പാക്കിസ്ഥാനിലെ ബലുചിസ്ഥാനില്‍ ആയുധധാരികള്‍ നടത്തിയ രണ്ടു വ്യത്യസ്ത ആക്രമണങ്ങളില്‍ 33 പേര്‍ കൊല്ലപ്പെട്ടു. മുസാഖേല്‍ ജില്ലയിലുണ്ടായ ആക്രമണത്തില്‍ പഞ്ചാബ് പ്രവിശ്യയില്‍നിന്നുള്ള 23 പേരാണു കൊല്ലപ്പെട്ടത്. ആധുധധാരികള്‍ ഇവരെ ബസില്‍നിന്നു പിടിച്ചിറക്കി തിരിച്ചറിയല്‍രേഖ പരിശോധിച്ചാണു കൊലപ്പെടുത്തിയത്. ഇവരില്‍പ്പലരും തെക്കന്‍ പഞ്ചാബില്‍നിന്നുള്ളവരാണ്. ഖൈബര്‍ പഖ്തുഖ്വയില്‍നിന്നുള്ള ചിലരും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു. ഖലാത് ജില്ലയിലുണ്ടായ ആക്രമണത്തില്‍ 10 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ നാലു പൊലീസുകാരും ഉള്‍പ്പെടുന്നു.
ഓഗസ്റ്റ് 24ന് രാത്രിയിലാണ് ബലൂചിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം ഉണ്ടായതെന്ന് സുരക്ഷാ സേനയെ ഉദ്ധരിച്ച് പാക്ക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മുസാഖേലിലെ ദേശീയപാതയില്‍ 12 വാഹനങ്ങള്‍ ഭീകരര്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. മറ്റൊരു ആക്രമണത്തില്‍ ബോലാനിലെ ഡോസാന്‍ മേഖലയില്‍ റെയില്‍വേ പാലം തകര്‍ന്നു. പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ തീരെ വികസിച്ചിട്ടില്ലാത്ത മേഖലയാണിത്. മേഖലയില്‍ ജോലി ചെയ്യുന്ന പഞ്ചാബികള്‍ക്കും സിന്ധികള്‍ക്കും നേര്‍ക്ക് ബലൂച് വിഘടനവാദികള്‍ ആക്രമണം കടുപ്പിക്കാറുണ്ട്.
വിദേശ കമ്പനികള്‍ക്കുനേരെയും ആക്രമണം ഉണ്ടാകാറുണ്ട്. പ്രവിശ്യയെ പരിഗണിക്കാതെ അവിടെനിന്നു ലഭിക്കുന്നത് മറ്റു നാട്ടുകാര്‍ വേണ്ടി ഉപയോഗിക്കുന്നുവെന്നാണ് ഇവരുടെ പരാതി. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ഏറ്റെടുത്തു. പ്രസിഡന്റ് ആസിഫലി സര്‍ദാരിയും പ്രധാനമന്ത്രി ഷെഹബാസ് ഷരീഫും ആക്രമണത്തെ അപലപിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം 170 ഭീകരാക്രമണങ്ങള്‍ ബലൂചിസ്ഥാനില്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍. 151 സാധാരണക്കാരാണ് ഇതില്‍ കൊല്ലപ്പെട്ടത്. 114 സുരക്ഷാ ജീവനക്കാരും മരിച്ചു.