ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റല്ല ഇസ്രയേലിന്റെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. നസ്‌റല്ലയുടെ മരണത്തിനു പിന്നാലെ ചില അവകാശവാദങ്ങള്‍ ഉയര്‍ത്തി രംഗത്തുവന്നിരിക്കുകയാണ് ഇസ്രയേല്‍. ബെയ്‌റൂട്ടിലെ അല്‍ സഹല്‍ ആശുപത്രിക്ക് അടിയിലെ ബങ്കറില്‍ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ല കോടിക്കണക്കിന് ഡോളറും സ്വര്‍ണവും ഒളിപ്പിച്ചിട്ടുണ്ടെന്നാണ് ഇസ്രയേലിന്റെ ആരോപണം. രഹസ്യാന്വേഷണത്തിലൂടെ ഇക്കാര്യം കണ്ടെത്തിയെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.
എന്നാല്‍, ഇസ്രയേലിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് ആശുപത്രി അധികൃതര്‍ രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞു. ലബനീസ് സൈന്യത്തോട് ആശുപത്രി പരിശോധിക്കാനും അധികൃതര്‍ അഭ്യര്‍ഥിച്ചു.
ഇസ്രയേല്‍ കഴിഞ്ഞ മാസം വധിച്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയുടെ നിര്‍ദേശപ്രകാരമാണ് ബങ്കര്‍ നിര്‍മിച്ചതെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. കോടിക്കണക്കിന് ഡോളറും സ്വര്‍ണവും ബങ്കറിലുണ്ടെന്നാണ് ഇസ്രയേല്‍ പറയുന്നത്. ലബനന്‍ സര്‍ക്കാരും അന്താരാഷ്ട്ര സംഘടനകളും വിഷയത്തില്‍ ഇടപെടണമെന്നും സൈന്യം ആവശ്യപ്പെട്ടു.
ഈ പണം ഇസ്രയേലിനെ ആക്രമിക്കാനോ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനോ ഉപയോഗിക്കാന്‍ അനുവദിക്കരുത്. ആശുപത്രിയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയിട്ടില്ല. ഇസ്രയേല്‍ വ്യോമസേന സ്ഥലത്ത് നിരീക്ഷണം നടത്തുകയാണ്. വര്‍ഷങ്ങളുടെ അന്വേഷണ ഫലമായാണ് ബങ്കര്‍ കണ്ടുപിടിച്ചതെന്നും ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു.
തെക്കന്‍ ലബനനിലെ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളിലാണ് ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടത്. 32 വര്‍ഷമായി ഹിസ്ബുല്ലയുടെ മേധാവിയായിരുന്നു. 18 വര്‍ഷം നീണ്ട അധിനിവേശം അവസാനിപ്പിച്ച് 2000ത്തില്‍ ഇസ്രയേല്‍ സൈന്യത്തെ ലബനനില്‍നിന്നു തുരത്തിയ ഹിസ്ബുല്ലയുടെ ചെറുത്തുനില്‍പ് നസ്‌റല്ലയുടെ നേതൃത്വത്തിലായിരുന്നു. 2006 ലെ യുദ്ധത്തിലും ഇസ്രയേലിനെതിരെ ഹിസ്ബുല്ല വിജയം നേടിയിരുന്നു. ഇതോടെയാണ് നസ്‌റല്ല മേഖലയിലെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാവായി ഉയര്‍ന്നത്.
പലസ്തീന്‍ സായുധ സംഘടനയായ ഹമാസുമായും ഇറാഖിലെയും യെമനനിലെയും സായുധ ഗ്രൂപ്പുകളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവായിരുന്നു നസ്റല്ല. നസ്‌റല്ലയാണ് ലെബനീസ് സൈന്യത്തേക്കാള്‍ വലിയ സൈനിക ശക്തിയായി ഹിസ്ബുല്ലയെ വളര്‍ത്തിയെടുത്തത്. 1960ല്‍ ബെയ്‌റൂട്ടിലാണ് ജനനം. ഒന്‍പത് മക്കളില്‍ മൂത്തവന്‍.
1975ല്‍ ഷിയ ഗ്രൂപ്പുകളുടെ അമല്‍ മൂവ്‌മെന്റിന്റെ ഭാഗമായി. മതപഠനത്തിനുശേഷം ലബനനില്‍ തിരിച്ചെത്തി വീണ്ടും അമല്‍ മൂവ്‌മെന്റിന്റെ ഭാഗമായി. 1982ല്‍ ഇസ്രയേല്‍ ലബനനെ ആക്രമിച്ചപ്പോള്‍ ഗ്രൂപ്പില്‍ നിന്നും വിട്ടുപോയി. ഇറാന്റെ പിന്തുണയോടെ പിന്നീട് ഹിസ്ബുല്ല രൂപീകരിച്ചപ്പോള്‍ ഇതിന്റെ ഭാഗമായി. പിന്നീട് ഹിസ്ബുല്ലയുടെ നേതൃനിരയിലേക്ക് ഉയര്‍ന്നു. ഹിസ്ബുല്ല മേധാവി അബ്ബാസ് അല്‍ മുസാവി ഇസ്രയേലിന്റെ ഹെലികോപ്റ്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ 32ാം വയസില്‍ ഹിസ്ബുല്ലയുടെ പ്രധാന നേതാവായി.