കംബോഡിയയില്‍ ചൈനയുടെ സൈനിക താവളം ; അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ഭീഷണി

ലോകത്തെ കുപ്രസിദ്ധ നുഴഞ്ഞുകയറ്റക്കാരാണ് ചൈന. ആജീവനാന്ത ശത്രുവായ അമേരിക്കയുടെ നീക്കങ്ങളെ നിരീക്ഷിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൈനയ്ക്ക് രഹസ്യ സൈനികതാവളങ്ങള്‍ ഉണ്ടെന്നാണ് പരസ്യമായ രഹസ്യം.

author-image
Rajesh T L
New Update
military base

ലോകത്തെ കുപ്രസിദ്ധ നുഴഞ്ഞുകയറ്റക്കാരാണ് ചൈന. ആജീവനാന്ത ശത്രുവായ അമേരിക്കയുടെ നീക്കങ്ങളെ നിരീക്ഷിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൈനയ്ക്ക് രഹസ്യ സൈനികതാവളങ്ങള്‍ ഉണ്ടെന്നാണ് പരസ്യമായ രഹസ്യം. ഈ രഹസ്യ സൈനിക താവളങ്ങള്‍ അമേരിക്കയ്ക്ക് മാത്രമല്ല, ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കും ഭീഷണിയായാണ് വിലയിരുത്തുന്നത്. 

ഇപ്പോഴിതാ ദക്ഷിണ പസഫിക് മേഖലയിലും ചൈനയുടെ കടന്നുകയറ്റം ഉണ്ടായിരിക്കുന്നത്. കംബോഡിയയിലാണ് സൈനിക ആവശ്യങ്ങള്‍ക്കായി ചൈന നാവിക താവളം നിര്‍മ്മിച്ചിരിക്കുന്നത്.

കംബോഡിയയെ ഉപയോഗിച്ച് അമേരിക്കയ്ക്ക് നേരെ സൈനിക പ്രതിരോധം ഒരുക്കുകയാണ് ചൈനയുടെ ലക്ഷ്യം. വടക്കന്‍ കൊറിയ, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ സൈനിക കേന്ദ്രമൊരുക്കിയതിന് പിന്നാലെയാണ് കംബോഡിയ അമേരിക്കയ്ക്ക് ഭീഷണിയാകുന്നത്. പസഫിക് മേഖലയിലെ അമേരിക്ക നടത്തുന്ന നീക്കത്തിന് ബദലായിട്ടാണ് വാണിജ്യ പ്രതിരോധ സഹകരണമുള്ള കംബോഡിയയെ അമേരിക്കയെ നേരിടാനുള്ള താവളമാക്കി ചൈന മാറ്റുന്നത്.

കംബോഡിയയിലെ റീം നാവിക താവളമാണ് ചൈന നിര്‍മ്മിച്ച് സ്വന്തം താവളമാക്കി മാറ്റിയത്. ചൈനയുടെ നീക്കം അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നതെന്ന് പെന്റഗണ്‍ അറിയിച്ചു. കിഴക്കന്‍ ആഫ്രിക്കയിലെ ജിംബൂട്ടി നാവിക താവളം പണിത ശേഷം ചൈന പണിയുന്ന രണ്ടാമത്തെ താവളമാണ് കംബോഡിയയിലേത്.

മേഖലയിലെ ഇന്ത്യയുടെ മുന്നേറ്റത്തിന് വലിയ തടസ്സമാകാന്‍ സാധ്യതയുള്ള നീക്കമാണ് ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിവിധയിടങ്ങളില്‍ വിന്യസിച്ചിട്ടുള്ള ചൈനീസ് യുദ്ധക്കപ്പലുകള്‍ക്ക് ആവശ്യമായ സഹായം പുതിയ തുറമുഖത്തിലൂടെ എത്തിച്ചു നല്‍കാന്‍ കഴിയും. ലോകത്തിലെ തിരക്കേറിയ കപ്പല്‍ പാതകളിലൊന്നായ മലാക്ക കടലിടുക്കിന് സമീപത്തായാണ് കംബോഡിയയിലെ തുറമുഖം വികസിപ്പിച്ചിരിക്കുന്നത്. ദക്ഷിണ ചൈനാക്കടലും ഇന്ത്യന്‍ മഹാസമുദ്രവും അതിരിടുന്ന പ്രദേശം കൂടിയാണിത്.

