ബെയ്‌റൂട്ടിലെ ആശുപത്രിക്ക് താഴെ ഹിസ്ബുള്ളയുടെ രഹസ്യ സാമ്പത്തിക കേന്ദ്രമുണ്ടെന്ന് ഇസ്രയേല്‍. ഹിസ്ബുള്ള മുന്‍ മേധാവിയായിരുന്ന ഹസന്‍ നസ്റല്ല നിയന്ത്രിച്ചിരുന്ന ബങ്കറില്‍ 500 മില്യണ്‍ ഡോളര്‍ മൂല്യം വരുന്ന സ്വര്‍ണവും പണവും ഉണ്ടെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ഏകദേശം 4200 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കളാണ് ഹിസ്ബുള്ള ബങ്കറില്‍ ഒളിപ്പിച്ചിരിക്കുന്നത്.
ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം ഈ ആസ്തി വഴിയാണ് ലഭിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലെബനന്റെ പുനരുദ്ധാരണത്തിന് വേണ്ടി ചെലവഴിക്കേണ്ട ഈ സമ്പത്ത് തീവ്രവാദത്തിനാണ് ഹിസ്ബുള്ള ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ബങ്കറില്‍ താമസിക്കാന്‍ കിടക്കകളും മുറികളും സജ്ജീകരിച്ചിരിക്കുന്നു. ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങളുടെ കമാന്‍ഡ് സെന്ററായും ഈ ബങ്കര്‍ പ്രവര്‍ത്തിക്കുകയാണ്. ബെയ്‌റൂട്ടിന്റെ ഹൃദയഭാഗത്തുള്ള അല്‍-സഹേല്‍ ആശുപത്രിയുടെ കീഴിലാണ് ബങ്കര്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഈ ആശുപത്രിയും ബങ്കറും തങ്ങളുടെ ലക്ഷ്യമല്ല എന്നും ഇസ്രയേല്‍ വിശദീകരിച്ചു. ബങ്കര്‍ ബോധപൂര്‍വ്വമാണ് ആശുപത്രിയുടെ കീഴില്‍ സ്ഥാപിച്ചിരിക്കുന്നതെന്നാണ് ഇസ്രയേല്‍ ആരോപണം.
അതില്‍ അര ബില്യണ്‍ ഡോളറിലധികം പണവും സ്വര്‍ണ്ണവുമുണ്ട്. ആ പണം ലെബനനെ പുനരധിവസിപ്പിക്കാന്‍ ഉപയോഗിക്കാമായിരുന്നു എന്ന് ഇസ്രയേല്‍ പറയുന്നു. ഹിസ്ബുള്ളയ്‌ക്കെതിരെ നടപടിയെടുക്കാനും തങ്ങളുടെ വെളിപ്പെടുത്തലില്‍ പറഞ്ഞ സ്ഥലങ്ങള്‍ പരിശോധിക്കാനും ഹഗാരി ലെബനന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഭീകരതയ്ക്കും ഇസ്രായേലിനെ ആക്രമിക്കാനും പണം ഉപയോഗിക്കാന്‍ ഹിസ്ബുള്ളയെ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ആയുധങ്ങള്‍ ഒളിപ്പിക്കാനും തീവ്രവാദികള്‍ക്ക് അഭയം നല്‍കാനും ഹമാസിനെ പോലെ ഹിസ്ബുള്ളയും ആശുപത്രികളും സ്‌കൂളുകളും ഉപയോഗിച്ചതായും ഐഡിഎഫ് ആരോപിച്ചു. പൗരന്‍മാര്‍ക്ക് സേവനങ്ങള്‍ നല്‍കുകയും അതിന്റെ പ്രവര്‍ത്തകര്‍ക്ക് പണം നല്‍കുകയും ചെയ്യുന്ന ഹിസ്ബുള്ളയുടെ സാമ്പത്തിക വിഭാഗമായ അല്‍-ഖര്‍ദ് അല്‍-ഹസന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറാന്‍ എങ്ങനെ ധനസഹായം നല്‍കുന്നുവെന്നും ഹഗാരി വിശദീകരിച്ചു.
ലെബനന്‍ ജനതയും ഇറാന്‍ ഭരണകൂടവുമാണ് ഹിസ്ബുള്ളയുടെ രണ്ട് പ്രധാന വരുമാന സ്രോതസ്സുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിറിയ വഴിയുള്ള പണമിടപാടുകളും ഇറാന്‍ വഴി ലെബനനിലേക്ക് കടത്തിയ സ്വര്‍ണവും ഉള്‍പ്പെടെയുള്ള സാമ്പത്തിക സംവിധാനങ്ങള്‍ ഹിസ്ബുള്ള ഉപയോഗിച്ചു. ലെബനന്‍, സിറിയ, യെമന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ ഹിസ്ബുള്ള നടത്തുന്ന ഫാക്ടറികള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്ന തരത്തില്‍ ഗണ്യമായ വരുമാനം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു എന്നും ഹഗാരി കുറ്റപ്പെടുത്തി.
ഹിസ്ബുള്ളയുടെ ഫണ്ട് ആശുപത്രിക്ക് കീഴില്‍ സൂക്ഷിക്കാന്‍ അനുവദിക്കരുതെന്ന് അദ്ദേഹം ലെബനനിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ പോരാട്ടം സിവിലിയന്മാര്‍ക്കെതിരെയല്ല. ഇസ്രയേലിനെതിരെ ആക്രമണം നടത്തുമ്പോള്‍ ലെബനന്‍ ജനതയെ കവചങ്ങളായി ഉപയോഗിക്കുന്ന ഇറാന്‍ പിന്തുണയുള്ള ഭീകര സംഘടനയ്‌ക്കെതിരെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച ഹിസ്ബുള്ളയുടെ സാമ്പത്തിക സ്രോതസുകളെ ലക്ഷ്യമാക്കി ഇസ്രായേല്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. സാമ്പത്തിക, ലോജിസ്റ്റിക്കല്‍ ഹബ്ബുകള്‍ ഉള്‍പ്പെടെ, 24 മണിക്കൂറിനുള്ളില്‍ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ 300-ലധികം ആക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തിയത്. അല്‍-ഖര്‍ദ് അല്‍-ഹസ്സന്‍ കേന്ദ്രങ്ങളിലായിരുന്നു ആക്രമണങ്ങളില്‍ ഭൂരിഭാഗവും നടത്തിയത്.
1980 കള്‍ മുതല്‍ അല്‍-ഖര്‍ദ് അല്‍-ഹസ്സന്‍ ലെബനനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഔദ്യോഗികമായി ചാരിറ്റിയായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഈ സ്ഥാപനം ഹിസ്ബുള്ളയുടെ സാമ്പത്തിക ശൃംഖലയിലെ ഒരു നിര്‍ണായക ആസ്തിയാണെന്നാണ് ഇസ്രയേലും യുഎസും ഒരുപോലെ അവകാശപ്പെടുന്നത്.