പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ ബംഗ്ലാദേശിൽ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് നൂറോളം പേർ. പ്രതിഷേധക്കാരും ഭരണകക്ഷി അനുഭാവികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് മരണങ്ങൾ സംഭവിച്ചത്. സർക്കാർ ജോലികൾക്കുള്ള ക്വാട്ട സംവരണത്തിനെതിരെയാണ് പ്രതിഷേധം നടക്കുന്നത്.
സർക്കാരിന്റെ രാജി ആവശ്യപ്പെട്ടുള്ള നിസ്സഹകരണ പരിപാടിയിൽ പങ്കെടുത്ത പ്രതിഷേധക്കാർ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ സംഘടിപ്പിച്ച പരിപാടിയിലേക്ക് ഭരണകക്ഷിയായ അവാമി ലീഗും അവരുടെ വിദ്യാർഥി സംഘടനയായ ഛത്ര ലീഗും പോഷക സംഘടനയായ ജൂബോ ലീഗും ഉൾപ്പെടെ ഇടിച്ച് കയറുകയും സംഘർഷം ആരംഭിക്കുകയുമായിരുന്നു. അക്രമത്തിൽ 14 പൊലീസുകാർ ഉൾപ്പെടെ 91 പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
രൂക്ഷമായ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിലും മൊബൈൽ ഇന്റർനെറ്റിന് കർശന നിയന്ത്രണമേർപ്പെടുത്തിയ സാഹചര്യത്തിലും രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്താൻ ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ പൊതുജന സുരക്ഷ ഉറപ്പാക്കാൻ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പൊതു അവധിയും പ്രഖ്യാപിച്ചു. കോടതികൾ അനിശ്ചിതകാലത്തേക്ക് അടച്ചിടും.
ബംഗ്ലാദേശിലെ അക്രമാസക്തമായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്തേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യ പൗരന്മാരോട് അഭ്യർഥിച്ചു. ബംഗ്ലാദേശിലെ ഇന്ത്യൻ പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാനും ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായി സമ്പർക്കം പുലർത്താനും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സർക്കാർ ജോലികൾക്കുള്ള ക്വാട്ട സമ്പ്രദായം ബംഗ്ലാദേശ് ഹൈക്കോടതി പുനഃസ്ഥാപിച്ചതിനെത്തുടർന്നാണ് രാജ്യത്ത് പ്രതിഷേധം ആരംഭിച്ചത്. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബത്തിൽപ്പെട്ടവർക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. നിലവിൽ സർക്കാർ ജോലിയിൽ 56 ശതമാനത്തോളം വിവിധ സംവരണങ്ങൾ ഉണ്ട്. തൊഴില്ലായ്മ രൂക്ഷമായ രാജ്യത്ത് സംവരണ പോസ്റ്റുകൾ ഒഴിഞ്ഞ് കിടുക്കുമ്പോഴും സംവരണമില്ലാത്ത ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കുന്നില്ലെന്നാണ് പ്രക്ഷോഭകാരികൾ പറയുന്നത്.