റഷ്യയിൽ ഭീകരാക്രമണം; മോസ്‌കോയിൽ  വെടിവയ്പ്പും ബോംബാക്രമണവും, 60 കടന്നു മരണസംഖ്യ

20 മിനിറ്റോളം വെടിവയ്പ്പ് നീണ്ടുനിന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.വെടിവയ്പ്പിന് പിന്നാലെ രണ്ട് തവണ ഭീകരർ ഹാളിനുള്ളിലേക്ക് ബോംബ് എറിയുകയും ചെയ്തു. ഇത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു

author-image
Greeshma Rakesh
New Update
russia

terrorist attack in russia

Listen to this article
0.75x 1x 1.5x
00:00 / 00:00

 

മോസ്‌കോ: റഷ്യയിലെ മോസ്‌കോയിൽ സംഗീതനിശയ്‌ക്കിടെയുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 60 കടന്നു.മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.ക്രോക്കസ് സിറ്റി ഹാളിൽ ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. തോക്കുകളുമായെത്തിയ അഞ്ച് ഭീകരർ ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. 20 മിനിറ്റോളം വെടിവയ്പ്പ് നീണ്ടുനിന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.വെടിവയ്പ്പിന് പിന്നാലെ രണ്ട് തവണ ഭീകരർ ഹാളിനുള്ളിലേക്ക് ബോംബ് എറിയുകയും ചെയ്തു. ഇത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.

ആക്രമണമുണ്ടായതിന് തൊട്ടുപിന്നാലെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുള്ള  ഐഎസിന്റെ സന്ദേശം പുറത്ത് വരുന്നത്. ക്രിസ്ത്യാനികളുടെ വലിയൊരു സമ്മേളനത്തിന് നേരെ നടത്തിയ ആക്രമണമെന്നാണ് ഭീകരർ ഇതിനെ വിശേഷിപ്പിച്ചത്. തങ്ങളുടെ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും ഇവർ അവകാശപ്പെട്ടിരുന്നു.

അതേസമയം അക്രമികൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ക്രോക്കസ് സിറ്റി ഹാളിൽ നിന്നുള്ള വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തോക്കുകളുമേന്തി ഇവർ ഹാളിനുള്ളിലൂടെ നടന്ന് നീങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കാവൽക്കാരെ വെടിവച്ച് വീഴ്‌ത്തിയതിന് ശേഷമാണ് അക്രമികൾ സംഗീതനിശ നടക്കുന്ന ഇടത്തേക്ക് കടന്നത്. വിവരമറിഞ്ഞ് റഷ്യൻ സ്‌പെഷ്യൽ ഫോഴ്സ് സ്ഥലത്ത് എത്തുന്നതിന് മുൻപ് തന്നെ അക്രമികൾ രക്ഷപ്പെട്ടിരുന്നു. അക്രമികൾ രക്ഷപ്പെടാൻ ശ്രമിച്ച വാഹനത്തിന്റെ ദൃശ്യങ്ങൾ സഹിതം ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.

ആക്രമണത്തെക്കുറിച്ച് റഷ്യയ്‌ക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി അമേരിക്ക അറിയിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരങ്ങൾ റഷ്യയ്‌ക്ക് കൈമാറിയിരുന്നുവെന്നാണ് അമേരിക്ക അവകാശപ്പെട്ടിരിക്കുന്നത്. സംഗീതനിശകൾ ഉൾപ്പെടെ ആളുകൾ കൂടുന്ന വലിയ പരിപാടികൾ ലക്ഷ്യമിട്ട് ഭീകരർ ആക്രമണങ്ങൾ നടത്താൻ പദ്ധതി ഇടുന്നുണ്ടെന്ന വിവരം റഷ്യയെ അറിയിച്ചുവെന്നാണ് മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ പറയുന്നത്.

 

death russia Terrorist attack moscow