ടെൽ അവീവ് : ഇസ്രായേലിൽ അൽജസീറ ചാനലിന് വിലക്കേർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.വിദേശ ചാനലുകൾക്ക് ഇസ്രായേലിൽ വിലക്കേർപ്പടുത്തുന്ന നിയമം ഇസ്രായേൽ പാർലമെൻറ് പാസാക്കിയതിന് പിന്നാലെയാണ് അൽ ജസീറയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയത്.ഇസ്രായേലിൽ പ്രവർത്തിക്കുന്ന വിദേശ മാധ്യമങ്ങൽ അടച്ചുപൂട്ടാൻ ഉത്തരവിടാനും “സംസ്ഥാനത്തിന്റെ സുരക്ഷയ്‌ക്ക് ഹാനികരമാണെന്ന് കരുതുന്നുണ്ടെങ്കിൽ മാദ്ധ്യമങ്ങളുടെ ഉപകരണങ്ങൾ അടക്കം കണ്ടുകെട്ടാനും പ്രധാനമന്ത്രിക്ക് അധികാരം നൽകുന്നതാണ് പുതിയ നിയമം.
‘ അൽ ജസീറ ഇസ്രായേലിന്റെ സുരക്ഷയെ ഹനിച്ചു, ഒക്ടോബർ 7 ലെ ഹമാസ് കൂട്ടക്കൊലയെ സജീവമായി പിന്തുണച്ചു, ഇസ്രായേൽ സൈനികർക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചു, ചാനലിന്റെ പ്രവർത്തനം നിർത്താൻ പുതിയ നിയമം അനുസരിച്ച് ഉടൻ പ്രവർത്തിക്കാൻ ഞാൻ ഉദ്ദേശിക്കുന്നു,” ബെഞ്ചമിൻ നെതന്യാഹു സമൂഹ മാധ്യമത്തിൽ കുറിച്ചു.അതെസമയം ഇസ്രയേലിനെതിരായ സായുധ പോരാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഹമാസിന്റെ പ്രചരണ വിഭാഗമായാണ് അൽ ജസീറ പ്രവർത്തിക്കുന്നതെന്ന് ഇസ്രായേലിന്റെ കമ്മ്യൂണിക്കേഷൻ മന്ത്രി ഷ്ലോമോ കാർഹി പറഞ്ഞു.
അതെസമയം ഇസ്രായേൽ നടപടിയെ അപലപിക്കുന്നതായി അൽജസീറ അറിയിച്ചു.അൽ ജസീറയെ നിശബ്ദമാക്കാൻ ഇസ്രായേൽ നടത്തുന്ന ആസൂത്രിത ആക്രമണങ്ങളുടെ ഭാഗമായാണ് പുതിയ നടപടിയെന്ന് അൽ ജസീറ പറഞ്ഞു .