ആഗോളതലത്തില്‍ വ്യത്യസ്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന യുവാക്കള്‍ സന്തുഷ്ടരല്ലെന്ന് ഗവേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗുരുതരമായ മാനസിക സംഘര്‍ഷങ്ങളിലൂടേയും ബുദ്ധിമുട്ടുകളിലൂടെയുമാണ് യുവാക്കള്‍ കടന്നുപോകുന്നത്. ഓക്സ്ഫോര്‍ഡ് യുണിവേഴ്സിറ്റിയുടെ വെല്‍ബീയിങ് റിസേര്‍ച്ച് സെന്റര്‍, ഗാലപ്പ്, ഐക്യരാഷ്ട്ര സഭയുടെ സസ്റ്റെയിനബിള്‍ ഡെവലപ്‌മെന്റ് സൊലൂഷന്‍സ് നെറ്റ്വര്‍ക്ക് എന്നിവ ചേര്‍ന്ന് തയാറാക്കിയ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 140 രാജ്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു പഠനം.
മുതിര്‍ന്നവരേക്കാള്‍ വടക്കെ അമേരിക്കയിലെ യുവാക്കളിലാണ് നിരാശ അധികമെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. യൂറോപ്പിലേക്കും പടരാനുള്ള സാധ്യതയുണ്ടെന്ന് അമേരിക്കയിലെ സര്‍ജന്‍ ജെനറലായ ഡോ. വിവേക് മൂര്‍ത്തി അന്താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിയനോട് പറഞ്ഞു. 30 വയസിന് താഴെ പ്രായമുള്ളവരുടെ മാനസിക ക്ഷേമത്തിലുണ്ടായ ഇടിവ് ഏറ്റവും സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ ഇരുപതില്‍ നിന്ന് അമേരിക്കയെ പുറത്താക്കി. നിലവില്‍ 23-ാം സ്ഥാനത്താണ് അമേരിക്ക. 30 വയസിന് താഴെയുള്ളവരുടെ പട്ടികയില്‍ 62-ാം സ്ഥാനത്തും.
യൂറോപ്പിലും അമേരിക്കയുടേതിന് ഏകദേശം ഒരുപോലെയാണ് കാര്യങ്ങള്‍. അമേരിക്കയ്ക്ക് സമാനമായി ആഗോളതലത്തില്‍ തന്നെ യുവാക്കള്‍ നിരാശരായി മുന്നോട്ട് പോകുന്നത് വലിയ മുന്നറിയിപ്പാണെന്നും വിവേക് മൂര്‍ത്തി ചൂണ്ടിക്കാണിച്ചു. പട്ടികയില്‍ 32-ാം റാങ്കിങ്ങിലാണ് ബ്രിട്ടണിലെ 30 വയസിന് താഴെയുള്ള വിഭാഗം. മോള്‍ഡോവ, കൊസോവൊ, എല്‍ സാല്‍വഡോര്‍ എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലാണ് ബ്രിട്ടണ്‍. ബ്രിട്ടണില്‍ 60 വയസിന് മുകളിലുള്ള ബ്രിട്ടീഷ് ജനവിഭാഗത്തില്‍ ഏറ്റവും സന്തുഷ്ടരായ മുതിര്‍ന്ന തലമുറയുടെ പട്ടികയില്‍ 20-ാം സ്ഥാനത്താണ്.
അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ എല്ലാ പ്രായക്കാരിലും സന്തോഷത്തിന്റെ അളവില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. കൂടുതലും യുവാക്കളിലാണ് നിരാശ പടരുന്നത്. യുവാക്കളിലെ ഈ മാറ്റത്തിന്റെ കാരണം റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിട്ടില്ല. സമൂഹ മാധ്യമങ്ങളുടെ അമിത ഉപയോഗം, വരുമാനത്തിലെ അസമത്വങ്ങള്‍, ഗാര്‍ഹിക പ്രശ്‌നങ്ങള്‍, യുദ്ധം, കാലാവസ്ഥ പ്രശ്‌നങ്ങള്‍ എന്നിവ യുവാക്കള്‍ക്കിടയില്‍ ചര്‍ച്ചയാകുന്ന സമയത്താണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. അഫ്ഗാനിസ്താനും ലെബനനുമാണ് ഏറ്റവും സന്തുഷ്ടരല്ലാത്ത രാജ്യങ്ങള്‍. സന്തോഷം വര്‍ധിക്കുന്ന രാജ്യങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളും, കംബോഡിയ, റഷ്യ, ചൈന എന്നിവ ഉള്‍പ്പെടുന്നു. എല്ലായ്‌പ്പോഴും ഇക്കാര്യത്തില്‍ ഫിന്‍ലാന്‍ഡാണ് ഒന്നാമത്