ലോകത്തെ ഭീതിയിലായിഴ്ത്തി പശ്ചിമേഷ്യന്‍ സംഘര്‍ഷം ഒരു വര്‍ഷം കടന്നു

ലോകത്തെ ഭീതിയിലായിഴ്ത്തി പശ്ചിമേഷ്യന്‍ സംഘര്‍ഷം ഒരു വര്‍ഷം കടന്നു. അമ്പതിനായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ലക്ഷക്കണക്കിന് സാധാരണക്കാര്‍ കിടപ്പാടം നഷ്ടപ്പെട്ട് തെരുവിലായി.

author-image
Rajesh T L
New Update
one

ലോകത്തെ ഭീതിയിലായിഴ്ത്തി പശ്ചിമേഷ്യന്‍ സംഘര്‍ഷം ഒരു വര്‍ഷം കടന്നു. അമ്പതിനായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ലക്ഷക്കണക്കിന് സാധാരണക്കാര്‍ കിടപ്പാടം നഷ്ടപ്പെട്ട് തെരുവിലായി. ലോകശക്തികള്‍ക്കും ഐക്യരാഷ്ട്ര സംഘടനയ്ക്ക് പോലും പ്രശ്നപരിഹാരത്തിന് സാധിക്കുന്നില്ല.

ഇന്ത്യയടക്കം സമാധാനം ആഗ്രഹിക്കുന്ന പല രാജ്യങ്ങളും ഇടപെട്ടിട്ടും മനുഷ്യക്കുരുതി ഓരോ നിമിഷവും കൂടിവരുന്നതല്ലാതെ യാതൊരു പരിഹാരവും ഉണ്ടാകുന്നില്ല. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ ആയുധവിപണി മുന്നില്‍ക്കണ്ട് യുദ്ധത്തിന് കൈയടിക്കുന്നതല്ലാതെ പരിഹാരം എന്തെന്ന് ചിന്തിക്കുന്നതുപോലുമില്ല. അതിന് തെളിവാണ് മുന്‍ പ്രസിഡന്റും നിലവിലെ സ്ഥാനാര്‍ത്ഥിയുമായ ഡൊണാഡ് ട്രംപിന്റെ കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രസ്താവന.

ഇറാന്‍ ഇസ്രയേലിന് നേരെ നടത്തിയ  ആക്രമണത്തിന് മറുപടിയായി ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തണമെന്നാണ് ട്രംപ് പറഞ്ഞത്. നോര്‍ത്ത് കരോലിനയിലെ ഒരു പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയാണ് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ട്രംപിന്റെ വാക്കുകള്‍.

ആണവ കേന്ദ്രം ആക്രമിക്കുന്നതിനെതിരെ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന വന്നതിന് പിന്നാലെ ആയിരുന്നു ട്രംപിന്റെ പരാമര്‍ശം. ഇറാനെതിരെ കൂടുതല്‍ ഉപരോധം വേണം. എന്നാല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല. ഇസ്രയേലിന് പ്രതിരോധിക്കാം, പക്ഷെ അത്  ആനുപാതികമായി വേണം എന്നുമായിരുന്നു ബൈഡന്‍ പറഞ്ഞത്.  

ഇസ്രയേല്‍- ഇറാന്‍ പ്രശ്നങ്ങളെ കുറിച്ചും മിസൈല്‍ ആക്രമണത്തെ കുറിച്ചുമുള്ള ചോദ്യത്തിനായിരുന്നു ട്രംപ് തുറന്നടിച്ചത്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആദ്യം ബോംബിട്ട് തകര്‍ക്കുകയാണ് ഇസ്രയേല്‍ ആദ്യം ചെയ്യേണ്ടത്. ജോ ബൈഡനോട് ഈ പ്രശ്നത്തേക്കുറിച്ച് ചോദിച്ചപ്പോള്‍  ആണവകേന്ദ്രങ്ങള്‍ തകര്‍ക്കൂ എന്നും, അതുകൊണ്ടു വരുന്ന പ്രശ്നങ്ങള്‍ പിന്നീട് നോക്കാം എന്നുമായിരുന്നു അദ്ദേഹം മറുപടി പറയേണ്ടിയിരുന്നത്. ഇസ്രയേല്‍ അത് ചെയ്യുന്നതിന് അര്‍ത്ഥം, ചെയ്യുന്നു എന്ന് തന്നെയാണ്. എന്നാല്‍ അവരുടെ പദ്ധതികള്‍ എന്താണെന്ന് അറിയേണ്ടിയിരിക്കുന്നു എന്നും ട്രംപ് പറഞ്ഞു.

അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ ആയിരുന്നു, ഇസ്രയേലില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ഇസ്രയേലിലെ ടെല്‍ അവീവില്‍ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാന്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഇറാനെതിരെ തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കാര്യങ്ങള്‍ ഇത്രയും വഷളാക്കിയത് അമേരിക്ക ഇസ്രയേലിന് വേണ്ടി കൈയടിച്ചതുകൊണ്ടാണെന്ന ആരോപണങ്ങള്‍ തുടക്കം മുതലേ ഉയര്‍ന്നിരുന്നു. അമേരക്കയുടെ ഈ നീക്കം എറ്റവും കൂടുതല്‍ ബാധിക്കുക നവംബര്‍ 5ന് നടക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ തന്നെയായിരിക്കുമെന്നാണ് വിലയിരുത്തല്‍. എക്കാലത്തും ഇസ്രയേലിന് പിന്തുണയും നല്‍കിയിട്ടുണ്ട് അമേരിക്ക. 

നവംബര്‍ 5 ന് നടക്കാനിരിക്കുന്ന പ്രസിഡന്‍ഷ്യല്‍ ഇലക്ഷന് മുന്നോടിയായുള്ള നിരന്തരമായ ഇലക്ഷന്‍ കാമ്പയിനുകളും ഡിബേറ്റുകളുമെല്ലാം അമേരിക്കയില്‍ സജീവമായിരിക്കുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ പിന്മാറ്റവും ട്രംപിന് വെടിയേറ്റതിന് പിന്നിലെ നിഗൂഢതകളും സെന്റിമെന്‍സുമൊക്കെ ഇത്തവണ പ്രധാന വിഷയമാണ്. ക്രിസ്ത്യന്‍ സയണിസവും മുസ്ലിം വിരുദ്ധതയുമെല്ലാം വലിയ സാധ്യതകളുള്ള വോട്ട് ബാങ്കുകളായതിനാല്‍ ഇരുപാര്‍ട്ടികള്‍ക്കും ഇസ്രയേലിനെ പിന്തുണക്കുകയും പലസ്തീനെ അധിക്ഷേപിക്കുകയും ചെയ്യുന്ന നിലപാടുകള്‍ നിര്‍ണായകമാണ്. സെനറ്റ് ഹാളില്‍ നെതന്യാഹു ക്ഷണിക്കപ്പെടുന്നതും ബൈഡന്‍ ഇടക്കിടക്ക് ഇസ്രയേല്‍ സന്ദര്‍ശിക്കുന്നതും തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിലെല്ലാം ഇസ്രയേലിന് ട്രംപ് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതുമെല്ലാം ഈ സ്ട്രാറ്റജിയുടെ ഭാഗമാണ്.

ഇത്തരം നിലപാടുകളോട് പുറംതിരിഞ്ഞുനില്‍ക്കുന്നവരെയെല്ലാം ഉന്മൂലനം ചെയ്യാന്‍ അമേരിക്കന്‍ രാഷ്ട്രീയം മുന്‍കയ്യെടുത്തിട്ടുണ്ട്. അവര്‍ രാഷ്ട്രീയ അധികാരങ്ങളില്‍ നിന്ന് ബഹിഷ്‌കരിക്കപ്പെടുകയും വ്യക്തിഹത്യ നടത്തപ്പെടുകയും ഗവണ്മെന്റ് ലോബികളാല്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യേണ്ടിവന്നിട്ടുണ്ട്. 

uu

നിരന്തരമായ പീഡനങ്ങളും വേട്ടയാടലുകളും ഉണ്ടായിരിക്കെതന്നെ ന്യുനപക്ഷങ്ങള്‍ക്കും കുടിയേറ്റക്കാര്‍ക്കുമൊപ്പം നിലകൊള്ളാനും ഇസ്ലാമോഫോബിയക്കെതിരെ ശബ്ദിക്കാനും ഇസ്രയേല്‍, ഭീകരതയാണെന്നും അമേരിക്ക ലോകഭീകരതക്കും വംശഹത്യക്കും കൂട്ട്‌നില്‍ക്കുകയാണെന്നും വിളിച്ചുപറയാനും ധൈര്യമുള്ള ഒരുപറ്റം സംഘടിത ശബ്ദങ്ങള്‍ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ സജീവമായി ഉയര്‍ന്നുവന്നിട്ടുണ്ട്.

