പുതിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി സ്ഥിരീകരിച്ച് ഉത്തര കൊറിയ. ഹ്വാസോങ്-19 എന്ന് പേരിട്ട ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ഉത്തര കൊറിയ പരീക്ഷിച്ചത്. ഭരണാധികാരി കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിലാണ് മിസൈല്‍ പരീക്ഷണം. യുക്രെയ്നില്‍ യുദ്ധം ചെയ്യാന്‍ സൈനികരെ നല്‍കിയതിന് പകരം റഷ്യ ഉത്തര കൊറിയയ്ക്കു മിസൈല്‍ സാങ്കേതികവിദ്യ കൈമാറാനിടയുണ്ടെന്നു ദക്ഷിണ കൊറിയ ആരോപിച്ചതിനു പിന്നാലെയാണ് മിസൈല്‍ പരീക്ഷണം.
മിസൈല്‍ വിക്ഷേപണം വിജയമാണെന്നും ആണവായുധ വികസനത്തില്‍ തന്റെ രാജ്യം നേടിയ മേല്‍ക്കോയ്മ അവഗണിക്കാനാവില്ലെന്നും ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ പറഞ്ഞതായി സര്‍ക്കാര്‍ മാധ്യമമായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.
കൊറിയന്‍ ഉപദ്വീപിന്റെ കിഴക്കന്‍ തീരത്തുള്ള കടലില്‍ പതിക്കുന്നതിനു മുമ്പ് മിസൈല്‍ 1,001.2 കിലോമീറ്റര്‍ ദൂരം 5,156 സെക്കന്‍ഡ് പറന്നതായും 7,687.5 കിലോമീറ്റര്‍ ഉയരം രേഖപ്പെടുത്തിയതായും കെസിഎന്‍എ റിപ്പോര്‍ട്ട് പറയുന്നു. കിഴക്കന്‍ കടലിലേക്ക് ഉത്തര കൊറിയ വ്യാഴാഴ്ച പുലര്‍ച്ചെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി ദക്ഷിണ കൊറിയന്‍ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് സ്ഥിരീകരണവുമായി കിം എത്തിയത്.
ഇതിനു മുന്‍പ് ജൂലൈയിലും സെപ്റ്റംബറിലും ഇത്തരത്തില്‍ ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഉത്തര കൊറിയ ഏഴാമത്തെ ആണവ പരീക്ഷണത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയെന്നും കിം പ്രതികരിച്ചിട്ടുണ്ട്. ഇതും കൂടുതല്‍ ഭീഷണിയാവുക അമേരിക്കയ്ക്ക് തന്നെയാകും. കാരണം ആക്രമണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാത്ത ഭരണാധികാരിയാണ് കിം ജോങ് ഉന്‍.
അതിനിടെ യുക്രെയ്‌നിനെതിരെ പോരാടാന്‍ സൈന്യത്തെ വിട്ടുനല്‍കുന്നതിനു പകരമായി ഉത്തര കൊറിയ റഷ്യയില്‍ നിന്ന് തന്ത്രപരമായ ആണവായുധങ്ങളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സാങ്കേതികവിദ്യയും നേടിയെടുക്കാന്‍ സാധ്യതയുണ്ടെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി കിം യോങ് ഹ്യുന്‍ പറഞ്ഞു. അത്തരത്തിലുള്ള നീക്കം അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. യുക്രെയ്‌നിനെതിരെ പോരാടാന്‍ അയച്ച സൈന്യത്തെ ഉത്തര കൊറിയ പിന്‍വലിക്കണമെന്ന് ലോയ്ഡ് ഓസ്റ്റിനും കിം യോങ് ഹ്യുനും ആവശ്യപ്പെട്ടിട്ടുണ്ട്.
യുക്രെയ്നിനെതിരെ യുദ്ധം ചെയ്യാന്‍ റഷ്യന്‍ സൈനിക യൂണിഫോമില്‍ ഉത്തര കൊറിയന്‍ സൈനികര്‍ റഷ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ കര്‍സ്‌കിലേക്ക് നീങ്ങിയതായാണ് വെളിപ്പെടുത്തല്‍. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
അത്യന്തം അപകടകരമായ നീക്കമാണിതെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞത്. ഈ നീക്കം മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി കിം യോങ് ഹ്യുനൊപ്പം പെന്റഗണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ലോയ്ഡ് ഓസ്റ്റിന്‍.
ഉത്തര കൊറിയ റഷ്യയില്‍ നിന്ന് ആണവായുധങ്ങളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സാങ്കേതികവിദ്യയും നേടിയെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി കിം യോങ് ഹ്യുന്‍ ആശങ്ക പ്രകടിപ്പിച്ചത്. ഈ നീക്കം അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തെ ഉത്തര കൊറിയ പിന്‍വലിക്കണമെന്നും ലോയ്ഡ് ഓസ്റ്റിനും കിം യോങ് ഹ്യുനും ആവശ്യപ്പെട്ടു.
രണ്ട് സേനാ യൂണിറ്റുകളിലായി 11000 ഉത്തര കൊറിയന്‍ സൈനികര്‍ റഷ്യയ്ക്കൊപ്പം ചേര്‍ന്നുവെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉദ്ധരിച്ചായിരുന്നു സെലന്‍സ്‌കിയുടെ വെളിപ്പെടുത്തല്‍. ഉത്തര കൊറിയയും റഷ്യയും യുദ്ധ പങ്കാളികളാകുന്നതും റഷ്യക്കൊപ്പം ഉത്തര കൊറിയ യുദ്ധം ചെയ്യുന്നതും ഗുരുതരമായ സ്ഥിതിയിലേക്ക് മേഖലയെ എത്തിക്കുമെന്നും ഓസ്റ്റിന്‍ പറഞ്ഞു.