾ കൊണ്ടുവരാൻ കെൽപുള്ള പിൻഗാമിയെ കണ്ടുപിടിക്കാനാണ് പാർട്ടിയോട് കിഷിദ ആവശ്യപ്പെട്ടിട്ടുള്ളത്. 2025 ലാണ് ജപ്പാനിൽ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്.