അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യയ്ക്ക് രണ്ടിരട്ടിയല്ല, ആറിരട്ടി അഭിമാനിക്കാനുള്ള വകയുണ്ട്. യു.എസ്. ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ആറ് ഇന്ത്യന്‍ വംശജരാണ്. ഇക്കൂട്ടത്തില്‍ വെര്‍ജീനിയയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍-അമേരിക്കന്‍ അഭിഭാഷകനായ സുഹാസ് സുബ്രഹ്മണ്യത്തിന്റെ നേട്ടമാണ് ഏറെ പ്രാധാന്യമുള്ളത്.
വെര്‍ജീനിയ സംസ്ഥാനത്ത് നിന്നും, അമേരിക്കയുടെ കിഴക്കന്‍തീര സംസ്ഥാനങ്ങളില്‍നിന്നു തന്നെയും ആദ്യമായി ജനപ്രതിനിധി സഭയിലെത്തുന്ന ഇന്ത്യന്‍ വംശജനാണ് സുഹാസ് സുബ്രഹ്മണ്യം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മൈക്ക് ക്ലാന്‍സിയെ പരാജയപ്പെടുത്തിയാണ് സുബ്രഹ്മണ്യം വിജയിച്ചത്. ബരാക്ക് ഒബാമയുടെ വൈറ്റ് ഹൗസ് ഉപദേഷ്ടാവായിരുന്നു സുഹാസ് സുബ്രഹ്മണ്യം.
'കഠിനമായ പോരാട്ടത്തില്‍ വെര്‍ജീനിയയിലെ പത്താം ജില്ലയിലെ ജനങ്ങള്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ചു. ഇത് അഭിമാനകരമായ കാര്യമാണ്. എന്റെ വീട് ഈ ജില്ലയിലാണ്. ഞാന്‍ വിവാഹം ചെയ്തത് ഇവിടെ നിന്നാണ്. എന്റെ പെണ്‍മക്കളെ വളര്‍ത്തുന്നത് ഇവിടെയാണ്. അതിനാല്‍ തന്നെ ഇവിടെയുള്ളവരുടെ പ്രശ്നങ്ങള്‍ വ്യക്തിപരമായി എന്റെ കുടുംബത്തിന്റേതുകൂടിയാണ്. ഇവിടുത്തെ ജനങ്ങളെ വാഷിങ്ടണില്‍ പ്രതിനിധീകരിക്കുക എന്നത് വളരെ അഭിമാനകരമായ കാര്യമാണ്.' -സുഹാസ് സുബ്രഹ്മണ്യം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.
'സമോസ കോക്കസ്' എന്നാണ് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ ജനപ്രതിനിധികളെ വിശേഷിപ്പിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ വംശജരായ അഞ്ചുപേരാണ് ജനപ്രതിനിധിസഭയില്‍ ഉള്ളത്. അമി ബേര, രാജ കൃഷ്ണമൂര്‍ത്തി, റോ ഖന്ന, പ്രമീള ജയ്പാല്‍, ശ്രീ തനേദാര്‍ എന്നിവരാണ് അവര്‍. ഈ അഞ്ചുപേരും ജനപ്രതിനിധി സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടവരാണ്.
അതേസമയം ഫ്‌ളോറിഡയില്‍ അണികളെ അഭിസംബോധന ചെയ്ത ട്രംപ്, അമേരിക്കയുടെ സുവര്‍ണയുഗമാണിതെന്ന് പറഞ്ഞു. റിപ്പബ്ലിക്കന്‍ അനുഭാവികള്‍ കൂട്ടത്തോടെ ഫ്‌ളോറിഡയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വിജയ സാധ്യത മങ്ങിയതോടെ ഡെമോക്രാറ്റിക് ക്യാമ്പുകള്‍ നിശബ്ദമായി. ഡെമോക്രാറ്റ് സ്ഥാനാര്‍ഥി കമല ഹാരിസ് ഇന്ന് മാധ്യമങ്ങളെ കാണില്ലെന്ന് അറിയിച്ചു.
ഇലക്ടറല്‍ വോട്ടുകളില്‍ 267 വോട്ടുകളാണ് ഇതുവരെ ട്രംപ് നേടിയത്. കമലക്ക് 214 വോട്ടുകളും. ആകെയുള്ള 538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ 270 എണ്ണം നേടിയാല്‍ കേവല ഭൂരിപക്ഷമാകും. ഏഴു സ്വിങ് സ്റ്റേറ്റുകളിലും ട്രംപിന് ആധിപത്യം ഉറപ്പിക്കാനായി. ഉപരിസഭയായ സെനറ്റില്‍ നാലു വര്‍ഷത്തിനുശേഷം ഭൂരിപക്ഷം ഉറപ്പിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക്, ജനപ്രതിനിധി സഭയിലും ആധിപത്യം ഉറപ്പിക്കാനായി.
ഓഹിയോ, വെസ്റ്റ് വെര്‍ജീനിയ, നബ്രാസ്‌ക എന്നിവിടങ്ങളില്‍ ജയിച്ചാണ് സെനറ്റില്‍ ഭൂരിപക്ഷം നേടിയത്. അരിസോണ, മിഷിഗന്‍, പെന്‍സല്‍വേനിയ, വിസ്‌കോണ്‍സന്‍ എന്നീ സ്റ്റേറ്റുകള്‍ ട്രംപ് നേടി. മിഷിഗനില്‍ കമല തുടക്കത്തില്‍ മുന്നേറ്റം കാഴ്ചവച്ചെങ്കിലും പിന്നീട് ട്രംപ് അത് മറികടന്നു. വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന പെന്‍സല്‍വേനിയ, വിസ്‌കോണ്‍സന്‍, മിഷിഗന്‍ എന്നീ സ്റ്റേറ്റുകള്‍ കൈവിട്ടതാണ് കമലക്ക് തിരിച്ചടിയായത്.