വന്‍ വിജയം സ്വന്തമാക്കി യു.എസിന്റെ 47-ാം പ്രസിഡന്റായി എത്തുന്ന ഡൊണാള്‍ഡ് ട്രംപിന് അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം സ്വന്തമാക്കിയ പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നെന്ന് മോദി എക്‌സില്‍ പോസ്റ്റ് ചെയ്തു. ട്രംപിനൊപ്പമുള്ള ഏതാനും ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
'ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്രമായ ആഗോളവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സഹകരണം പുതുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം.' മോദിയുടെ വാക്കുകള്‍.
2016ല്‍ ഇലക്ടറല്‍ കോളേജ് വോട്ടിന്റെ ബലത്തിലാണ് ട്രംപ് പ്രസിഡന്റായത്. പോപ്പുലര്‍ വോട്ടുകളില്‍ അന്ന് വിജയം അന്നത്തെ എതിര്‍ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണായിരുന്നു. ഇത്തവണ ഇലക്ടറല്‍ കോളേജ് പോപ്പുലര്‍ വോട്ടുകള്‍ക്ക് പുറമേ സെനറ്റും കീഴടക്കിയാണ് ട്രംപ് പ്രസിഡന്റാവുന്നത്.
68,760,238 (51.2%) പോപ്പുലര്‍ വോട്ടുകളാണ് ഇതുവരെ വന്ന ഫലങ്ങള്‍ പ്രകാരം ട്രംപ് നേടിയത്. 267 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് ട്രംപ് നേടിയിരിക്കുന്നത്. എതിര്‍സ്ഥാനാര്‍ഥി കമല ഹാരിസിന് 63,707,810 (47.4%) പോപ്പുലര്‍ വോട്ടുകളും ലഭിച്ചു. 224 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് കമലയ്ക്ക് ഇതുവരെയുള്ളത്. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി 51 സീറ്റ് നേടിയപ്പോള്‍ ഡെമോക്രാറ്റുകള്‍ 42 സീറ്റിലാണ് ജയിച്ചത്.