യെമൻ തുറമുഖത്തെ വ്യോമാക്രമണം ഹൂതികൾ നിരന്തരം തുടരുന്ന പ്രകോപനങ്ങൾക്കുള്ള മറുപടിയെന്ന് ഇസ്രായേൽ.ഹൂതികൾ 200-ലധികം തവണയാണ് ഇസ്രായേലിൽ ആക്രമണം നടത്തിയതെന്നും രാജ്യത്തിന് ഭീഷണിയാകുന്ന ആക്രമണങ്ങളെ സൈന്യം തടയുമെന്നും പ്രതിരോധവലയം തീർക്കുമെന്നും പ്രതിരോധമന്ത്രി യോവ് ഗാലന്റ് അറിയിച്ചു. ഇസ്രായേൽ പൗരന്മാരുടെ രക്തത്തിന് വിലയുണ്ട്, ഇനിയും ആക്രമണത്തിന് മുതിർന്നാൽ ഹൂതികൾക്കെതിരെ കൂടുതൽ ഓപ്പറേഷനുകൾ നടത്തുമെന്ന മുന്നറിയിപ്പും മന്ത്രി നൽകി.
ഇന്നലെയാണ് യമനിലെ ഹൂതി നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്ത് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്.മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. 87 പേർക്ക് പരിക്കേറ്റതായും ഹൂതികൾ അറിയിച്ചു.ആക്രമണത്തിൽ തുറമുഖത്തോട് ചേർന്നുള്ള എണ്ണ സംഭരണ കേന്ദ്രങ്ങൾ കത്തി നശിച്ചു.
കഴിഞ്ഞ ദിവസം ടെൽ അവീവിൽ ഹൂതി ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേൽ പ്രത്യാക്രമണം നടത്തുമെന്ന് ആഹ്വാനം ചെയ്തത്. തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. ചെങ്കടലിലെ ഹൂതി ഇടപെടൽ സൂയസ് കനാൽ വഴിയുള്ള ചരക്കുകടത്തിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇസ്രായേൽ ബന്ധം സംശയിക്കുന്നെന്ന പേരിൽ നിരവധി കപ്പലുകൾക്ക് നേരെയാണ് ഹൂതി ആക്രമണമുണ്ടായത്.