തായ്‌പേയ് സിറ്റി: തായ് വാനില്‍ പതിറ്റാണ്ടുകളോളം പട്ടാളഭരണം നടത്തിയ ചൈനീസ് ഏകാധിപതി ചിയാങ് കൈഷകിന്റെ പ്രതിമകള്‍ നിരത്തുകളില്‍ നിന്ന് നീക്കാന്‍ ഉറപ്പിച്ച് തായ്വാന്‍. തായ്വാന്റെ നിരത്തുകളില്‍ ഏകദേശം 760 പ്രതികളാണ് ചിയാങ്ങിന്റെതായുള്ളത്. ഐക്യ ചൈന എന്ന സ്വപ്നം സഫലമാക്കാന്‍ തായ്വാനടക്കമുള്ളവയെ കൂട്ടിചേര്‍ക്കാന്‍ ചൈന ശ്രമം നടത്തുന്ന കാലത്താണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. തായ്വാന്‍ തങ്ങളുടെ അവിഭാജ്യഘടകമാണെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ചൈന. എന്നാല്‍ തങ്ങള്‍ സ്വതന്ത്രരാജ്യമാണെന്ന് പറയുന്ന തായ്വാനില്‍ ഇപ്പോള്‍ ഭരണത്തിലിരിക്കുന്നത് ചൈനീസ് വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ വില്യം ലായാണെന്നതും പുതിയ നീക്കത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
1975ല്‍ മരിക്കും വരെ റിപ്പബ്ലിക് ഓഫ് ചൈനയിലും തുടര്‍ന്ന് തായ്വാനിലും പ്രസിഡന്റായിരുന്നു ചിയാങ്. ഇദ്ദേഹത്തിന്റെ ഭരണത്തെ കുറിച്ച് അന്വേഷിക്കാന്‍ 2018ല്‍ തായ്വാന്‍ സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ രൂപികരണത്തിന് കാരണമായതാവട്ടെ ചിയാങിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗമാണ്. പ്രതിമകള്‍ നീക്കം ചെയ്യുന്നതിനെതിരേ സര്‍ക്കാരിനെതിരേ ഇവര്‍ രംഗത്തെത്തിയതിനെ തുടര്‍ന്നായിരുന്നു സമിതിയുടെ രൂപീകരണം. ചിയാങ്ങിന്റെ പൈതൃകത്തെക്കുറിച്ച് ചര്‍ച്ചകള്‍ക്കിടയിലും വ്യത്യസ്ഥ അഭിപ്രായമാണുള്ളത്.ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി പ്രതിമ നീക്കണമെന്ന പക്ഷക്കാരാണ്.
എന്നാല്‍ പ്രതിപക്ഷമായ കെഎംടി നടപടിയിലൂടെ ചരിത്രം മായ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന വാദമാണ് ഉയര്‍ത്തുന്നത്. ചൈനയിലും പിന്നീട് തായ്വാനിലും സൈനീക പരിശീലന അക്കാദമികള്‍ സ്ഥാപിച്ച ചിയാങ്ങിനെ ആദരിക്കേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ അനിശ്ചിതമായി വിഷയത്തില്‍ തീരുമാനം നീളുകയാണ്. ചിയാങ്ങിന്റെ പ്രതിമകളാല്‍ തായ്വാന്‍ നിറഞ്ഞിരിക്കുന്നു, അവ എന്തുചെയ്യണമെന്നതിനെക്കുറിച്ച് വര്‍ഷങ്ങളായി സര്‍ക്കാരും വാഗ്വാദം നടക്കുന്നു. സര്‍ക്കാര്‍ വേണ്ടത്ര വേഗത്തില്‍ കാര്യങ്ങള്‍ നീക്കുന്നില്ലെന്ന വിമര്‍ശനവുമുണ്ട്. അതിനാല്‍ ഉടന്‍ തന്നെ പ്രതിമകള്‍ നീക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് തരികയാണെന്നാണ് കാബിനറ്റ് ഉദ്യോഗസ്ഥന്‍ ഷിഹ് പു തായ് വാന്‍ നിയമസഭയില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.ചിയാങ്ങിന്റെ നേതൃത്തിലുണ്ടായിരുന്ന തായ്വാനിലെ ജനത,ക്രൂരമായ പട്ടാള നിയമങ്ങളില്‍ പെട്ട് വലഞ്ഞവരാണ്.
1987-ലെ സൈനിക നിയമപ്രകാരം ഒരുലക്ഷത്തി നാല്‍പ്പതിനായിരത്തോളം ആളുകള്‍ തടവിലാക്കപ്പെടുകയും നാലായിരത്തോളം പേര്‍ വധിക്കപ്പെടുകയും ചെയ്തുവെന്ന് ഭരണകക്ഷി ചൂണ്ടികാട്ടുന്നു.
ജപ്പാന്റെ അധിനിവേശത്തിലായിരുന്ന തായ്വാന്‍ സ്വതന്ത്രമായത് രണ്ടാംലോക മഹായുദ്ധിനൊടുവിലാണ്. അന്ന് ചൈനയില്‍ ചിയാങിന്റെ കുമിന്താംഗ് വിഭാഗവും, മാവോ സേ തുങിന്റെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള അധികാര തര്‍ക്കവും നടന്നു. ഒടുവില്‍ മാവോവിഭാഗം വിജയിക്കുകയും 1949 ഒക്ടോബര്‍ ഒന്നിന് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന നിലവില്‍ വരികയും ചെയ്തു. പരാജയപ്പെട്ട കുമിന്താംഗുകള്‍ തായ്വാന്‍ ദ്വീപിലേക്ക് എത്തി റിപ്പബ്ലിക് ഒഫ് ചൈന സ്ഥാപിച്ചു. ഇതാണ് പ്രതിപക്ഷം പറയുന്ന പൈതൃകം. അന്ന് മുതല്‍ ചിയാങ്ങിന്റെ കീഴില്‍ ഒറ്റപ്പാര്‍ട്ടി ഏകാധിപത്യമാണ് രാജ്യത്തുണ്ടായത്.