ഗാസ: ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും ബന്ദികളെ വിട്ടയ്ക്കാനുമുള്ള ഏറ്റവും മികച്ചതും അവസാനത്തേതുമായ അവസരമാണ് നിലവിലുള്ളതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായുള്ള കൂടിക്കാഴ്ചയിലാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുടെ പരാമര്‍ശമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ദോഹയില്‍ നടന്ന ധാരണാ ചര്‍ച്ച തുടര്‍ന്നതില്‍ പ്രതീക്ഷയുണ്ടെന്നാണ് അമേരിക്ക വിശദമാക്കുന്നത്. എന്നാല്‍ ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നുള്ള വാദം മിഥ്യാധാരണയാണെന്നാണ് ഹമാസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ആന്റണി ബ്ലിങ്കന്‍ വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഒക്ടോബര്‍ ഏഴിന് ശേഷം 9ാം തവണയാണ് ആന്റണി ബ്ലിങ്കന്‍ മധ്യേഷ്യയില്‍ സന്ദര്‍ശനം നടത്തുന്നത്. ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 40000ല്‍ അധികം ആളുകളാണ് കഴിഞ്ഞ ഒക്ടോബറിന് ശേഷം മാത്രം ഗാസയില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ഗാസ വെടിനിര്‍ത്തല്‍ ധാരണക്കായി നയതന്ത്ര ചര്‍ച്ചകളുടെ രണ്ടാംറൗണ്ട് അടുത്തയാഴ്ച ദോഹയില്‍ തുടരുമെന്നാണ് സൂചന.
അതേസമയം ഗാസയ്ക്കായി ഇസ്രയേലിലെ പലസ്തീന്‍കാര്‍ ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കാന്‍ ആരംഭിച്ചു. സ്റ്റാന്‍ഡ് ടുഗെദര്‍ എന്ന ക്യാംപെയിന്റെ ഭാഗമായാണ് സമാഹരണം. ഭക്ഷണവും ഡയപ്പറുകളും സ്ത്രീകള്‍ക്ക് വേണ്ടുന്ന അവശ്യവസ്തുക്കളും വേണമെന്നാണ് സ്റ്റാന്‍ഡ് ടുഗെദര്‍ എന്ന ക്യാംപെയിന്റെ ആഹ്വാനം. ഗാസയില്‍ ഭക്ഷ്യവസ്തുക്കള്‍ ദുര്‍ലഭമായ സാഹചര്യത്തിലാണ് സ്റ്റാന്‍ഡ് ടുഗെദര്‍ ക്യാംപെയിന്‍ സജീവമാകുന്നത്. മറ്റൊരു സംഭവത്തില്‍ ഗാസയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണമുണ്ടായി. മധ്യ ഗാസയിലെ നുസൈറത്തില്‍ വീട് ലക്ഷ്യമാക്കി നടന്ന ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു. കുട്ടികളടക്കമുള്ളവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ദെയ്ര്‍ അല്‍ബലായില്‍ 21 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നാലെയാണ് ഈ ആക്രമണം.