ഒറ്റയടിക്ക് പൊട്ടിയത് 400 ഷാഹെദ് ഡ്രോണുകള്‍; അന്തംവിട്ട് റഷ്യ

ഒരിടവേളയ്ക്ക് ശേഷം അടുത്ത കാലത്ത് വീണ്ടും രൂക്ഷമായ റഷ്യ-യുക്രൈന്‍ യുദ്ധത്തിനെ കുറിച്ചുള്ള ഭീതിപ്പെടുത്ത വാര്‍ത്തകള്‍ പുറത്തുവരുന്നു. കഴിഞ്ഞ രാത്രി ഡ്രോണുകള്‍ അടങ്ങിയ റഷ്യയിലെ ഒരു സൈനിക കേന്ദ്രം തകര്‍ത്തിരിക്കുകയാണ് യുക്രൈന്‍ സൈന്യം.

author-image
Rajesh T L
New Update
gg

ഒരിടവേളയ്ക്ക് ശേഷം അടുത്ത കാലത്ത് വീണ്ടും രൂക്ഷമായ റഷ്യ-യുക്രൈന്‍ യുദ്ധത്തിനെ കുറിച്ചുള്ള ഭീതിപ്പെടുത്ത വാര്‍ത്തകള്‍ പുറത്തുവരുന്നു. കഴിഞ്ഞ രാത്രി ഡ്രോണുകള്‍ അടങ്ങിയ റഷ്യയിലെ ഒരു സൈനിക കേന്ദ്രം തകര്‍ത്തിരിക്കുകയാണ് യുക്രൈന്‍ സൈന്യം. റഷ്യയുടെ തെക്കന്‍ ക്രാസ്‌നോദര്‍ മേഖലയിലെ ഒക്ത്യാബ്രസ്‌കി ഗ്രാമത്തിനടുത്തുള്ള താവളത്തിലാണ് യുക്രെയ്ന്‍ ആക്രമണം നടത്തിയത്. ഒരേ സമയം ഇവിടെ പൊട്ടിത്തകര്‍ന്നത് 400 ഷാഹെദ് ഡ്രോണുകളാണ്. ഇവിടെ തമ്പടിച്ചിരിക്കുന്ന റഷ്യന്‍ സൈനികര്‍ക്ക്, എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുമ്പ് നിമിഷങ്ങള്‍ക്കകം 400 ഷാഹെദ് ഡ്രോണുകള്‍ പൊട്ടിത്തെറിച്ചത്.

എക്സിലൂടെ പുറത്ത് വന്ന വിഡിയോയില്‍ പ്രദേശമാകെ പടര്‍ന്ന തീനാളങ്ങള്‍ കാണാനാകും. ആക്രമണത്തില്‍ ഏതൊക്കെ ആയുധങ്ങളാണ് യുക്രെയ്ന്‍ ഉപയോഗിച്ചതെന്ന വിവരം പുറത്തുവന്നിട്ടില്ല. എന്നാല്‍ ദീര്‍ഘദൂര കാമികേസ് ഡ്രോണുകളും നെപ്റ്റിയൂണ്‍ മിസൈലുകളുമാണ് യുക്രെയ്ന്‍ ഉപയോഗിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ദീര്‍ഘദൂര പ്രവര്‍ത്തനങ്ങള്‍ക്കും ചാവേര്‍ ദൗത്യ രൂപകല്പനയ്ക്കും പേരുകേട്ടതാണ് ഷാഹെദ് 136 ഡ്രോണ്‍. കാമികേസ് അല്ലെങ്കില്‍ സൂയിസൈഡ് ഡ്രോണുകള്‍ എന്നും അറിയപ്പെടുന്ന ഷാഹെദ് ഡ്രോണുകള്‍ ചെലവ് കുറഞ്ഞതും മാരകവുമായ ആയുധ സംവിധാനമാണ്. 2,500 കിലോമീറ്റര്‍ ദൂരവും 12 മണിക്കൂര്‍ വരെ ചുറ്റിക്കറങ്ങാനുള്ള കഴിവും ഉള്ള ഷാഹെദ് 136 ലക്ഷ്യത്തിലേക്ക് സ്വയം പറന്നിറങ്ങാനും 30 കിലോഗ്രാം വരെയുള്ള പേലോഡ് ഉപയോഗിച്ച് ആക്രമണം നടത്താന്‍ കഴിയുന്നതുമാണ്.

ചൈന ഉല്‍പ്പാദിപ്പിക്കുന്ന എംഡ-550 എഞ്ചിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിച്ച ആദ്യ ഷഹെദ് യുഎവികള്‍ക്ക് മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗതയില്‍ ലക്ഷ്യത്തില്‍ എത്താന്‍ കഴിയുമായിരുന്നു. 

ഒരു ഷാഹെദ്-136 ഡ്രോണ്‍ നിര്‍മ്മിക്കാന്‍ 50,000 ഡോളര്‍ ചിലവാകും. എന്നാല്‍ സമാന ശ്രേണിയിലുള്ള ഒരു ക്രൂയിസ് മിസൈലിന് സാധാരണയായി 1 മില്യണിലധികം ഡോളര്‍ വിലവരും. അങ്ങനെ നോക്കിയാല്‍ 400 ഷാഹെദ് ഡ്രോണുകള്‍ നശിപ്പിച്ചതിലൂടെ കനത്ത നാശനഷ്ടമാണ് റഷ്യയ്ക്ക് ഉണ്ടായിരിക്കുന്നത്.