sh

350 ലേറെ യുദ്ധക്കപ്പലുകളുള്ള ചൈനീസ് നാവികസേന ലോകത്തില്‍ ഒന്നാമതാണ്. അടുത്ത മൂന്ന് വര്‍ഷത്തിനകം ഇത് 460 ആയി ഉയര്‍ത്താനാണ് ചൈന ലക്ഷ്യമിടുന്നത്. സമുദ്രത്തില്‍ നിരീക്ഷണത്തിന് മാത്രമായി 85 കപ്പലുകള്‍ വിന്യസിക്കാനും ചൈന തയ്യാറെടുക്കുന്നുണ്ട്. ഇതില്‍ നിരവധി കപ്പലുകളില്‍ ആന്റിഷിപ് ക്രൂയിസ് മിസൈലുകളുമുണ്ട്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ എതിപ്പുകള്‍ മറികടന്ന് ചൈനയുടെ നിരീക്ഷണക്കപ്പല്‍ യുവാങ് വാങ്5 ശ്രീലങ്കയിലെ ഹമ്പന്‍ടോട്ടയില്‍ നങ്കൂരമിട്ടിരുന്നു. ഇന്ത്യയുടെ പല നീക്കങ്ങളും മനസ്സിലാക്കാന്‍ ഈ കപ്പല്‍വഴി സാധ്യമാകുമെന്ന് പ്രതിരോധ രംഗത്തെ വിദഗ്ധര്‍ അന്ന് ആശങ്കപ്പെട്ടിരുന്നു. ആ കപ്പല്‍ പിന്നീട് തിരികെ പോയെങ്കിലും യുവാങ് വാങ്6 നിലവില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ ഭാഗത്ത് ഉണ്ടെന്നത് ഇന്ത്യയ്ക്ക് ആശങ്കയാണ്. ഇതുവരെ നിഷ്പക്ഷത പാലിച്ചുപോന്നിരുന്ന കംബോഡിയ ചൈനയുമായി സന്ധിയുണ്ടാക്കിയത് സാമ്പത്തിക നേട്ടങ്ങള്‍ മുന്നില്‍ക്കണ്ടാകാമെന്ന് വിദഗ്ധര്‍ പറയുന്നു. ചൈനയുടെ വ്യാപാരം കൂടുതലും കടല്‍ മാര്‍ഗമാണന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ചൈനീസ് ഭീഷണി മറികടക്കുകയെന്ന ലക്ഷ്യത്തോടെ യുഎസ്, യുകെ. ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങി ലോകത്തിലെ പ്രധാന നാവികശക്തികളുമായി ഇന്ത്യ സഖ്യം രൂപവത്കരിച്ചിട്ടുണ്ട്. ജപ്പാന്‍, യുഎസ്, ഓസ്ട്രേലിയ എന്നിവയുമായി ചേര്‍ന്ന് 'മലബാര്‍' എന്ന പേരില്‍ സംയുക്ത നാവികാഭ്യാസവും ഇന്ത്യ നടത്തിയിരുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് ആധിപത്യം ഉറപ്പാക്കാനായി മൗറീഷ്യസില്‍ സൈനിക താവളം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇതിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടന്നുവരുന്നുണ്ട്. ചൈനീസ് ആധിപത്യത്തെ ചെറുക്കാന്‍ ഇക്കഴിഞ്ഞ ജൂലായില്‍ വിയറ്റ്നാമിന് ഇന്ത്യന്‍ നാവികസേനയുടെ ചെറു യുദ്ധക്കപ്പലായ ഐഎന്‍എസ് ക്രിപാണ്‍ സമ്മാനിച്ചിരുന്നു. സമാനമായ മറ്റൊരു നീക്കത്തില്‍ ഇന്ത്യ അയല്‍രാജ്യമായ മ്യാന്‍മറിന് ഐഎന്‍എസ് സിന്ധുവിനും കൈമാറി. ഇതിനുപുറമെ ഫിലിപ്പിന്‍സുമായി 375 മില്യന്‍ ഡോളറിന്റെ മിസൈല്‍ വ്യാപാരക്കരാറിലും ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്.

india china chinese us military