കാബൂൾ: അഫ്ഗാനിസ്ഥാനിൽ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 75 കാരനായ നൂർ മുഹമ്മദിൻ്റെ കുടുംബവും വീടും ഒലിച്ചുപോയി. തൻ്റെ കുടുംബത്തിലുള്ളവരുടെ മൃതദേഹങ്ങൾ നൂർ മുഹമ്മദ് പ്രദേശത്തു നിന്നും കണ്ടെത്തി. വടക്കൻ അഫ്ഗാനിസ്ഥാനിലെ തൻ്റെ വീട്ടിൽ നിന്ന് അലർച്ച കേട്ട് നൂർ മുഹമ്മദ് ഓടിയെത്തിയെങ്കിലും. ഭാര്യയും സഹോദരിയും മകനും രണ്ട് പേരക്കുട്ടികളും ഒലിച്ചിപ്പോയിരുന്നു.
തുടർന്ന് വൈകുന്നേരം വരെ നൂർ പരിസര പ്രദേശത്തെല്ലാം കുടുംബത്തിലുള്ളവരെ ഭ്രാന്തമായി തിരഞ്ഞു. എന്നാൽ ഒരു തുമ്പും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. രാത്രി ഒരു മണിയോടെ അദ്ദേഹം തിരച്ചിൽ ഉപേക്ഷിച്ച് മകളുടെ വീട്ടിലേക്ക് മടങ്ങി. അടുത്ത ദിവസം വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം കുടുംബത്തിൻ്റെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. കൊടുങ്കാറ്റ് ഒരു രാക്ഷസനെപ്പോലെ തോന്നിയെന്നും ഭയപ്പെട്ടിരുന്നെന്നും നൂറിൻ്റെ മക്കളിൽ ഒരാളായ സഈദ പറഞു. നൂറിൻ്റെ ഗ്രാമത്തിൽ മിക്ക കുടുംബങ്ങളിലും വെള്ളപ്പൊക്കത്തിൽ രണ്ടും മൂന്നും ബന്ധുക്കളെയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്‌ചകളായി അഫ്ഗാനിസ്ഥാനിലെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുകയാണ്. വരണ്ട ശൈത്യകാലത്തെ തുടർന്നുണ്ടായ കനത്ത മഴയും കൊടുങ്കാറ്റുമാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. വടക്കൻ അഫ്ഗാൻ പ്രവിശ്യയായ ബഗ്‌ലാനിലെ അഞ്ച് ജില്ലകളെ ബാധിച്ച വെള്ളപ്പൊക്കത്തിൽ 300-ലധികം ആളുകൾ മരിക്കുകയും 2,000 വീടുകൾ നശിച്ചതായും റിപ്പോർട്ടുകളുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് കരുതുന്നത്. ബദക്ഷാൻ, ഘോർ, പടിഞ്ഞാറൻ ഹെറാത്ത് എന്നീ പ്രവിശ്യകളിലും കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്.
ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര സേന വിന്യസിച്ചിട്ടുണ്ടെന്നും പരിക്കേറ്റവരെയും ഒറ്റപ്പെട്ടവരെയും രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. താരതമ്യേന വരണ്ട ശൈത്യകാലമുള്ള അഫ്ഗാനിസ്ഥാനിൽ, മഴയെ ആഗിരണം ചെയ്യുന്നത് മണ്ണിന് കൂടുതൽ പ്രയാസകരമാണ്. കാലാവസ്ഥാ വ്യതിയാനത്തിന് വളരെ ദുർബലമാണ് അഫ്ഗാനിസ്ഥാൻ.