റഷ്യയുടെ അതിവിനാശകാരിയായി അറിയപ്പെടുന്ന സാത്താന്‍- 2 മിസൈല്‍ യുക്രെയ്നെതിരെ പ്രയോഗിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യുക്രെയ്ന്‍ ആക്രമണം നടത്തിയതെന്നതും ശ്രദ്ധേയമാണ്.

ഭൂമിയുടെ രണ്ട് ധ്രുവങ്ങളിലേക്കും എത്താന്‍ കെല്‍പ്പുള്ള പ്രഹരശേഷിയും 10 മുതല്‍ 15 വരെ ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുമുള്ള ഏത് പ്രതിരോധ സംവിധാനവും തകര്‍ക്കാന്‍ കഴിവുള്ള മിസൈലാണ് സാത്താന്‍- 2. നാറ്റോയ്ക്കും അമേരിക്കയ്ക്കുമുള്ള പുടിന്റെ മുന്നറിയിപ്പാണ് സാത്താന്‍ എന്നായിരുന്നു ലോകരാജ്യങ്ങള്‍ റഷ്യയുടെ ഈ നീക്കത്തെ പറ്റി വിശേഷിപ്പിച്ചിരുന്നത്. ആയുധശേഖരങ്ങളുടെ കൂട്ടത്തിലെ വമ്പനായി കൂട്ടിച്ചേര്‍ത്ത സാത്താനെ റഷ്യ പ്രയോഗിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ലോകം മുഴുവന്‍ അനുഭവിക്കേണ്ടി വരും എന്നത് തീര്‍ച്ചയാണ്.

attack

അമേരിക്ക ജപ്പാനില്‍ അണുബോംബ് വര്‍ഷിച്ചത് പതിറ്റാണ്ടുകളോളം ആ രാജ്യത്തിന്റെ ജീവിതഗതിയെ മാറ്റിയത് പോലെയായിരിക്കില്ല, സാത്താന്റെ കൈ പതിഞ്ഞാല്‍ യുക്രെയ്‌നും യുക്രെയിനെ സഹായിക്കാനെത്തിയ അമേരിക്കയ്ക്കും അടിത്തറ പോലുമുണ്ടാകില്ല. ലോക സൈനികശക്തിയെന്ന് അടിയുറച്ച് വിശ്വസിക്കുന്ന അമേരിക്കയുടെ സൈനികബലമൊന്നും സാത്താന് മുന്നില്‍ വിലപ്പോകില്ല. ആണവായുധങ്ങള്‍ വരെ വഹിക്കാനാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിനെ റഷ്യ വിന്യസിക്കുന്നത് തന്നെ ആദ്യമായിട്ടാണ്.

റഷ്യയുടെ പക്കലുള്ള ഏറ്റവും പ്രഹരശേഷിയുള്ള മാരക മിസൈലായ സാത്താനെ 2018 ലാണ് റഷ്യ അവതരിപ്പിക്കുന്നത്. ഏത് പ്രതിരോധ സംവിധാനവും തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണ് സാത്താന്‍ 2 എന്നായിരുന്നു മിസൈല്‍ അവതരിപ്പിച്ചുകൊണ്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞത്. പത്തോ അതില്‍ കൂടുതലോ പോര്‍മുനകള്‍ ഓരോ മിസൈലിലും ഉള്‍പ്പെടുത്താനാകും. ഭൂമിയിലെ ഏത് ലക്ഷ്യത്തേയും തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണിതെന്നും ആര്‍എസ് 28 സാര്‍മാട്ടിനെ പരിചയപ്പെടുത്തിക്കൊണ്ട് പുടിന്‍ പറഞ്ഞത് ശരിക്കും അമേരിക്ക പോലുള്ള യുദ്ധക്കൊതിയന്‍മാര്‍ക്കുള്ള ഒരു ഭീഷണിയായിട്ട് തന്നെയാണ്.

200 ടണ്ണിലേറെ ഭാരമുള്ള സാത്താന്‍ 16,000 മൈല്‍ വേഗത്തില്‍ കുതിക്കാന്‍ ശേഷിയുള്ളതാണ്. ഭൂമിയിലെ ഏത് ലക്ഷ്യത്തേയും തകര്‍ക്കാന്‍ ശേഷിയുള്ള സാത്താന് ഭീഷണിമുഴക്കാന്‍ ഒരു സൈനികശക്തിക്കും സാധിക്കില്ല. യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു മിസൈലിന്റെ വരവുകൂടിയായത് ലോകം ആശങ്കയോടെയാണ് കാണുന്നത്. അമേരിക്കയുടെ പിന്തുണയ്‌ക്കൊപ്പം സൈനിക ബലവും കൂടി ചേര്‍ത്ത് റഷ്യന്‍ സൈന്യത്തോട് പിടിച്ചുനില്‍ക്കാന്‍ യുക്രെയിന് സാധിക്കുന്നുണ്ടെങ്കിലും അത് എത്രനാള്‍ എന്നതില്‍ സംശയമാണ്. ഒരു ശക്തമായ മിസൈല്‍ ആക്രമണം റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ അമേരിക്ക പോലും ഭയന്നോടാനുള്ള സാധ്യതയുണ്ട്.

russia ukrain war Drone attack rasia ukrain war