പലേർമോ: ഇറ്റലിക്കു തെക്കു സിസിലി ദ്വീപ് തീരത്ത് കൊടുങ്കാറ്റിൽ ആഡംബര നൗക മുങ്ങി. ഒരാൾ കൊല്ലപ്പെട്ടു. ബ്രിട്ടിഷ് ടെക് വ്യവസായ പ്രമുഖൻ മൈക് ലിൻജ് (59) അടക്കം 6 പേരെ കാണാതായി. ലിൻജിന്റെ ഭാര്യ അടക്കം 15 പേരെ രക്ഷിച്ചു. 184 അടി നീളമുള്ള ‘ബേസിയൻ’എന്ന നൗകയിൽ 10 ജീവനക്കാർ ഉൾപ്പെടെ 22 പേരാണ് ഉണ്ടായിരുന്നത്.
‘ബ്രിട്ടിഷ് ബിൽ ഗേറ്റ്സ്’ എന്നറിയപ്പെടുന്ന ലിൻജ് യുകെയിലെ സോഫ്റ്റ്‌വെയർ മേഖലയിലെ വമ്പന്മാരിലൊരാളാണ്. അദ്ദേഹത്തിന്റെ സോഫ്റ്റ്‌വെയർ കമ്പനിയായ ‘ഓട്ടോണമി’യുടെ വിൽപനയുമായി ബന്ധപ്പെട്ട കേസിൽ ജൂണിലാണു സാൻഫ്രാൻസിസ്കോ കോടതി ലിൻജിനെ കുറ്റവിമുക്തനാക്കിയത്.
സിസിലിയുടെ തലസ്ഥാനമായ പലേർമോയിൽനിന്ന് തിങ്കളാഴ്ച പുലർച്ചെയാണ് നൗക പുറപ്പെട്ടത്. മോശം കാലാവസ്ഥ പ്രവചിച്ചിരുന്നുവെങ്കിലും ശക്തമായ കൊടുങ്കാറ്റ് അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇറ്റലിയിൽ ശക്തമായ മഴയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായിരുന്നു.