ഒളിവിലിരുന്നുകൊണ്ടുള്ള ഖലിസ്ഥാന് തീവ്രവാദികളുടെ ഇന്ത്യയ്‌ക്കെതിരായ ഭീഷണി തുടരുകയാണ്. ഏറ്റവും ഒടുവിലായി അയോധ്യയിലെ ശ്രീരാമക്ഷേത്രം ആക്രമിക്കുമെന്നും അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ അടിക്കല്ല് ഇളക്കുമെന്നുമാണ് സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ നേതാവ് ഗുര്‍പത് വന്ത് സിംഗ് പന്നുന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.
അക്രമാസക്തമായ ഹിന്ദു ആശയത്തിന്റെ ജന്മസ്ഥലമാണ് അയോധ്യയെന്നും പന്നുന്‍ പറയുന്നു. ഇന്ത്യയിലെ ഒരു എന്‍ജിഒ എഴുതിക്കൊടുത്തത് പോലെയുള്ള പ്രയോഗങ്ങളാണ് പന്നുന്‍ തന്റെ ഭീഷണി വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. വീഡിയോയില്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ പ്രധാനമന്ത്രി മോദി പ്രാര്‍ത്ഥിക്കുന്ന ചിത്രം കാണിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഇന്ന് ഏറ്റവും പരിപാവനമായി കാണുന്ന ആരാധനാലയമാണ് അയോധ്യ രാമക്ഷേത്രം. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതോടെ ഖലിസ്ഥാന്‍ തീവ്രവാദ സംഘടനകളുടെ കാനഡയും യുഎസും കേന്ദ്രമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടച്ചു നീക്കപ്പെടുമെന്ന വിലയിരുത്തലുകള്‍ പുറത്തുവരുന്നതിനിടയിലാണ് പൊടുന്നനെ ഗുര്‍പത് വന്ത് സിങ്ങ് പന്നുന്റെ ഈ ഭീഷണിവീഡിയോ പുറത്തുവന്നിരിക്കുന്നത്.
കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കാര്യമായി പിന്തുണ നല്‍കുന്ന നേതാവാണ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍. ജോ ബൈഡന്റെ ഡമോക്രാറ്റിക് സര്‍ക്കാരുള്ളപ്പോള്‍ പന്നുനെ വധിക്കാന്‍ ഇന്ത്യന്‍ പ്രതിരോധ സേനയിലെ മുന്‍ ഉദ്യോഗസ്ഥന്‍ ശ്രമിച്ചു എന്ന് യുഎസ് തന്നെ ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
നവമ്പര്‍ 16,17 തീയതികളില്‍ ആക്രമിക്കുമെന്നാണ് ഭീഷണി. ഈയിടെ കാനഡയില്‍ ഖലിസ്ഥാന്‍ വാദികള്‍ ആക്രമിച്ച ഹിന്ദു ക്ഷേത്രം നിലനിന്നിരുന്ന ബ്രാംടണില്‍ നിന്നാണ് പന്നുന്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നതെന്നാണ് സംശയിക്കപ്പെടുന്നത്.
മോദി സര്‍ക്കാരിനെ ഖലിസ്ഥാന്‍ വാദികളുമായി ഏറ്റുമുട്ടലില്‍ ഏര്‍പ്പെടുത്തുക വഴി ക്രമേണ അത് സിഖുകാരുമായുള്ള ശത്രുതയിലേക്ക് മാറ്റാന്‍ ചില ഗൂഢശക്തികള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉയരുന്നുണ്ട്.
പന്നുന്‍ മുന്‍പ് നടത്തിയ പല ഭീഷണികളും നടപ്പിലായിട്ടില്ല. നവമ്പര്‍ ഒന്നിന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും അതും വെറും ഭീഷണി മാത്രമായി ഒതുങ്ങിപ്പോവുകയായിരുന്നു.എന്നാല്‍ ഭീഷണിയൊന്നും നിസാരമായി കാണുന്നില്ലെന്നും കനത്ത സുരക്ഷ തന്നെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
2019ലാണ് എന്‍.ഐ.എ. പന്നുനെതിരെ ആദ്യം കേസെടുത്തത്.പഞ്ചാബിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും ഇയാള്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നതിന്റെ നിര്‍ണായക വിവരങ്ങള്‍ എന്‍.ഐ.എ ശേഖരിച്ചിരുന്നു.യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യാന്‍ സൈബര്‍ ഇടം ദുരുപയോഗിക്കുന്നതും കണ്ടെത്തി.ഖാലിസ്ഥാന്‍ എന്ന സ്വതന്ത്ര നാടിനായി പോരാടാന്‍, പഞ്ചാബിലെ ക്രിമിനല്‍ സംഘങ്ങളുടെ നേതാക്കളെയും യുവാക്കളെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തിരുന്നു.
രാജ്യത്തിന്റെ അഖണ്ഡത, പരമാധികാരം, ഏകത, സുരക്ഷ എന്നിവയ്ക്ക് ഭീഷണിയാണ് പന്നുന്റെ പ്രവര്‍ത്തനമെന്നും എന്‍.ഐ.എ പറയുന്നു. കാനഡയിലെ ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ഇയാള്‍ ഇന്ത്യ - കാനഡ പ്രതിസന്ധിക്കിടെ ഭീഷണി മുഴക്കിയിരുന്നു. 2019 ജൂലായ് 10ന് സിഖ്‌സ് ഫോര്‍ ജസ്റ്റിസിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. പിന്നീട് 2020 ജൂലൈ ഒന്നിന് പന്നുനിനെ ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തു.