ഇസ്രയേലിനെ ആക്രമിച്ച് ഇറാഖ് സായുധ ഗ്രൂപ്പും; ഡ്രോണ്‍ ആക്രമണം

ഹിസ്ബുള്ളയും ഹമാസും ഹൂതികളും ഇസ്രയേലിനെ ആക്രമിക്കുന്നുണ്ട്. ഇറാനും ആക്രമണം നടത്തുന്നു. തുര്‍ക്കിയും ജോര്‍ദാനും മുന്നറിയിപ്പുമായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസം അതിശക്തമായ ആക്രമണമാണ് ഹിസ്ബുള്ള ഇസ്രയേലില്‍ നടത്തിയത്. ഒ

author-image
Rajesh T L
New Update
war

ഹിസ്ബുള്ളയും ഹമാസും ഹൂതികളും ഇസ്രയേലിനെ ആക്രമിക്കുന്നുണ്ട്. ഇറാനും ആക്രമണം നടത്തുന്നു. തുര്‍ക്കിയും ജോര്‍ദാനും മുന്നറിയിപ്പുമായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസം അതിശക്തമായ ആക്രമണമാണ് ഹിസ്ബുള്ള ഇസ്രയേലില്‍ നടത്തിയത്. ഒന്‍പതിടങ്ങളിലാണ് ഒരു ദിവസം ലെബനന്‍ സായുധ സേന ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒന്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹമാസ് മേധാവി യഹിയ സിന്‍വറിന്റെ കൊലപാതകത്തിനു പിന്നാലെയാണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്. 

തുടരെത്തുടരെയുള്ള ആക്രമണം ഇസ്രയേലിനെ ഭീതിയിലാഴ്ത്തിയിരിക്കുന്നു എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നു. ഇപ്പോഴിതാ മറ്റൊരു സായുധ ഗ്രൂപ്പ് കൂടി ഇസ്രയേലിനെതിരെ ആക്രമണം നടത്തിയിരിക്കുകയാണ്. ഹിസ്ബുള്ള ആക്രമണം കഴിഞ്ഞ് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോഴാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റന്‍സ് ആണ് ഇസ്രയേലിനു നേരെ ഡ്രോണ്‍ ആക്രമണം നടത്തിയിരിക്കുന്നത്. 

ഗോലന്‍ കുന്നുകളിലെ തന്ത്രപ്രധാന മേഖലകള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്ലാമിക് റെസിസ്റ്റന്‍സിന്റെ ആക്രമണം. ഇസ്രയേല്‍ നഗരങ്ങള്‍ക്കും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ കേന്ദ്രങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയതിനു പിന്നാലെ ഉണ്ടായ ആക്രമണത്തിന്റെ ഞെട്ടലിലാണ് ഇസ്രയേല്‍. 

ഇസ്ലാമിക് റെസിസ്റ്റന്‍സിന്റെ ആക്രമണത്തോടെ ഇസ്രയേലിനെതിരെ കൂടുതല്‍ സായുധ ഗ്രൂപ്പുകള്‍ ആക്രമണം നടത്താന്‍ ഒരുങ്ങുന്നുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. നേരത്തെ തന്നെ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ ഇസ്രയേലിനെതിരെ ഇസ്ലാമിക് രാജ്യങ്ങളുടെ കൂട്ടായ്മ വേണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. മാത്രമല്ല, യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പോലും ഇസ്രയേലിനെതിരെ ശക്തമായ ഭാഷയിലാണ് എര്‍ദോഗന്‍ പ്രതികരിച്ചത്. കൊലയാളി സംഘം എന്നാണ് ഇസ്രയേലിനെയും നെതന്യാഹുവിനെയും എര്‍ദോഗന്‍ വിശേഷിപ്പിച്ചത്. ആക്രമണത്തില്‍ ആളപായം ഉണ്ടായിട്ടുണ്ടോ എന്നു വ്യക്തമല്ല. നാശനഷ്ടങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവിട്ടിട്ടില്ല. 

ഇസ്ലാമിക് റെസിസ്റ്റന്‍സിന്റെ ഡ്രോണ്‍ ആക്രമണത്തെ കുറിച്ച് ഇസ്രയേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല. ആക്രമണ പരമ്പര തന്നെ ഒക്ടോബര്‍ 19 ന് ഇസ്രയേലില്‍ ഹിസ്ബുള്ള നടത്തി. സിസറിയയിലുള്ള നെതന്യാഹുവിന്റെ സ്വകാര്യ വസതിക്കു നേരെയാണ് ആക്രമണം ഉണ്ടായത്. 

ഒക്ടോബര്‍ 19 ശനിയാഴ്ച രാവിലെയാണ് ആക്രമണം നടന്നതെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രിയും ഭാര്യ സാറയും വീട്ടിലുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

ലബനനില്‍ നിന്നും പറന്നുയര്‍ന്ന ഡ്രോണ്‍ ആണ് നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യമിട്ടത്. സൈന്യം ടെല്‍ അവിവില്‍ ആക്രമണ മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശനിയാഴ്ച മൊത്തം 9 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു. അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രയേലിലെ വിവിധ പ്രദേശങ്ങളിലേക്ക് നൂറോളം റോക്കറ്റുകള്‍ ഹിസ്ബുള്ള തൊടുത്തുവിട്ടതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങള്‍, സൈനികര്‍, ജനവാസ മേഖല, പ്രധാന നഗരങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് ആക്രമണം നടത്തിയതെന്നാണ് ഹിസ്ബുളള അവകാശപ്പെടുന്നത്. മണിക്കൂറുകള്‍ക്കുള്ളിലാണ് ഈ ആക്രമണങ്ങളെല്ലാം നടത്തിയത്. 

ഹിസ്ബുള്ളയുടെ ആക്രമണം ഇസ്രയേലിലെ മൂന്നാമത്തെ ഏറ്റവും വലിയ നഗരമായ ഹൈഫയില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെസ്റ്റേണ്‍ ഗലീലിയിലും ഹൈഫയിലുമുണ്ടായ ആക്രമണത്തില്‍ ഒരു അന്‍പതുകാരന്‍ കൊല്ലപ്പെട്ടെന്നും 9 പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍  പറയുന്നു. വടക്കന്‍ അതിര്‍ത്തി പട്ടണമായ ഷ്‌ലോമി ഡ്യൂവിലുണ്ടായ ആക്രമണത്തില്‍ വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

iraq Drone attack israel air strike