ഫിൻലൻഡിനെയും ജർമ്മനിയെയും ബന്ധിപ്പിക്കുന്ന കടലിനടിയിലൂടെയുള്ള ഇൻ്റർനെറ്റ് കേബിൾ നവംബർ 18 ന് പുലർച്ചെ വിച്ഛേദിക്കപ്പെട്ടതായി റിപ്പോർട്ട്.ലയൺ1 എന്ന് വിളിപ്പേരുള്ള കേബിളാണ് വിച്ഛേദിക്കപ്പെട്ടത്.ബാൾട്ടിക് കടലിനടിയിൽ ഏകദേശം 1,200 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന കേബിളാണിത്.
ഫിന്നിഷ് സ്റ്റേറ്റ് ടെലികമ്മ്യൂണിക്കേഷൻ ഓപ്പറേറ്ററായ സിനിയ,കേടുപാടുകൾ സ്ഥിരീകരിച്ചെങ്കിലും ഇത് വിച്ഛേദിക്കപ്പെട്ടത് എങ്ങനെയെന്ന് അജ്ഞാതമെന്നാണ് പറയുന്നത്.2016 മുതൽ പ്രവർത്തനക്ഷമമായ ലയൺ1 കേബിൾ,ഫിൻലാൻഡിനും മധ്യ യൂറോപ്പിനുമിടയിലുള്ള ആദ്യത്തെ നേരിട്ടുള്ള ഇൻ്റർനെറ്റ് ഡാറ്റ കണക്ഷനാണ്.സെക്കൻഡിൽ 144 ടെറാബിറ്റ് ശേഷിയുള്ള ലയൺ1 ജർമ്മനിയിലുള്ള ഹെൽസിങ്കിയെ റോസ്റ്റോക്കുമായി ബന്ധിപ്പിക്കുന്നു.വടക്കൻ,മധ്യ യൂറോപ്പിനെ ബന്ധിപ്പിക്കുന്ന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിൻ്റെ "നട്ടെല്ല്" എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
കേബിളുകൾ അട്ടിമറിച്ചതായി സംശയിക്കുന്നതിനെ കുറിച്ച് ഫിൻലൻഡും സ്വീഡനും അന്വേഷണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, ബാൾട്ടിക് കടലിൽ ഒരു ചൈനീസ് ചരക്ക് കപ്പൽ കണ്ടതായി ഡെന്മാർക്കിൻ്റെ നാവികസേന അറിയിച്ചു.
2001-ൽ നിർമ്മിച്ചതും ചൈനീസ് കമ്പനിയായ നിംഗ്‌ബോ യിപെങ് ഷിപ്പിംഗ് കോയുടെ ഉടമസ്ഥതയിലുള്ളതുമായ ചരക്ക് കപ്പൽ ഡെന്മാർക്കിനും തെക്കുപടിഞ്ഞാറൻ സ്വീഡനും ഇടയിലുള്ള കട്ടേഗാട്ട് കടലിടുക്കിൽ ചൊവ്വാഴ്ച മുതൽ ബുധനാഴ്ച വരെ ഒറ്റരാത്രികൊണ്ട് നിർത്തിയതായി കപ്പൽ ട്രാക്കിംഗ് സൈറ്റ് മറൈൻട്രാഫിക് പറയുന്നു.ഫിൻലാൻഡിനെ ജർമ്മനിയുമായി ബന്ധിപ്പിക്കുന്ന "സി-ലയൺ 1" കേബിളിൻ്റെ ഭാഗത്ത് തിങ്കളാഴ്ച Yi Peng 3 ഉണ്ടായിരുന്നതായും ട്രാക്കർ കാണിക്കുന്നുണ്ട്,
ഞായറാഴ്ച പുലർച്ചെയാണ്,സ്വീഡിഷ് ബാൾട്ടിക് കടൽ ദ്വീപായ ഗോട്ട്‌ലാൻഡിൽ നിന്ന് ലിത്വാനിയയിലേക്ക് നീളുന്ന ടെലികോം കേബിളായ "അറേലിയോൺ" കേടായത്.ചൊവ്വാഴ്‌ച,ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് പറയുന്നതനുസരിച്ച് , അറ്റുപോയ കേബിളുകൾ "സാബോട്ടേജിൻ്റെ" ഫലമായിരിക്കാമെന്നും ചൂണ്ടി കാണിക്കുന്നുണ്ട്.“ഈ കേബിളുകൾ അബദ്ധത്തിൽ മുറിഞ്ഞതാണെന്ന് ആരും വിശ്വസിക്കുന്നില്ലെന്നും ,” ബ്രസൽസിൽ നടന്ന യൂറോപ്യൻ യൂണിയൻ മന്ത്രിമാരുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
2023 ഒക്ടോബറിൽ, ഫിൻലൻഡിനും എസ്തോണിയയ്ക്കും ഇടയിലുള്ള കടലിനടിയിലെ വാതക പൈപ്പ്ലൈൻ ഒരു ചൈനീസ് ചരക്ക് കപ്പൽ നങ്കൂരമിട്ട് കേടായതിനെത്തുടർന്ന് അടച്ചിടേണ്ടി വന്നു.2022 സെപ്റ്റംബറിൽ,റഷ്യയിലെ വാതകം യൂറോപ്പിലേക്ക് കൊണ്ടുപോകുന്ന നോർഡ് സ്ട്രീം പൈപ്പ്ലൈനുകൾ വെള്ളത്തിനടിയിലുള്ള സ്ഫോടനങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു, അതിൻ്റെ കാരണവും ഇതുവരെ കണ്ടെത്തനായിട്ടില്ല.
അക്കാലത്തെ ഉക്രെയ്നിലെ ഉന്നത സൈനിക കമാൻഡറായിരുന്ന വലേരി സലുഷ്നി പൈപ്പ് ലൈനുകൾ പൊട്ടിത്തെറിക്കാനുള്ള പദ്ധതിക്ക് മേൽനോട്ടം വഹിച്ചിരുന്നതായി ഓഗസ്റ്റിൽ,വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.ഉക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കി പദ്ധതി അംഗീകരിച്ചതായും വാൾസ്ട്രീറ്റ് ജേർണൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഉക്രെയ്ൻ ഈ വാദങ്ങളെ തികച്ചും അസംബന്ധമെന്ന് പറഞ്ഞ് നിരസിക്കുകയും ചെയ്തു.നവംബർ 15-ന് സെൻ്റ് പീറ്റേഴ്‌സ്ബർഗിൻ്റെ പടിഞ്ഞാറുള്ള റഷ്യൻ തുറമുഖമായ ഉസ്ത് ലുഗയിൽ നിന്ന് യി പെങ് 3 പുറപ്പെട്ടു എന്നാണ് വെസൽഫൈൻഡർ സൂചിപ്പിക്കുന്നത്.