യഹിയ സിന്‍വറിന്റെ കൊലയ്ക്ക് പിന്നാലെ ഇസ്രയേലിനെ കത്തിക്കുകയാണ് ഹിസ്ബുള്ള. അതിന് പ്രതികാരമായി ഗസയിലെ ജനങ്ങള്‍ക്കു നേരെ അതിശക്തമായ ആക്രമണം അഴിച്ചുവിടുകയാണ് ഇസ്രയേല്‍. നിരവധി സാധാരണക്കാരാണ് കഴിഞ്ഞ ദിവസം ഗസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
യഹിയ സിന്‍വറിന്റെ മരണത്തിന് പ്രതികാരം ചെയ്തിരിക്കുന്നു ഹമാസ്. ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സിന്റെ കമാന്‍ഡറെ കൊലപ്പെടുത്തിയാണ് സിന്‍വറിന്റെ മരണത്തിന് ഹമാസ് പ്രതികാരം ചെയ്തിരിക്കുന്നത്. കേണല്‍ ഇഹ്‌സാന്‍ ദാഖ്‌സയാണ് കൊല്ലപ്പെത്. ഒക്ടോബര്‍ 20 നാണ് 401-ാം ആംഡ് ബ്രിഗേഡിന്റെ കമന്‍ഡര്‍ കൊല്ലപ്പെട്ടതായി ഐഡിഎഫ് വെളിപ്പെടുത്തിയത്.
ഗസയിലെ ജബാലിയയില്‍ ഹമാസുമായുള്ള ഏറ്റുമുട്ടലിലാണ് കമാന്‍ഡര്‍ കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് വ്യക്തമാക്കി. പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു, പ്രസിഡന്റ് ഐസക്ക് ഹെര്‍സോഗ്, പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
ഇതിനിടെ മറ്റൊരു ഗുരുതരമായ വെളിപ്പെടുത്തലും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തി. തന്റെ അവധിക്കാല വസതിക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയ ശേഷവും തന്നെയും ഭാര്യയെയും കൊല്ലാന്‍ ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പായ ഹിസ്ബുള്ള ശ്രമിച്ചതായാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്. ഇതെവിടെവച്ചാണ് എന്നത് പക്ഷേ, അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ഒക്ടോബര്‍ 19 ന് രാവിലെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകള്‍ വടക്കന്‍ ഇസ്രയേലിലെ തീരദേശ പട്ടണമായ സിസേറിയയിലേക്ക് പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് രണ്ടെണ്ണം തകര്‍ത്തെങ്കിലും മൂന്നാമത്തേത് പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിക്ക് സമീപം പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. ആക്രമണസമയത്ത് നെതന്യാഹുവും ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നില്ല. പിന്നാലെയാണ് തന്നെയും വധിക്കാന്‍ ശ്രമം നടത്തിയതായി നെതന്യാഹു വെളിപ്പെടുത്തിയിരിക്കുന്നത്.
സിസേറിയയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഇതുവരെ ഏറ്റെടുത്തിട്ടില്ലെങ്കിലും പലസ്തീന്‍ അനുകൂല സംഘങ്ങള്‍ ഇസ്രയേലില്‍ പുതിയ ആക്രമണങ്ങള്‍ പ്രഖ്യാപിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2023 ഒക്ടോബര്‍ മുതല്‍ ഹിസ്ബുള്ളയുടെ ആക്രമണത്തെ തുടര്‍ന്ന് ഏകദേശം 70,000 ഇസ്രയേലികള്‍ക്ക് അവരുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്.
ഇറാനെതിരെ ഇസ്രയേല്‍ നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ചുള്ള ഉയര്‍ന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ചോര്‍ന്നതും ഇസ്രയേലിന് തിരിച്ചടിയാണ്. ഇത് സംബന്ധിച്ച് അമേരിക്കയുടെയും ഇസ്രയേലിന്റെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയതായി അമേരിക്കന്‍ മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ സേനയ്ക്ക് അകത്തുനിന്നുള്ളവരില്‍ ചിലര്‍ക്ക് ഇതുമായി ബന്ധമുണ്ടെന്നാണ് ഇസ്രയേല്‍ സംശയിക്കുന്നത്.
ഇസ്രയേല്‍ ഇറാനെ ആക്രമിക്കുമെന്ന് പ്രഖ്യാപിക്കുകയും അങ്ങനെ സംഭവിച്ചാല്‍ ശക്തമായ തിരിച്ചടിക്ക് തയ്യാറായി ഇറാനും നില്‍ക്കുകയാണ്. അതിനിടയിലാണ് ഇസ്രയേലിനെ കുഴപ്പത്തിലാക്കുന്ന ചോര്‍ത്തല്‍ സംഭവിച്ചിരിക്കുന്നത്. ഒക്ടോബര്‍ 18 ന് രണ്ട് സുപ്രധാന രേഖകള്‍ മിഡില്‍ ഈസ്റ്റ് സ്‌പെക്‌റ്റേറ്റര്‍ എന്ന ടെലിഗ്രാം ചാനലിലാണ് പ്രത്യക്ഷപ്പെട്ടത്. ഇതൊരു അജ്ഞാത ചാനലാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ടെലിഗ്രാം ചാനല്‍ മിഡില്‍ ഈസ്റ്റിലെ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ഇസ്രയേലിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നതാണ്.
പുറത്തുവിട്ട രേഖകളില്‍ ഒന്ന് അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്റഗണിന്റെ നാഷണല്‍ ജിയോ സ്‌പേഷ്യല്‍-ഇന്റലിജന്‍സ് ഏജന്‍സി തയ്യാറാക്കിയ ഫയലിലേതാണ്. ഒക്ടോബര്‍ 16 ന് ഇറാനെതിരായ ആക്രമണത്തിനായി ആയുധങ്ങള്‍ സജ്ജമാക്കി നിര്‍ത്തിയിരുന്നു എന്നും ഈ ഫയലില്‍ പറയുന്നുണ്ട്. രണ്ടാമത്തെ രേഖയില്‍ ഒക്ടോബര്‍ 15-16 തീയതികളില്‍ ഇസ്രയേലി വ്യോമസേന നടത്തിയ ആക്രമണ പരിശീലനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണുള്ളത്.
പേര് വെളിപ്പെടുത്താത്ത ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ ഈ രേഖകളുടെ ആധികാരികത സ്ഥിരീകരിച്ചതായി സി.എന്‍.എന്‍ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ചോര്‍ച്ച ആശങ്കപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥന്‍, ചോര്‍ന്ന രഹസ്യ ഫയലുകള്‍ ആര്‍ക്കൊക്കെ കൈകാര്യം ചെയ്യാന്‍ കഴിയും എന്നു കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.