കഴിഞ്ഞ ദിവസം ഇറാന്‍ ഇസ്രയേലിലേക്ക് അയച്ചത് പലതരം മിസൈലുകളാണ്. ഫത്താ, ഗദര്‍, ഇമാദ് തുടങ്ങിയ മിസൈലുകളാണ് ഓപ്പറേഷന്‍ ട്രൂ പ്രോമിസ് എന്നു പേരുള്ള മിസൈലാക്രമണത്തില്‍ ഇറാന്‍ ഉപയോഗിച്ചത്. ഇമാദും ഗദറും മധ്യനിര റേഞ്ച് ബാലിസ്റ്റിക് മിസൈലുകളാണ്.
ഇസ്രയേലിന്റെ പ്രശസ്തമായ അയണ്‍ ഡോം സംവിധാനത്തെ ലക്ഷ്യമിട്ടാണ് ഈ മിസൈലുകള്‍ വന്നത്. എന്നാല്‍ ഇറാന്റെ ആദ്യ ഹൈപ്പര്‍സോണിക് മിസൈലായ ഫത്താഹ് ഇസ്രയേലിന്റെ ആരോ ഡിഫന്‍സ് സംവിധാനത്തെയാണ് ലക്ഷ്യമിട്ടത്. ഫത്താ മിസൈലിന് ഏത് ശത്രു മിസൈല്‍ സംവിധാനത്തെയും തുളച്ചുകയറി ആക്രമിക്കാനുള്ള കരുത്തുണ്ടെന്ന് ഇറാന്‍ മുന്‍പേ അവകാശപ്പെട്ടിരുന്നു. ഇറാനിയന്‍ റവല്യൂഷനറി ഗാര്‍ഡ്‌സിന്റെ എയ്‌റോസ്‌പേസ് ഫോഴ്‌സ് സ്‌പെഷലിസ്റ്റുകളാണ് ഫത്താ വികസിപ്പിച്ചത്.
ഇറാന്റെ ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, 1400 കിലോമീറ്റര്‍ വരെ ഈ മിസൈലിന് റേഞ്ചുണ്ട്. ശബ്ദവേഗത്തിന്റെ 15 മടങ്ങുവേഗം കൈവരിക്കാനും ഇതിനു കഴിയുമെന്ന് കരുതുന്നു. പൊതുവെ ഹൈപ്പര്‍സോണിക് മിസൈലുകളെ തടയാനോ ചെറുക്കാനോ പാടാണ്. ഇതിനു പുറമേ ഫത്താഹില്‍ അധികമായുള്ള രഹസ്യചലന സംവിധാനങ്ങള്‍ മിസൈലിനെ കൂടുതല്‍ അപകടകാരിയാക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശേഷിയും മിസൈലിനുണ്ടെന്ന് റവല്യൂഷനറി ഗാര്‍ഡ്‌സ് വെളിപ്പെടുത്തിയിരുന്നു.
മിസൈല്‍ സാങ്കേതികവിദ്യയില്‍ വലിയ ശ്രദ്ധ ഇറാന്‍ നല്‍കുന്നുണ്ട്. മേഖലയിലെ വലിയ ഒരു ശാക്തിക രാജ്യമാകാന്‍ മിസൈലുകള്‍ വലിയ രീതിയില്‍ സഹായകമാകും എന്ന തിരിച്ചറിവാണ് ഇതിനു കാരണം. ഇസ്രയേലില്‍ എവിടെയും ആക്രമണം നടത്താന്‍ കഴിയുന്ന പുതിയ മിസൈല്‍ എന്ന വാദത്തോടെയാണ് ഖൈബര്‍ ബസ്റ്റര്‍ എന്ന മിസൈല്‍ 2022ല്‍ പുറത്തിറക്കിയത്. പൂര്‍ണമായും തദ്ദേശീയമായി ആയിരുന്നു മിസൈലിന്റെ നിര്‍മാണം. മധ്യപൂര്‍വ മേഖലയില്‍ ഏറ്റവും കൂടുതല്‍ മിസൈലുകള്‍ ഉള്ള രാജ്യം ഇറാനാണ്. 20 തരം ബാലിസ്റ്റിക് മിസൈലുകളും മറ്റ് അനവധി ക്രൂയിസ് മിസൈലുകളും ഇതില്‍ ഉള്‍പ്പെടും.
