മനാമ: കുവൈത്തിലെ ദുരന്തത്തിന് പിന്നാലെ ബഹ്റൈനിലെ മനാമ മാർക്കറ്റിൽ നടന്ന തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്.ഒമ്പത് പേർക്ക് പരിക്കേറ്റതായും തീപിടിത്തത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ബഹ്റൈൻ സിവിൽ ഡിഫൻസ് അറിയിച്ചു.ഓൾഡ് മനാമ മാർക്കറ്റിലുള്ള വ്യാപാര സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും ബുധനാഴ്ചയായിരുന്നു തീപിടിച്ചത്.
മരിച്ചവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. പരിക്കേറ്റവർ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.മാർക്കറ്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് 25ഓളം കടകൾ കത്തിനശിച്ചിരുന്നു. അഗ്നിമശമന സേനയുടെ 16 ഫയർ എഞ്ചിനുകളും 63 രക്ഷാപ്രവർത്തകരും ചേർന്നാണ് തീയണച്ചത്.
കുവൈത്തിലെ തീപിടിത്തിൽ 50 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിൽ 23 പേരും മലയാളികളാണ്. ഇവരുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെയാണ് കൊച്ചിയിലെത്തിച്ചത്. പ്രത്യേക ആംബുലൻസുകളിൽ ഓരോരുത്തരുടേയും മൃതദേഹങ്ങൾ വീട്ടിലേക്ക് കൊണ്ടുപോയി.