ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി മാർക്‌സിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറും. കൊളംബോയിലെ പ്രസിഡൻഷ്യൽ സെക്രട്ടറിയേറ്റിൽ ലളിതമായാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ശ്രീലങ്കയുടെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രസിഡന്റാണ് അനുര കുമാര ദിസനായകെ. 42.31 വോട്ട് നേടിയാണ് ദിസനായകെയുടെ വിജയം.
മാർക്സിസ്റ്റ് കക്ഷിയായ ജനത വിമുക്തി പെരമുനയുടെ നേതൃത്വത്തിലുള്ള സഖ്യമായ നാഷണൽ പീപ്പിൾസ് പവറിൻറെ (എൻപിപി) സ്ഥനാർഥിയായാണ് ദിസനായകെ മത്സരിച്ച് വിജയിച്ചത്. അഞ്ച് വർഷം മുൻപ് നടന്ന ലങ്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വെറും മൂന്ന് ശതമാനത്തിലധികം മാത്രം വോട്ടുണ്ടായിരുന്ന പാർട്ടിയാണ് ഇത്തവണ ഭരണത്തിലേറിയതാണ് ഏറെ ശ്രദ്ധേയം.
42.31 വോട്ട് നേടി അനുര ദിസനായകെ ഒന്നാമതെത്തിയപ്പോൾ നിലവിലെ പ്രസിഡൻറ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 17.27 ശതമാനം വോട്ട് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയ്ക്ക് 32.76 വോട്ടുകളും ലഭിച്ചു. കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ഒരു സ്ഥാനാർഥിക്കും നേടാനാകാതെ വന്നതോടെയാണ് രണ്ടാം മുൻഗണനാ വോട്ടുകൾ എണ്ണി ശ്രീലങ്കൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിജയിയെ പ്രഖ്യാപിച്ചത്.
ശ്രീലങ്കൻ പ്രസിഡൻറ് ഫലം വന്നതിന് ശേഷമാണ് 55കാരനായ അനുര കുമാര ദിസനായകെയെക്കുറിച്ച് കൂടുതൽ ചർച്ച നടക്കുന്നത്. ആരാണ് അനുര കുമാര ദിസനായകെയെന്നും ശ്രീലങ്കൻ തെരഞ്ഞെടുപ്പിൽ വിജയിച്ച പാർട്ടി ഏതാണെന്നുമാണ് ആളുകൾ ഇപ്പോൾ തിരയുന്നത്. 1968 നവംബർ 24ന് തംബുട്ടെഗാമയിലായിരുന്നു നിയുക്ത ശ്രീലങ്കൻ പ്രസിഡൻറ് ദിസനായകെയുടെ ജനനം. രാജ്യ തലസ്ഥാനമായ കൊളംബോയിൽനിന്ന് 100 കിലോമീറ്റർ അകലെയാണ് തംബുട്ടെഗാമ.
കെലനിയ സർവകലാശാലയിൽനിന്ന് സയൻസിൽ ബിരുദം നേടിയ വ്യക്തിയാണ് അനുര കുമാര ദിസനായകെ. വിദ്യാർഥി കാലത്തെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു ഇദ്ദേഹം.മാർക്സിസ്റ്റ് പാർട്ടി നേതാവ് 1987ലാണ് മാർക്സിസ്റ്റ് ജനത വിമുക്തി പെരമുനയിൽ (ജെവിപി ) ദിസനായകെ അംഗമാകുന്നത്. 1995ൽ സോഷ്യലിസ്റ്റ് സ്റ്റുഡൻറ്സ് അസോസിയേഷൻ ദേശീയ ഓർഗനൈസറും ജെവിപി കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗവുമായി.
1998ൽ ജെവിപി പൊളിറ്റ് ബ്യൂറോ അംഗവും.2000ത്തിലാണ് ശ്രീലങ്കൻ പാർലമെൻറിലേക്ക് ദിസനായകെ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 2004ൽ കാർഷിക മന്ത്രിയായെങ്കിലും സഖ്യത്തിലുണ്ടായ ഭിന്നതകളെത്തുടർന്ന് തൊട്ടടുത്തവർഷം രാജിവെച്ചു. അഴിമതി വിരുദ്ധ നിലപാട് ഉയർത്തിപ്പിടിച്ച് പോരാടുന്ന അനുര കുമാര ദിസനായകെ ഈ വിഷയങ്ങൾ ഉയർത്തിയായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്.
തെരഞ്ഞെടുപ്പിലെ വിജയം ഏതെങ്കിലും ഒരു വ്യക്തിയുടെ പ്രവർത്തനത്തിൻറെ ഫലമല്ലെന്നാണ് ദിസനായകെ ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചത്. ലക്ഷക്കണക്കിന് ആളുകളുടെ കൂട്ടായ പരിശ്രമത്തിൻറെ ഫലമാണിത്. നിങ്ങളുടെ പ്രതിബദ്ധതയാണ് ഞങ്ങളെ ഇത്രയും ദൂരം എത്തിച്ചത്. അതിന് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണെന്നും ഈ വിജയം നമുക്കെല്ലാവർക്കും അവകാശപ്പെട്ടതാണെന്നും നിയുക്ത പ്രസിഡൻറ് പറഞ്ഞു.