ധാക്ക: ബംഗ്ലാദേശിൽ തുടരുന്ന സംഘർഷത്തിൽ രണ്ട് സംഭവങ്ങളിലായി അഞ്ച് പേർ മരിച്ചു. 12 ഓളം പേർക്ക് പരിക്കേറ്റു. ധാക്കയിലെ യൂണിവേഴ്സിറ്റി ക്യാംപസിൽ ആരംഭിച്ച സംഘർഷം രാജ്യത്തുടനീളമായി വ്യാപിക്കുകയാണ്. ഗവൺമെന്റ് ജോലി സംവരണ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സംഘർഷം ആരംഭിച്ചത്. മരിച്ചവരിൽ മൂന്ന് പേർ വിദ്യാർത്ഥികളാണ്. ഒരാൾ വഴിയാത്രക്കാരനാണ്. മരിച്ച മറ്റൊരാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ധാക്കയിലെ പബ്ലിക് യൂണിവേഴ്സിറ്റിൽ ഒറ്റ രാത്രികൊണ്ടാണ് സംഘർഷം ഉടലെടുത്തത്.
1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് അനുവദിച്ച സംവരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചത്. ഈ സംവരണ പ്രകാരം സർക്കാർ ജോലികളുടെ 30 ശതമാനവും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്കാണ് അനുവദിച്ചിരിക്കുന്നത്.
വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തതോടെയാണ് ഇത് സംഘർഷത്തിലെത്തിയത്. ഇതോടെ ജഹാൻഗിർ നഗർ യൂണിവേഴ്സിറ്റിയിലേക്കും മറ്റ് യൂണിവേഴ്സിറ്റികളിലേക്കും പ്രതിഷേധം വ്യാപിച്ചു.
സംഘർഷത്തെ തുടർന്ന് ദേശീയ തലത്തിൽ സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ് സർക്കാർ. തിങ്കളാഴ്ച നടന്ന സംഘർഷത്തിൽ ഇതുവരെ 100 ഓളം പേർക്ക് പരിക്കേറ്റുവെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ യുദ്ധത്തിൽ പങ്കെടുത്തവർക്ക് വലിയ പരിഗണന നൽകുമെന്നാണ് ബംഗ്ലാദേശ് മുഖ്യമന്ത്രി ഷെയ്ഖ് ഹസീന കഴിഞ്ഞ ദിവസം പറഞ്ഞത്. 'സ്വന്തം ജീവിതമെന്ന സ്വപ്നം ഉപേക്ഷിച്ച്, കുടുംബത്തെ ഉപേക്ഷിച്ച്, രക്ഷിതാക്കളെയും എല്ലാം ഉപേക്ഷിച്ച്, അവർ യുദ്ധത്തിൽ പങ്കാളികളായി...' എന്നാണ് ധാക്കയിൽ ഷെയ്ഖ് ഹസീന കഴിഞ്ഞ ദിവസം പറഞ്ഞത്.