വാഷിങ്ടണ്‍: യുദ്ധരംഗത്തെ ആയുധങ്ങള്‍കൊണ്ട് എന്നും പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന അമേരിക്കയുടെ പുതിയ നീക്കവും വിജയംകണ്ടതായുള്ള വാര്‍ത്തകള്‍ പുറത്തുവരികയാണ്. മാന്താ റേ എന്ന കൂറ്റന്‍ മത്സ്യത്തിന്റെ ആകൃതിയിലുള്ള ആളില്ലാ അന്തര്‍വാഹിനിയുടെ പരീക്ഷണം വിജയം കണ്ടതായി പെന്റഗണിന്റെ ഗവേഷണ വിഭാഗമായ ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട്സ് ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
പ്രതിരോധ ആയുധ നിര്‍മ്മാണ സ്ഥാപനമായ നോര്‍ത്ത്‌റോപ്പ് ഗ്രുമ്മന്‍ നിര്‍മ്മിച്ച മാന്ത റേ തെക്കന്‍ കാലിഫോര്‍ണിയ തീരത്താണ് പരീക്ഷണം നടത്തിയത്. വെളുത്ത മിനുസമാര്‍ന്ന രീതിയിലുള്ള മാന്താറേയ്ക്ക് കടലിന്റെ അടത്തട്ടില്‍ മാസങ്ങളോളം പതുങ്ങിയിരുന്ന് നിരീക്ഷണം നടത്താനും ഡ്രോണ്‍ തൊടുക്കാനും കഴിയും. പ്രധാനമായും ഒരു ടോര്‍പ്പിഡോ അല്ലെങ്കില്‍ ചെറിയ അന്തര്‍വാഹിനി പോലെ പ്രവര്‍ത്തിക്കാനും കഴിയുന്ന അന്തര്‍വാഹിനി ബൂയന്‍സി-ഡ്രൈവ് ഗ്ലൈഡിംഗ് വിദ്യയിലൂടെയാണ് ജലത്തിലൂടെ സഞ്ചരിക്കുന്നത്.
വിവിധ തരത്തിലുള്ള നാവിക ദൗത്യങ്ങള്‍ക്കായി ഒന്നിലധികം വലിപ്പത്തിലും തരത്തിലുമുള്ള നിരവധി പേലോഡ് ബേകള്‍ ഉപയോഗിച്ചാണ് ക്രാഫ്റ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
റഷ്യന്‍, ചൈനീസ് അന്തര്‍വാഹിനി പ്രവര്‍ത്തനങ്ങളെ നേരിടാന്‍ നാവികസേനയുടെ ദീര്‍ഘദൂര ഡ്രോണുകളും ഇവയ്ക്കുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ആണവാക്രമണങ്ങള്‍ നടത്താന്‍ ശേഷിയുള്ള അന്തര്‍വാഹിനികള്‍ റഷ്യ രംഗത്തിറക്കിയതിന് പിന്നാലെയാണ്. കടലിനടിത്തട്ടില്‍ പതുങ്ങിയിരുന്ന് നിരീക്ഷണം നടത്താനും പ്രതിരോധം ഏര്‍പ്പെടുത്താനും സാധിക്കുന്ന അന്തര്‍വാഹിനി നിര്‍മ്മിക്കാന്‍ അമേരിക്ക തയാറെടുത്തത്. ന്യൂക്ലിയാര്‍ ഫ്യൂഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍ക്ക് 200 കിലോമീറ്റര്‍ അകലെയുള്ള ശത്രുവിനെ തകര്‍ക്കാനും സാധിക്കും. 6200 കിലോമീറ്റര്‍ ചുറ്റളവില്‍ അന്തര്‍വാഹിനി നിരീക്ഷണം നടത്തും.
ബ്രിട്ടനും ആസ്ട്രേലിയയും യുക്രെയ്നുമൊക്കെ ഈ ആളില്ലാ അന്തര്‍വാഹിനിക്കായി അമേരിക്കയെ സമീപിച്ചിട്ടുണ്ട്. കരിങ്കടല്‍ മേഖലയില്‍ റഷ്യയുടെ ഭീഷണി നേരിടുകയാണ് അവരും ലക്ഷ്യമിടുന്നത്. ഈ വര്‍ഷം തന്നെ മാന്താ റേ നാവികസേനയുടെ ഭാഗമാക്കുമെന്നും അമേരിക്ക പറയുന്നുണ്ട്. വിവിധ വലിപ്പത്തിലുള്ള ഇത്തരം അന്തര്‍വാഹിനികളുടെ നിര്‍മ്മാണവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 100 ഡ്രോണുകള്‍ വരെ വഹിക്കാന്‍ ശേഷിയുള്ളവയാണ് ഇവ.
റഡാറിന്റെയും മറ്റ് നരീക്ഷണ സംവിധാനങ്ങളുടെയും കണ്ണില്‍പ്പെടാതെ വെള്ളത്തിനടിയിലൂടെ സഞ്ചരിക്കുന്ന അനര്‍വാഹിനിക്ക് കിലോമീറ്റര്‍ അകലെയുള്ള ശത്രുക്കളെ തരിച്ചറിയാനും പ്രതിരോധിക്കാനും സാധിക്കുമെന്നും പറയുന്നുണ്ട്. അഞ്ച് വര്‍ഷമായിരിക്കും മാന്താറേയുടെ പ്രവര്‍ത്തന കാലാവധി. പിന്നീട് അവ പുനര്‍നിര്‍മ്മിച്ച് ഉപയോഗിക്കാനും സാധിക്കും.