ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവും അന്വേഷണവുമെല്ലാം ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ആരോപണ-പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെ ഇന്ത്യയ്ക്കെതിരെ നിലപാട് സ്വീകരിച്ചിരിക്കുകയാണ് അമേരിക്കയും ന്യൂസിലന്‍ഡും. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സഹകരിക്കാന്‍ ഇന്ത്യ തയാറാകുന്നില്ലെന്ന പരാതി ഉയര്‍ത്തിയിരിക്കുകയാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍. നേരത്തെയും സമാന അഭിപ്രായം അമേരിക്ക രേഖപ്പെടുത്തിയിരുന്നു.
കാനഡയും ഇന്ത്യയുമായുള്ള വിഷയത്തില്‍ ഞങ്ങള്‍ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. അത് ഗൗരവമായി തന്നെ കാണേണ്ടതാണ്. ഇന്ത്യ കാനഡയുടെ അന്വേഷണവുമായി സഹകരിക്കണം. പക്ഷേ, ഇന്ത്യ അതിന് തയാറായിട്ടില്ല. മില്ലര്‍ പറഞ്ഞു.
നിജ്ജാര്‍ വധത്തില്‍ ഇന്ത്യയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന കാനഡയുടെ ആരോപണങ്ങളെ പൂര്‍ണമായി തള്ളുന്ന നിലപാടാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്. രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡൊ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി ട്രൂഡോയ്ക്ക് ഇന്ത്യയുമായുള്ള അഭിപ്രായഭിന്നതകള്‍ ഏറെക്കാലമായി നിലനില്‍ക്കുന്നതാണ്. 2018ല്‍ ട്രൂഡോ ഇന്ത്യ സന്ദര്‍ശിച്ചത് തന്നെ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ്. വിഘടനവാദികളുമായി നേരിട്ട് ബന്ധമുള്ളവര്‍ ട്രൂഡോയുടെ മന്ത്രിസഭയില്‍ അംഗമാണ്. 2020ല്‍ ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനായി ട്രൂഡോ നടത്തിയ ശ്രമങ്ങള്‍ ഇതിനു തെളിവാണെന്നും വിദേശകാര്യമന്ത്രാലയം ആരോപിക്കുന്നു.
ഇന്ത്യയ്ക്കെതിരായ ആരോപണങ്ങളില്‍ ന്യൂസിലന്‍ഡും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയ്ക്ക് ശേഷം ഫൈവ് ഐസ് സഖ്യത്തില്‍ നിന്ന് അഭിപ്രായപ്രകടനം നടത്തുന്ന രണ്ടാമത്തെ രാജ്യമാണ് ന്യൂസിലന്‍ഡ്. അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, യുകെ എന്നീ രാജ്യങ്ങളാണ് സഖ്യത്തിലുള്ളത്. കാനഡ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് ന്യൂസിലന്‍ഡ് വിദേശകാര്യമന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്‌സ് പറഞ്ഞു. നിലവില്‍ പുരോഗമിക്കുന്ന അന്വേഷണത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നാണ് പീറ്റേഴ്‌സ് പറഞ്ഞത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായിട്ടുണ്ട്. ഇന്ത്യയിലെ കനേഡിയന്‍ പ്രതിനിധിയെ വിദേശകാര്യമാന്ത്രാലയം വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുപുറമെ, കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മ ഉള്‍പ്പെടെയുള്ള നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ ഇന്ത്യ തീരുമാനിക്കുകയും ചെയ്തു.
എന്നാല്‍ സഞ്ജയ് കുമാര്‍ വര്‍മ്മ ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും പുറത്താക്കിയതായി കാനഡ അറിയിച്ചു. ഇന്ത്യന്‍ നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും പുറത്താക്കിയതിനു പിന്നാലെ ആറ് കനേഡിയന്‍ നയതന്ത്രജ്ഞരെ പുറത്താക്കുന്നതായി ന്യൂഡല്‍ഹിയും പ്രഖ്യാപിച്ചു. ആക്ടിംഗ് ഹൈക്കമ്മീഷണര്‍ സ്റ്റുവര്‍ട്ട് റോസ് വീലറും അവരില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളല്‍ എങ്ങനെ പരിഹരിക്കപ്പെടും, പുതിയ നടപടികളോടെ അവസാനിക്കുമോ ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലെ പ്രശ്‌നം. ഇതൊക്കെ വലിയ ചോദ്യങ്ങളാണ്. എന്തായാലും നിലവില്‍ ഉണ്ടായിരിക്കുന്ന സാഹചര്യങ്ങളില്‍ നിന്നും ഒരു മാറ്റമാണ് ഇരു രാജ്യങ്ങള്‍ക്കും അത്യാവശ്യമെന്നാണ് വിലയിരുത്തല്‍.