തായ്‌വാനിൽ 25 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനത്തിൽ ഏഴ് മരണം, 700-ലധികം പേർക്ക് പരിക്ക്; ജപ്പാനിൽ സുനാമി

1999 സെപ്തംബറിൽ 2,400 ഓളം പേരുടെ ജീവനെടുത്ത 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനു ശേഷം തായ്വാൻ ദ്വീപിലുണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനമാണിത്.

author-image
Greeshma Rakesh
New Update
taiwan-earthquake-

taiwan earthquake

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ടോക്കിയോ: തായ്‌വാനിൽ നാശംവിതച്ച്  ഭൂചലനം.റിക്ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ   ഏഴ് പേർ കൊല്ലപ്പെട്ടതായും 730 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.നിരവധി കെട്ടിടങ്ങൾ തകർന്നു.കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.കെട്ടിടങ്ങൽ നിലംപൊത്തുന്നതിന്റെ  ചിത്രങ്ങളും വിഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ബുധനാഴ്ച രാവിലെ 7.58 ന് ഹുവാലിയനിൽ നിന്ന് 18 കിലോമീറ്റർ തെക്ക്-തെക്ക് പടിഞ്ഞാറായി 35 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.

റിക്ടർ സ്‌കെയിലിൽ 6.5 തീവ്രതയും 11.8 കിലോമീറ്റർ ആഴത്തിലുമുള്ള ഒന്നിലധികം ഭൂചലനങ്ങൾ തായ്‌പേയിൽ ഉണ്ടായതായി യുഎസ്ജിഎസ് അറിയിച്ചു.വരുന്ന മൂന്നോ നാലോ ദിവസങ്ങളിൽ കൂടുതൽ തുടർചലനങ്ങൾ പ്രതീക്ഷിക്കുന്നതായും അത് 6.5 മുതൽ 7.0 വരെ തീവ്രതയുണ്ടാകുമെന്നും  തായ്‌വാനിലെ സെൻട്രൽ വെതർ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.അതേസമയം, തായ്‌വാനിലുടനീളം ട്രെയിൻ സർവീസുകളും നിർത്തിവച്ചിട്ടുണ്ട്.

 ഭൂചലനത്തിൽ രണ്ടാം ലോകമഹായുദ്ധത്തിനുമുമ്പ് പണികഴിപ്പിച്ച ദേശീയ നിയമനിർമ്മാണസഭയുടെ ഭിത്തികൾക്കും മേൽക്കൂരകൾക്കും കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.വ്യാപക മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.ഇതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.തായ്‌വാനിൽ ഭൂചലനം ഉണ്ടായി 15 മിനിറ്റിനുശേഷം ജപ്പാനിലെ യോനാഗുനി ദ്വീപിൽ 1 അടിയോളം വലിപ്പമുള്ള സുനാമി തിരമാലയുണ്ടായതായാണ് വിവരം. ജപ്പാനിനു പുറമെ ഫിലിപ്പൈൻസിലും അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

25 വർഷത്തിനു ശേഷം തായ്‌വാനിലുണ്ടായ  ഏറ്റവും ശക്തമായ ഭൂചലനമാണിതെന്നും വരും ദിവസങ്ങളിൽ കൂടുതൽ ഭൂചലനങ്ങൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രമായ ഹുവാലിയൻ കൗണ്ടിയിൽ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി തായ്‌വാൻ സർക്കാറിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

തായ്‌വാനിലും ഓഫ്‌ഷോർ ദ്വീപുകളിലും ഭൂചലനം ഉണ്ടായതായി തായ്‌പേയ് സെൻട്രൽ വെതർ അഡ്മിനിസ്‌ട്രേഷൻ്റെ സീസ്‌മോളജി സെൻ്റർ ഡയറക്ടർ വു ചിൻ-ഫു പറഞ്ഞു.പതിവായി ഭൂകമ്പങ്ങൾ ഉണ്ടാകുന്നതിന്റെ അടിസ്ഥാനത്തിൽ കർശന കെട്ടിട നിർമ്മാണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ദുരന്ത ബോധവൽക്കരണവും  വലിയ ആപത്ത് ഒഴിവാക്കിയതായും അദ്ദേഹം വ്യകതമാക്കി.1999 സെപ്തംബറിൽ 2,400 ഓളം പേരുടെ ജീവനെടുത്ത 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനു ശേഷം തായ്വാൻ ദ്വീപിലുണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനമാണിതെന്നും വു കൂട്ടിച്ചേർത്തു.

 

 

japan tsunami taiwan earthquake