ന്യൂഡൽഹി/ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. രാജ്യത്ത് കലാപം കത്തിപ്പടരുന്ന പശ്ചാത്തലത്തിലാണ് രാജി. ധാക്കയിൽ നിന്ന് സുരക്ഷിത താവളത്തിലേക്ക് ഷെയ്‌ഖ് ഹസീന മാറിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രധാനമന്ത്രിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എഎഫ്‌പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഷെയ്‌ഖ് ഹസീന രാജിവെക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുതിർന്ന ഉപദേഷ്ഠാവ് എഎഫ്‌പിയോട് പ്രതികരിക്കവെ പറഞ്ഞിരുന്നു. സാഹചര്യം അത്തരത്തിലായതുകൊണ്ട് സാധ്യതയുണ്ടെന്നും പക്ഷേ, അത് എങ്ങനെ സംഭവിക്കുമെന്നതിൽ ഉറപ്പില്ലെന്നുമായിരുന്നു ഉപദേഷ്ടാവ് വ്യക്തമാക്കിയത്.
രാജിവച്ച ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയുടെ വസതിയിൽ നിന്ന് സഹോദരിയോടൊപ്പം സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലേക്കാണ് തിരിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. വീഡിയോ പ്രസ്താവനയിലൂടെ സമരക്കാരെ അഭിസംബോധന ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും ലക്ഷക്കണക്കിന് പ്രതിഷേധക്കാർ വസതിയിലേക്ക് എത്തുന്നതിനാൽ ഹസീനയ്ക്ക് സമയം ലഭിച്ചില്ലെന്നുമാണ് റിപ്പോർട്ടുകൾ.
ബംഗ്ലാദേശിലെ ക്വാട്ട സംവരണവിരുദ്ധ സമരത്തിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായിരുന്നു. പ്രതിഷേധക്കാരും ഭരണകക്ഷി അനുഭാവികളുമായുണ്ടായ ഏറ്റുമുട്ടലിൽ ഇന്നലെ നൂറോളം പേർ കൊല്ലപ്പെട്ടതായാണ് വിവരം.