ഇസ്രയേല്‍, ഇറാനില്‍ വ്യോമാക്രമണം നടത്തി. ഗസ്സയിലും ലബനാനിലും ശക്തമായ ആക്രമണം തുടരുകയാണ്. അതിനിടയില്‍, ഇസ്രായേലിന് വീണ്ടും തിരിച്ചടി. ലബനാനില്‍ ഹിസ്ബുല്ല ആക്രമണത്തില്‍ ഇസ്രയേലിന്റെ അഞ്ച് സൈനികര്‍ കൂടി കൊല്ലപ്പെട്ടു. ലബനനില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 10 ഇസ്രയേല്‍ സൈനികരാണ്. തെക്കന്‍ ലബനാനില്‍ ഹിസ്ബുല്ല ആക്രമണത്തില്‍ പത്ത് സൈനികര്‍ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇക്കാര്യം ഇസ്രായേല്‍ പ്രതിരോധ സേന തന്നെയാണ് അറിയിച്ചത്.
മൂന്ന് വ്യത്യസ്ത ആക്രമണങ്ങളിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച തെക്കന്‍ ലബനാനിലെ ഗ്രൗണ്ട് ഓപറേഷനു വേണ്ടി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനിടെ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്.
മറ്റ് രണ്ടിടങ്ങളില്‍ നടന്ന ആക്രമണത്തിലാണ് അഞ്ച് പേര്‍ കൂടി കൊല്ലപ്പെട്ടത്. തെക്കന്‍ ലബനാനില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ നാല് സൈനികര്‍ കൂടി കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ഐഡിഎഫ് അറിയിച്ചു.
ഒരു ഭൂഗര്‍ഭ അറയില്‍നിന്ന് പുറത്തുകടന്ന് വെടിയുതിര്‍ക്കുകയും ഗ്രനേഡുകള്‍ എറിയുകയും ചെയ്താണ് ഹിസ്ബുല്ല സംഘം ഈ നാലു സൈനികരെ കൊലപ്പെടുത്തിയത്. ഇസ്രായേലിനു നേരെ ആക്രമണം കടുപ്പിക്കുമെന്ന് ഹിസ്ബുല്ല അറിയിച്ചിരുന്നു. പിന്നാലെയാണ് പത്തോളം സൈനികര്‍ കൊല്ലപ്പെട്ടത്.
ഗസ്സയില്‍ ജബാലിയയില്‍ ഇസ്രായേല്‍ സൈനിക വാഹനങ്ങള്‍ക്കു നേരെ ഹമാസിന്റെ സൈനികവിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്സ് നടത്തിയ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി സൈനികര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഗസ്സയിലെ ജബാലിയയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ടാങ്കിന് നേരെ നടന്ന ബോംബാക്രമണത്തിലാണ് മൂവരും കൊല്ലപ്പെട്ടത്.
വടക്കന്‍ ഗസ്സയിലെ ജബാലിയ അഭയാര്‍ഥി ക്യാപിലും ഖാന്‍ യൂനിസിലും നടത്തിയ ആക്രമണങ്ങളില്‍ ഇസ്രായേല്‍ നിരവധി പേരെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഐഡിഎഫിനു നേരെ ഹമാസിന്റെ തിരിച്ചടിയുണ്ടായത്. ജബാലിയ അഭയാര്‍ഥി ക്യാപില്‍ 12 കെട്ടിടങ്ങള്‍ തകര്‍ത്ത് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 100ലേറെ പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഖാന്‍ യൂനിസിലെ അഭയാര്‍ഥി ക്യാപില്‍ 38 പേരാണ് കൊല്ലപ്പെട്ടത്. ഒരു കുടുംബത്തിലെ 14 കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്.
വടക്കന്‍ ഇസ്രായേലിലെ സൈനിക താവളത്തെ ലക്ഷ്യമിട്ട് ഹിസ്ബുള്ള ഡ്രോണ്‍, റോക്കറ്റ് ആക്രമണങ്ങള്‍ നടത്തി. സഫാദിന് കിഴക്ക് സ്ഥിതി ചെയ്യുന്ന സൈനികതാവളത്തിനു നേര്‍ക്കാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകളുടെ കൂട്ട ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല പറഞ്ഞു. ഇവിടേക്ക് റോക്കറ്റ് വര്‍ഷം നടത്തിയതിന് പിന്നാലെയായിരുന്നു ഹിസ്ബുള്ളയുടെ ആക്രമണം.
തെക്കന്‍ ലബനാനിലെ മര്‍വാഹിനിലേക്ക് നീങ്ങുന്ന ഇസ്രായേല്‍ സേനയെ ലക്ഷ്യമിട്ട് രണ്ട് ടാങ്ക് വേധ മിസൈലുകള്‍ ഉപയോഗിച്ചതായും ഹിസ്ബുല്ല അറിയിച്ചു. മറ്റൊരു മിസൈല്‍ മെര്‍കവ ടാങ്കില്‍ ഇടിച്ചെന്നും ആക്രമണത്തില്‍ ടാങ്കര്‍ കത്തിയെന്നും സൈനികര്‍ കൊല്ലപ്പെട്ടെന്നുംന ഹിസ്ബുല്ല പറഞ്ഞു.
കഴിഞ്ഞയാഴ്ചയും അഞ്ച് ഇസ്രായേല്‍ സൈനികര്‍ ലബനാനിലെ ഹിസ്ബുല്ല ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഗോലാനി ബ്രിഗേഡിലെ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ അറിയിച്ചിരുന്നു. ആക്രമണത്തില്‍ മറ്റൊരു ഓഫീസര്‍ക്കും രണ്ട് സൈനികര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.