ലണ്ടൻ: ബ്രിട്ടണിൽ പ്രധാനമന്ത്രി ഋഷി സുനകിന്റെ കൺസർവേറ്റീവ് പാർട്ടിക്കും പ്രതിപക്ഷ പാർട്ടിയായ ലേബർ പാർട്ടിക്കും നിർണായകമായ പൊതു തിരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും.രാജ്യത്തിൻെറ ഭാവി സംബന്ധിച്ച് സുപ്രധാന വഴിത്തിരിവ് സംഭവിക്കാൻ പോവുന്ന തിരഞ്ഞെടുപ്പാണിത്.
ഇക്കഴിഞ്ഞ മെയിലാണ് പ്രധാനമന്ത്രി ഋഷി സുനക് രാജ്യത്ത് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 2024 ഡിസംബർ വരെ തിരഞ്ഞെടുപ്പിന് സമയമുണ്ടായിരുന്നു. എന്നാൽ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് നടത്താൻ സുനക് തീരുമാനിക്കുകയായിരുന്നു.
എന്നാൽ ഇപ്പോഴിതാ ബ്രിട്ടൻ അധികാര മാറ്റത്തിലേക്ക് കടക്കുന്നുവെന്നാണ് എക്സിറ്റ് പോൾ ഫലം പറയുന്നത്.14 വർഷം നീണ്ട കൺസർവേറ്റീവ് ഭരണം അവസാനിക്കുമെന്നാണ് പ്രവചനം.ഇതോടെ ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. 650 അംഗ പാർലമെൻറിൽ 410 സീറ്റ് നേടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം, ഋഷി സുനകിൻറെ കൺസർവേറ്റീവ് പാർട്ടിക്ക് 131 സീറ്റ് മാത്രമാണുള്ളത്. നിലവിൽ വോട്ടെണ്ണൽ തുടങ്ങിയിരിക്കുകയാണ്. ഔദ്യോഗിക ഫലങ്ങൾ അല്പസമയത്തിനകം പുറത്തുവരും.
വ്യാഴാഴ്ച ബ്രിട്ടണിലെ പ്രാദേശിക സമയം രാവിലെ 7 മണി മുതൽ രാത്രി 10 മണി വരെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 650 പാർലമെൻ്റ് മണ്ഡലങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വോട്ടർമാർ പാർലമെൻ്റ് അംഗങ്ങളെ (എംപിമാർ) തിരഞ്ഞെടുക്കുന്നതിനായി ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ് (എഫ്പിടിപി) സംവിധാനം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തും.
ഈ സംവിധാനം പ്രകാരം ഓരോ മണ്ഡലത്തിലും ഏറ്റവും കൂടുതൽ വോട്ട് നേടുന്നയാൾ എംപിയാവും. അവർ 50 ശതമാനം വോട്ടുകൾ നേടിയോ എന്നത് വിഷയമാവില്ല. മറ്റ് പല യൂറോപ്യൻ രാജ്യങ്ങളിലും ഉള്ള രീതിയിലുള്ള ആനുപാതിക പ്രാതിനിധ്യ സംവിധാനമല്ല ബ്രിട്ടണിലെ തിരഞ്ഞെടുപ്പിലുള്ളത്.
പോളിങ് അവസാനിച്ചാൽ വോട്ടെണ്ണൽ നടക്കും. ജൂലൈ അഞ്ചിന് തന്നെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. ആകെയുള്ള 650 സീറ്റുകളിൽ ഒരു പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാൽ അവരുടെ നേതാവ് പുതിയ പ്രധാനമന്ത്രിയായി മാറും. ഒരു പാർട്ടിക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യം ആണെങ്കിൽ തൂക്കു പാർലമെൻറ് വരും. ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയിട്ടുള്ള പാർട്ടി മറ്റ് പാർട്ടികളുമായി സഖ്യമുണ്ടാക്കി ഭരിക്കാൻ ശ്രമിക്കും.