അമേരിക്കന്‍ കോണ്‍ഗ്രസിനകത്തും കാമ്പസുകളിലും തെരുവുകളിലും പലസ്തീന്‍ അനുകൂല വികാരം വളരാന്‍ പ്രധാനകാരണം ചില പ്രോ-പലസ്തീന്‍ ആക്ടിവിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങളാണ്. ഇവരില്‍ പ്രധാന രാഷ്ട്രീയനീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ യുവനേതാക്കളുടെ സംഘടനയാണ് ദി സ്‌ക്വാഡ്. യു.എസ് പ്രതിനിധിസഭയിലെ ഒന്‍പത് ഡെമോക്രാറ്റുകള്‍ ഉള്‍പ്പെടുന്ന ഒരു ഇടത് അനൗദ്യോഗിക സംഘടനയാണിത്. അലക്‌സാന്‍ഡ്രിയ ഒക്കാസിയോ, ഇല്‍ഹാന്‍ ഒമര്‍, റാഷിദ താലിബ്, അയന്ന പ്രെസ്ലി എന്നിവര്‍ ചേര്‍ന്ന് 2018 ല്‍ രൂപീകരിച്ച ഈ സംഘടന ഇസ്ലാമോഫോബിയക്കെതിരായും അമേരിക്കയുടെ ഇസ്രയേല്‍ അനുകൂല വിദേശനയങ്ങള്‍ക്കെതിരായും നിരന്തര കാമ്പയിനുകളുമായി രംഗത്ത് വന്നിട്ടുണ്ട്. അമേരിക്കയുടെ വംശീയ പൊതുബോധത്തെ ചോദ്യംചെയ്തു എന്നതിനാല്‍ തന്നെ ഇലക്ഷനുകളില്‍ ഇവരെ തോല്‍പ്പിക്കാന്‍ ഫാര്‍-റൈറ്റ് ഗ്രൂപ്പുകള്‍ വലിയതോതില്‍ ക്രൗഡ് ഫണ്ടിങ്ങുകള്‍ നടത്തിയതും ചരിത്രത്തിലുണ്ട്.

ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഫാര്‍-റൈറ്റുകളോടും ട്രംപിന്റെ വംശീയ മനോഭാവത്തോടുമുള്ള സ്വാഭാവിക പ്രതികരണമായിട്ടാണ് സ്‌ക്വാഡ് രൂപം കൊള്ളുന്നത്. ആദ്യകാലങ്ങളില്‍ പരിസ്ഥിതി സംരക്ഷണ വാദവും വിയറ്റ്‌നാം യുദ്ധവിരുദ്ധതയും ഉയര്‍ത്തിയ ഇവര്‍ ക്രമേണ ഇസ്രയേല്‍ അധിനിവേശത്തെയും അതിനെ പിന്തുണക്കുന്ന അമേരിക്കയെയും നിശിതമായി വിമര്‍ശിക്കുന്ന ഒരു പുതിയ രാഷ്ട്രീയദിശയിലേക്ക് കുതിച്ചു. ഇത്തവണ ഇലക്ഷന്‍ അടുത്തതോടെ ഗസയിലെ നിരപരാധികളെ കൊന്നൊടുക്കുന്നതില്‍ പ്രസിഡന്റ് ജോ ബൈഡന് പങ്കുണ്ടെന്നും അത് അമേരിക്കയുടെ ജനാധിപത്യമൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും സ്‌ക്വാഡിന്റെ പ്രോഗ്രസ്സീവ് വീക്ഷണത്തോട് താല്‍പര്യമുള്ള പ്രതിനിധികള്‍ ആവര്‍ത്തിച്ചു പറയാന്‍ തുടങ്ങിയിട്ടുണ്ട്. 

എന്തായാലും ഗസ യുദ്ധത്തിന് കൈയടിക്കുന്ന ബൈഡനോ വളമിട്ട് നല്‍കുന്ന ട്രംപോ മുന്നിലെന്ന് നംവബര്‍ 5ന് അറിയാം. അന്ന് മുതല്‍ മാറ്റിയെഴുതപ്പെടുന്നത് ഗസയുടെയും ഇസ്രയേല്‍ എന്ന രാഷ്ട്രത്തിന്റെ ഭാവിയും കൂടിയായിരിക്കും.

us donald trump iran israel conflict iran israel war news baiden