ഇസ്രയേല്‍-ഹമാസ് യുദ്ധം, ഇപ്പോള്‍ ഇറാന്‍ - ഇസ്രയേല്‍ യുദ്ധമായി മാറിയിരിക്കുന്നു. പശ്ചിമേഷ്യയിലാകെ യുദ്ധം ഭീതി പരത്തിയിരിക്കുന്നു. അതിനിടെ, ആശങ്ക ഉയര്‍ത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
കനത്ത ആക്രമണമാണ് ഹിസ്ബുള്ളയും ഇറാനും ചേര്‍ന്ന് ഇസ്രയേലിലേക്ക് നടത്തുന്നത്. ഇസ്രയേലിനെ വിറപ്പിച്ച് കഴിഞ്ഞ ദിവസമാണ് ഇറാന്‍ ആക്രമണം നടത്തിയത്. ഇനിയും ഇറാന്‍ ആക്രമിക്കും എന്നു വ്യക്തമാണ്. അതിനിടയിലാണ്, അമേരിക്കന്‍ സൈനികര്‍ ഇസ്രയേലില്‍ എത്തുന്നു എന്ന വാര്‍ത്ത പുറത്തുവരുന്നത്.
ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെ തടയാനാണ് അമേരിക്കന്‍ സൈനികര്‍ ഇസ്രായേലില്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബാലിസ്റ്റിക് മിസൈലുകളെ തകര്‍ക്കാന്‍ കഴിയുന്ന വ്യോമപ്രതിരോധ സംവിധാനമായ ടിഎച്ച്എഎഡി പ്രവര്‍ത്തിപ്പിക്കാനാണ് അമേരിക്കന്‍ സൈനികര്‍ ഇസ്രായേലില്‍ എത്തുന്നത്. ഏകദേശം 3000 അമേരിക്കന്‍ സൈനികരായിരിക്കും ഇനി യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കുക.
അതേസമയം, തെക്കന്‍ ലെബനാനിലെ പൗരാണിക മുസ്ലിം പള്ളി ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തിട്ടുണ്ട്. നബാത്തിയ പ്രദേശത്തെ കഫര്‍ തിബ്‌നിറ്റ് പള്ളിയാണ് ബോംബാക്രമണത്തില്‍ തകര്‍ന്നത്. പ്രദേശത്തെ മറ്റു പല കെട്ടിടങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായതായി ലെബനീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
തെക്കന്‍ ലെബനനില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച ഏഴ് സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജൂതന്‍മാരുടെ പ്രധാന അവധി ദിവസമായ യോം കിപ്പൂര്‍ ദിനത്തില്‍ മാത്രം അധിനിവേശ പ്രദേശങ്ങളിലേക്ക് 320 മിസൈലുകള്‍ അയച്ചതായി ഹിസ്ബുള്ളയും അറിയിച്ചു. ഞായറാഴ്ച്ച രാവിലെ മാത്രം 12 സൈനിക ഓപ്പറേഷനുകളാണ് ഹിസ്ബുള്ള നടത്തിയത്.
പിന്നാലെ കടുത്ത ആക്രമണത്തിനാണ് ഇസ്രയേല്‍ ഒരുങ്ങുന്നതെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നു.ഇതിന്റെ ഭാഗമായി തെക്കന്‍ ലെബനനിലുള്ളവര്‍ക്കു നേരെ പലായനത്തിന് സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍. ഹിസ്ബുള്ള ഉപയോഗിക്കുന്ന ആംബുലന്‍സുകളെയടക്കം ലക്ഷ്യമിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പടിഞ്ഞാറന്‍ ബേക്കാ താഴ് വരയില്‍ നിന്ന് മെഡിറ്ററേനിയനിലേക്ക് ഒഴുകുന്ന അവാലി നദിയുടെ വടക്ക് ഭാഗത്തേക്ക് ഒഴിഞ്ഞുപോകാന്‍ 23 തെക്കന്‍ ലെബനീസ് ഗ്രാമങ്ങളിലെ താമസക്കാരോട് ഇസ്രയേല്‍ സൈന്യം ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ട്. തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ ലക്ഷ്യമിട്ട ഗ്രാമങ്ങളില്‍ പലതും ഇതിനകം ശൂന്യമായിട്ടുണ്ട്.
ഹിസ്ബുള്ള അംഗങ്ങള്‍ക്ക് സഞ്ചരിക്കാനും ആയുധങ്ങള്‍ കടത്താനും ആംബുലന്‍സുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഇസ്രായേലി സൈന്യം ആരോപിച്ചു. കൂടാതെ ഹിസ്ബുള്ള പ്രവര്‍ത്തകരുമായി ഇടപെടുന്നത് ഒഴിവാക്കാനും അവരുമായി സഹകരിക്കരുതെന്നും മെഡിക്കല്‍ ടീമുകള്‍ക്ക് സൈന്യം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സായുധരായ ആളുകളെ കൊണ്ടുപോകുന്ന ഏത് വാഹനത്തെയും അതിന്റെ നില പരിഗണിക്കാതെ ലക്ഷ്യമിടുമെന്ന് എക്സിലെ പോസ്റ്റില്‍ ഐ.ഡി.എഫ് വക്താവ് വ്യക്തമാക്കുന്നു.
കിഴക്കന്‍ നഗരമായ ബാല്‍ബെക്കിലും ബെക്കാ താഴ് വരയിലും ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് ആശുപത്രികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍, ഇസ്രായേല്‍ സൈന്യം ഇതിനോട് പ്രതികരിച്ചിട്ടില്ല.
ലെബനനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 50 പാരാമെഡിക്കല്‍ സ്റ്റാഫുകളെങ്കിലും കൊല്ലപ്പെട്ടതായി ഗാര്‍ഡിയന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എല്ലാവരും ഹിസ്ബുള്ളയുമായോ മറ്റു ഷിയാ അനുകൂല സംഘടനകളുമായോ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആരോഗ്യ പരിപാലന സേവനങ്ങളില്‍ പെട്ടവരാണ്.
മെഡിക്കല്‍ ചാരിറ്റിയായ മെഡിസിന്‍സ് ആന്‍സ് ഫ്രോണ്ടിയേഴ്‌സ് കഴിഞ്ഞയാഴ്ച ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തുള്ള ക്ലിനിക്ക് അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായെന്നും പറയുന്നു. കനത്ത വ്യോമാക്രമണം കാരണം പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി സംഘം പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.