അപ്രതീക്ഷിതമായിരുന്നു ഇസ്രയേലിന് ആ ആഘാതം. തിരിച്ചടി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ആക്രമണം ഇത്രത്തോളം ആഘാതം ഉണ്ടാക്കുമെന്ന് ഇസ്രേയല്‍ ചിന്തിച്ചതേയില്ല. ലോകത്തെ സൂപ്പര്‍ പവര്‍ ഒരു നിമിഷം കൊണ്ടു തകര്‍ന്നടിഞ്ഞു. മാധ്യമവിലക്ക് ഏര്‍പ്പെടുത്തി ദൃശ്യങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. എന്നിട്ടും ആദ്യം പുറത്തുവന്നത് ചാര ഏജന്‍സി മൊസാദിന്റെ ഓഫീസിനു തൊട്ടരികില്‍ ആക്രമണത്തില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തം. പിന്നാലെ തന്ത്രപ്രധാനമായ എയര്‍ബേസില്‍ നാശനഷ്ടങ്ങളുണ്ടാക്കിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ഇസ്രയേലിനെ അതിലുപരിയായി പ്രധാനമന്ത്രി നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം വലിയ അപമാനമാണിത്. തിരിച്ചടി ഉറപ്പാണ്. എല്ലാവര്‍ക്കും അതറിയാം. പക്ഷേ, എങ്ങനെ, എപ്പോള്‍ ഈ ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. ഏറെ ശ്രദ്ധയോടെ മാത്രമേ ഇസ്രയേല്‍ പ്രത്യാക്രമണം നടത്തൂ എന്നാണ് വിലയിരുത്തല്‍. തന്ത്രശാലികളാണ് ഇസ്രയേല്‍. വൈകാരികമായല്ല, തന്ത്രപരമായ നീക്കമാണ് എല്ലായിപ്പോഴും ഇസ്രയേല്‍ നടത്തുക. അതിനു വര്‍ഷങ്ങളോളം മുന്നൊരുക്കം നടത്തും. ആവനാഴിയിലെ തന്ത്രങ്ങളോരാന്നായി പുറത്തെടുക്കും.
ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയുടെ കൊലപാതകത്തിലും ഹിസ്ബുള്ളക്കെതിരായ പേജര്‍, വാക്കിടോക്കി സ്‌ഫോടനത്തിലുമെല്ലാം ഈ തന്ത്രം നമ്മള്‍ കണ്ടതാണ്. അതുകൊണ്ടുതന്നെ ഇറാനെ തന്ത്രപരമായ നീക്കത്തിലൂടെയാവും ഇസ്രയേല്‍ കീഴ്‌പ്പെടുത്തുക. പല സാധ്യതകളാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സൈനിക ആക്രമണം മാത്രമാവില്ല ഇറാനെതിരെ ഇസ്രയേല്‍ നടത്തുക. ഉപരോധം ഉള്‍പ്പെടെയുള്ള ആയുധങ്ങളും പ്രയോഗിക്കും. ഉപരോധങ്ങള്‍ തകര്‍ത്ത രാജ്യമാണ് ഇസ്രയേല്‍. ഇനിയും അതൊന്നും താങ്ങാനുള്ള ശേഷി ആ രാജ്യത്തിനും ജനങ്ങള്‍ക്കും ഉണ്ടാവില്ല. ഇറാന്റെ ആണവ സംവിധാനങ്ങള്‍ ഇസ്രയേലിനെ ഭയപ്പെടുത്തുന്നുണ്ട്.
