വിദ്യാര്‍ഥികള്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കുന്ന സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) വിസ പദ്ധതി കാനഡ നിര്‍ത്തലാക്കി. 20 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് നിര്‍ത്തിയത്. ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഗുണകരമായിരുന്നു പദ്ധതി. രാജ്യത്ത് വര്‍ധിച്ചുവരുന്ന വിഭവ, ഭവന പ്രതിസന്ധി നേരിടുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എസ്ഡിഎസ് നിര്‍ത്തലാക്കിയതെന്ന് കനേഡിയന്‍ വൃത്തങ്ങള്‍ അറിയിച്ചു.
2018ല്‍ ഇമിഗ്രേഷന്‍, റഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ് കാനഡ ആണ് പദ്ധതി നടപ്പിലാക്കിയത്. ബ്രസീല്‍, ചൈന, കൊളംബിയ, കോസ്റ്റാറിക്ക, ഇന്ത്യ, മൊറോക്കോ, പാകിസ്ഥാന്‍, പെറു, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പഠന വിസ നടപടികള്‍ വേഗത്തിലാക്കാനാണ് പദ്ധതി തുടങ്ങിയത്.
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷാ പ്രക്രിയയില്‍ തുല്യവും നീതിയുക്തവുമായ പ്രവേശനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് എസ്ഡിഎസ് നിര്‍ത്തലാക്കുന്നതെന്ന് കാനഡ സര്‍ക്കാര്‍ അറിയിച്ചു. നവംബര്‍ എട്ടിന് രാത്രി രണ്ടു മണി വരെ ലഭിച്ച അപേക്ഷകള്‍ എസ്ഡിഎസ് വഴി പ്രോസസ്സ് ചെയ്യും. അതിനുശേഷമുള്ള എല്ലാ അപേക്ഷകളും സാധാരണ പഠന അനുമതി സ്ട്രീമിലൂടെയാകും പരിഗണിക്കുക.
രാജ്യത്ത് കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഒരുകാലത്ത് വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വാതായനം തുറന്നിട്ട കാനഡ കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിച്ചതോടെ നിലപാട് മാറ്റുകയായിരന്നു. 2025 ഒക്ടോബര്‍ വരെ നടക്കാനിരിക്കുന്ന ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ ചൂടേറിയ വിഷയങ്ങളില്‍ ഒന്നാണ് കുടിയേറ്റ പ്രതിസന്ധി.