സിഖ് വിഘടനവാദ വിരുദ്ധ നീക്കത്തിനുപിന്നില്‍ അമിത് ഷായെന്ന് കാനഡ

അമിത് ഷായാണ് ആസൂത്രണങ്ങള്‍ക്ക് പിന്നിലെന്ന് വാഷിങ്ടണ്‍ പോസ്റ്റിനോടു പറഞ്ഞത് താനാണെന്ന് കാനഡയുടെ ഉപ വിദേശകാര്യമന്ത്രി ഡേവിഡ് മോറിസണ്‍ കാനഡയുടെ പാര്‍ലമെന്ററി സമിതി മുന്‍പാകെ വ്യക്തമാക്കി

author-image
Prana
New Update
AMIT SHAH

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരേ ആരോപണവുമായി കനേഡിയന്‍ സര്‍ക്കാര്‍. കാനഡയിലുള്ള സിഖ് വിഘടനവാദികളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ അമിത് ഷാ ആണെന്നാണ് ആരോപണം. 'വാഷിങ്ടണ്‍ പോസ്റ്റ്' പത്രമാണ് ഷായ്‌ക്കെതിരേ കനേഡിയന്‍ അധികൃതര്‍ ആരോപണം ഉന്നയിച്ച കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
അമിത് ഷായാണ് ആസൂത്രണങ്ങള്‍ക്ക് പിന്നിലെന്ന് വാഷിങ്ടണ്‍ പോസ്റ്റിനോടു പറഞ്ഞത് താനാണെന്ന് കാനഡയുടെ ഉപ വിദേശകാര്യമന്ത്രി ഡേവിഡ് മോറിസണ്‍ കാനഡയുടെ പാര്‍ലമെന്ററി സമിതി മുന്‍പാകെ വ്യക്തമാക്കി. മാധ്യമപ്രതിനിധി തന്നെ വിളിക്കുകയും അമിത് ഷാ ആണോ ആ വ്യക്തിയെന്ന് ആരായുകയും ചെയ്തു. അദ്ദേഹമാണ് അതെന്ന് ഞാന്‍ സ്ഥിരീകരിച്ചു, മോറിസണ്‍ പാര്‍ലമെന്ററി സമിതിയോടു പറഞ്ഞു. അതേസമയം, വിഷയത്തില്‍ ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനോ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല.
സിഖ് വിഘടനവാദികള്‍ക്കെതിരായ നീക്കത്തിലെ അമിത് ഷായുടെ പങ്കാളിത്തത്തേക്കുറിച്ച് നേരത്തേതന്നെ കാനഡ, ഇന്ത്യയോട് പറഞ്ഞിരുന്നുവെന്നാണ് വിവരം. എന്നാല്‍ ഈ വിവരത്തെ അതീവ ദുര്‍ബലവും നിസ്സാരവുമായ ഒന്നായാണ് ഇന്ത്യന്‍ സര്‍ക്കാര്‍ കണക്കാക്കിയത്. മാത്രമല്ല, ഇത് അമിത് ഷായ്‌ക്കോ സര്‍ക്കാരിനോ ഏതെങ്കിലും വിധത്തിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെന്നാണ് വിലയിരുത്തിയതെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
കാനഡയിലെ സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കാനഡ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. പിന്നീട് ഇന്ത്യയും കനേഡിയന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു.

 

canada amit shah sikhs