780 കിലോമീറ്റര്‍ റേഞ്ചുള്ള ഖയാം 1760 കിലോമീറ്റര്‍ റേഞ്ചുള്ള ഗദര്‍ 1 എന്നിവയൊക്കെ ഇറാന്റെ ദീര്‍ഘദൂര റേഞ്ച് മിസൈലുകളാണ്. മിസൈലുകളില്‍ മാത്രമല്ല, മിസൈല്‍ വേധ സംവിധാനങ്ങളിലും ഇറാന്‍ അടുത്തിടെ ശ്രദ്ധ നല്‍കി തുടങ്ങിയിട്ടുണ്ട്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ലോകപ്രസിദ്ധി നേടിയ മിസൈല്‍ വേധ സംവിധാനം അയണ്‍ ഡോമിന്റെ തദ്ദേശീയ പതിപ്പ് ഇടയ്ക്ക് ഇറാന്‍ ഒരുക്കിയിരുന്നു.
ഇന്റഗ്രേറ്റഡ് എയര്‍ ഡിഫന്‍സ് നെറ്റ്വര്‍ക് എന്ന ഗണത്തില്‍ വരുന്ന മിസൈല്‍ വേധ സംവിധാനത്തിന്റെ പേര് സ്‌കൈ ഡിഫന്‍ഡേഴ്‌സ് വെലായത് 1400 എന്നാണ്. ക്രൂയിസ് മിസൈലുകളെ നേരിടാനാണ് സംവിധാനം സഹായിക്കുക. നിലവില്‍ മറ്റു രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന മിസൈല്‍ ഡിഫന്‍സ് സിസ്റ്റംസില്‍ നിന്ന് വ്യത്യസ്തമാണ് ഇത്. നാലു വിക്ഷേപണ കാനിസ്റ്ററുകളുള്ള സംവിധാനത്തിന് ഒറ്റത്തവണ 12 മിസൈലുകള്‍ വിക്ഷേപിക്കാന്‍ സാധിക്കും.
അതിനിടെ ഒക്ടോബര്‍ 1ന് വൈകിട്ട് തൊടുത്തുവിട്ട ആ 181 ഇറാനിയന്‍ മിസൈലുകള്‍ക്ക് എണ്ണിയെണ്ണി തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയും സൈനിക മേധാവികളും ഒന്നടങ്കം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇറാന്റെ ആണവ കേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും ലക്ഷ്യമിട്ട് വന്‍ ആക്രമണം നടത്താനാണ് ഇസ്രയേല്‍ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും ഇറാനെതിരായ നിര്‍ണായക നടപടിക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇറാന്റെ ആണവ ശക്തി നശിപ്പിക്കണമെന്നും അവരുടെ പ്രധാന ഊര്‍ജ സംവിധാനങ്ങള്‍ തകര്‍ക്കണമെന്നും ഈ ഭീകര ഭരണകൂടത്തിന് ശക്തമായ പ്രഹരമേല്‍പ്പിക്കണമെന്നുമായിരുന്നു ബെന്നറ്റിന്റെ വാക്കുകള്‍. ഇറാന്റെ ആണവ പദ്ധതികളും അതിവേഗം പുരോഗമിക്കുകയാണ്.
അതേസമയം, ഇസ്രയേല്‍ അപ്രഖ്യാപിത ആണവായുധ ശക്തിയായി ഇറാനെ കണക്കാക്കുകയും ചെയ്യുന്നു. 2015ലെ ആണവ കരാറില്‍ നിന്ന് ട്രംപ് ഭരണകൂടം പിന്‍വലിഞ്ഞതിനു ശേഷം ഇറാന്‍ ആണവ പദ്ധതിയില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.
60 ശതമാനം സംപുഷ്ടമായ യുറേനിയം ഉല്‍പാദിപ്പിക്കുന്ന ഒരേയൊരു ആണവായുധ ഇതര രാജ്യമാണ് ഇറാന്‍. കൂടാതെ മൂന്ന് ബോംബുകളെങ്കിലും നിര്‍മിക്കാന്‍ ആവശ്യമായ ആണവ ഇന്ധനം ഇറാന്റെ കൈവശമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്റെ ആണവ പദ്ധതി പതിറ്റാണ്ടുകളായി രാജ്യാന്തര സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ദുവാണ്. ആണവായുധ വികസനത്തിന് ഇറാന് എത്രമാത്രം സാധിക്കും എന്നതിലാണ് ചര്‍ച്ചകളേറെയും. അത്രയേറെ രഹസ്യാത്മകമാണ് അവരുടെ പ്രവൃത്തികളും. ആണവ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഇറാന്‍ വാദിക്കുന്നുണ്ടെങ്കിലും ആണവ കേന്ദ്രങ്ങളുടെ സ്ഥാനവും സ്വഭാവവും ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്.