ഇസ്രയേലിനുള്ള ആയുധവിതരണം വെട്ടിക്കുറച്ച് ബ്രിട്ടന്‍

350 ലൈസന്‍സുകളില്‍ 30 എണ്ണം സസ്‌പെന്‍ഡ് ചെയ്തു. രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ ഇസ്രയേല്‍ ലംഘിക്കുന്നുവെന്ന ആശങ്ക കാരണമാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമ്മി അറിയിച്ചു.

author-image
Prana
New Update
israel lebenon
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്ത് ബ്രിട്ടന്‍. 350 ലൈസന്‍സുകളില്‍ 30 എണ്ണം സസ്‌പെന്‍ഡ് ചെയ്തു. രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ ഇസ്രയേല്‍ ലംഘിക്കുന്നുവെന്ന ആശങ്ക കാരണമാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമ്മി അറിയിച്ചു.
ആയുധ ഉപരോധമല്ല ഈ നടപടിയെന്ന് ഡേവിഡ് ലാമ്മി വ്യക്തമാക്കി. ഗാസയില്‍ ഇസ്രായേലും ഹമാസും തമ്മില്‍ നടന്നു കൊണ്ടിരിക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നും യുകെ വിദേശകാര്യ മന്ത്രി പറഞ്ഞു.
സുരക്ഷയ്ക്കായി ഇസ്രയേലിന് സ്വയം പ്രതിരോധിക്കേണ്ടതുണ്ടെന്ന് തിരിച്ചറിയുന്നതായി ലമ്മി പറഞ്ഞു. പക്ഷേ ഇസ്രയേല്‍ അവലംബിക്കുന്ന രീതികളെ കുറിച്ചും സാധാരണക്കാരുടെ ജീവന്‍ അപകടത്തിലാവുന്നതിനെ കുറിച്ചുമുള്ള റിപ്പോര്‍ട്ടുകളില്‍ ആശങ്കയുണ്ടെന്ന് യുകെ വിദേശകാര്യ മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. ജൂലൈയില്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചതിന് തൊട്ടുപിന്നാലെ, ബ്രിട്ടന്റെ സഖ്യകക്ഷിയായ ഇസ്രായേലിനുള്ള ആയുധ വില്‍പ്പന അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു.
ബ്രിട്ടന്റെ ആയുധ കയറ്റുമതി ഇസ്രായേലിന് ലഭിക്കുന്ന മൊത്തം ആയുധങ്ങളുടെ ഒരു ശതമാനത്തില്‍ താഴെയാണെന്നും അതിനാല്‍ ഇസ്രയേലിന്റെ സുരക്ഷയെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു, സ്വയം പ്രതിരോധത്തിനുള്ള ഇസ്രയേലിന്റെ അവകാശത്തെ ബ്രിട്ടന്‍ തുടര്‍ന്നും പിന്തുണയ്ക്കുമെന്നും അറിയിച്ചു. തീരുമാനം നിരാശാജനകമാണെന്നും ഹമാസിനും ഇറാനിലെ രക്ഷാധികാരികള്‍ക്കും 'വളരെ പ്രശ്‌നകരമായ സന്ദേശമാണ്' നല്‍കുന്നതെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി കാറ്റ്‌സ് പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് തുടങ്ങിയ ഇസ്രയേല്‍ – ഹമാസ് യുദ്ധം 10 മാസം പിന്നിടുമ്പോള്‍ ഗാസയില്‍ 40,476 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഭൂരിഭാഗവും കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഇതുവരെ 93,647 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

 

britain israel- palastine arms