ലണ്ടന്‍: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. ചാള്‍സ് മൂന്നാമന്‍ രാജാവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു പിന്നാലെയായിരുന്നു ഋഷി സുനക് പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. നേരത്തെ, തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിനു പിന്നാലെ ലേബര്‍ പാര്‍ട്ടി നേതാവും നിയുക്ത പ്രധാനമന്ത്രിയുമായ കെയര്‍ സ്റ്റാര്‍മറും ചാള്‍സ് മൂന്നാമനും കൂടിക്കാഴ്ച് നടത്തിയിരുന്നു.
2022 ഒക്ടോബറില്‍ ലിസ് ട്രസ് രാജിവച്ചതിനു പിന്നാലെയാണ് ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിലേക്ക് എത്തിയത്. 2022 ഒക്ടോബര്‍ 25നാണ് ഋഷി സുനക് പദവി ഏറ്റെടുത്തത്. തുടര്‍ന്ന് ഒരു വര്‍ഷവും 255 ദിവസവും ഋഷി സുനക് പദവിയില്‍ തുടര്‍ന്നു. ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കീഴില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെയാളാണ് ഋഷി സുനക്.
അതേസമയം, ബ്രിട്ടനില്‍ പുതിയ അധ്യായത്തിനു തുടക്കം കുറിക്കുന്നതായി നിയുക്ത പ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ കെയര്‍ സ്റ്റാര്‍മര്‍ അറിയിച്ചു. നവീകരണത്തിന്റെ ഘട്ടത്തിലേക്കു രാജ്യത്തെ നയിക്കുകയാണു തന്റെ ലക്ഷ്യമെന്നും മാറ്റത്തിന്റെ നാളുകളാണു വരാനിരിക്കുന്നതെന്നും സ്റ്റാര്‍മര്‍ തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ അറിയിച്ചു.