വൈകാരികമായി പ്രതികരിക്കുന്ന ഇറാന്‍ ആണവായുധങ്ങള്‍ പ്രയോഗിച്ചാലും അത്ഭുതപ്പെടാനില്ല. ഈ ആണവ സംവിധാനങ്ങളെ തകര്‍ക്കലും ഇസ്രയേലിന്റെ അജണ്ടയിലുണ്ടാവും. അതു മുന്‍കൂട്ടി കണ്ടാവാം ആണവ സംവിധാനങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയാല്‍ കൂടെ നില്‍ക്കില്ലെന്ന് ചിരകാല സുഹൃത്തായ അമേരിക്ക ഒരു മുഴം മുമ്പേ എറിഞ്ഞത്.അമേരിക്കയുടെ സൈനിക സഹായമില്ലാതെ ഇറാന്റെ ആണവ ശൃംഖലയെ തകര്‍ക്കാനാവില്ല എന്നാണ് സൈനിക വിദഗ്ധര്‍ പറയുന്നത്. യുറേനിയം സമ്പുഷ്ടമാക്കുന്ന ഇറാന്റെ നതാന്‍സും ഫോര്‍ഡോയും പോലുള്ള പ്രധാന കേന്ദ്രങ്ങള്‍ ഭൂമിക്കടിയിലാണ് സ്ഥിതി ചെയ്യുന്നത്.
ഇവ നിരവധി മീറ്ററുകളോളം പാറകളും കോണ്‍ക്രീറ്റുകളും കൊണ്ട് സംരക്ഷിച്ചു നിര്‍ത്തിയിരിക്കുകയാണ്. ഇവിടെ ആക്രമണം നടത്താന്‍ അമേരിക്കയുടെ സഹായം വേണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതിന്റെ അപകട സാധ്യതയും ഇസ്രയേലിനെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍ നിന്ന് പിന്‍തിരിപ്പിച്ചേക്കാം.
ഇറാന്റെ വ്യോമ പ്രതിരോധം ദുര്‍ബലമാണ്. ഇസ്രയേലിന്റെ വ്യോമാക്രമണം പ്രതിരോധിക്കാനോ മിസൈലുകള്‍ തടയാനോ ഇറാന്‍ ഏറെ ബുദ്ധിമുട്ടും. ഇറാന്‍ ആദ്യമായി ഇസ്രയേലിലേക്ക് നേരിട്ടു വ്യോമാക്രമണം നടത്തിയതിന്റെ തിരിച്ചടിയായി കഴിഞ്ഞ ഏപ്രില്‍ 19 ന് ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇറാന്റെ തന്ത്രപ്രധാനമായ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് നാശമുണ്ടാക്കാന്‍ ഇസ്രയേലിനു സാധിച്ചിരുന്നു.
ഇസ്രയേലിനു മുന്നിലുള്ള മറ്റൊരു പ്രതികാര മാര്‍ഗം ഇറാന്റെ എണ്ണയുത്പാദന മേഖലകളില്‍ ആക്രമണം നടത്തുകയെന്നതാണ്. പ്രധാന എണ്ണ ടെര്‍മിനലുകളെ ആക്രമിക്കുന്നത്, ക്രൂഡ് ഓയില്‍ കയറ്റുമതിയെ വളരെയധികം ആശ്രയിക്കുന്ന ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കും. ഇപ്പോള്‍ ചെയ്യുന്നതുപോലെ, രഹസ്യ നീക്കങ്ങളും, അതുവഴി നടത്തുന്ന കൊലപാതകങ്ങളും ഇസ്രയേല്‍ തുടരാനും സാധ്യതയുണ്ട്. ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള ഉന്നതന്മാരുടെ കൊലപാതകങ്ങള്‍ മുന്‍പേ തന്നെ ഇസ്രയേലിന്റെ ലക്ഷ്യമാണ്. ഈ സമീപനം വിപുലീകരിക്കാനും സാധ്യതയുണ്ട്. ചാണക്യ തന്ത്രങ്ങള്‍ക്ക് പേരുകേട്ട രാജ്യമാണ് ഇസ്രയേല്‍. ഇറാന് തിരിച്ചടി നല്‍കും എന്നുറപ്പാണ്. അത് എങ്ങനെയാവും തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന ഇറാനെ ബാധിക്കുമെന്ന് കാത്തിരുന്നു കാണേണ്ടി വരും.